കോട്ടയം: പാലായില്‍ 450 കോടിയുടെ വികസനം സാധ്യമാക്കിയെന്ന തരത്തിലുള്ള മാണി സി കാപ്പന്‍റെ തെരെഞ്ഞെടുപ്പ് മുദ്രാവാക്യത്തിനെതിരെ യുഡിഎഫില്‍ തന്നെ മുറുമുറുപ്പ്. കാപ്പൻ്റെ ഇല്ലാത്ത വികസന മേനി പറച്ചിൽ, ജനത്തെ എതിരാക്കുമെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന യുഡിഎഫ് നേതാക്കളുടെ യോഗത്തില്‍ നേതാക്കള്‍ കാപ്പന് മുന്നറിയിപ്പ് നല്‍കിയതായാണ് സൂചന.
പാലാ മണ്ഡലത്തിലെ യുഡിഎഫ് നേതാക്കളുടെ ഉന്നതാധികാര സമിതി യോഗത്തിലാണ് കാപ്പൻ്റെ വീമ്പു പറച്ചിലിനെതിരെ ചിലർ വിമർശനമുയർത്തിയത്.
ഉള്ള കാര്യങ്ങൾ പറഞ്ഞാൽ മതി. ഇല്ലാത്ത വികസന കാര്യങ്ങൾ കാട്ടി നോട്ടീസ് അടിച്ചു പ്രസിദ്ധപ്പെടുത്തുന്നത് ജനങ്ങൾക്കുമുന്നിൽ ജാള്യരാകാനേ ഉപകരിക്കൂവെന്ന് യുഡിഎഫ് നേതാക്കൾ തുറന്നടിച്ചു.
മേലിൽ ചെയ്യാത്ത വികസന കാര്യങ്ങളെക്കുറിച്ചോ, കോടികൾ അനുവദിച്ചു എന്നതിനെ കുറിച്ചോ കാപ്പൻ കമാന്നു മിണ്ടേണ്ടതില്ല. പകരം ജോസ് കെ മാണിക്കെതിരെയുള്ള പരാമർശങ്ങൾ മാത്രം മതി. ഒപ്പം ഇനി ചെയ്യാൻ പോകുന്ന വികസന കാര്യങ്ങളെക്കുറിച്ച് മാത്രം പറഞ്ഞാലും മതി എന്ന് കോൺഗ്രസിലെ ചില നേതാക്കൾ യോഗത്തിൽ കാപ്പനെ ഓർമിപ്പിച്ചു.
"ചിലർ വരുമ്പോൾ ചരിത്രം വഴിമാറുമെന്നും വേണം നമുക്ക് ഒരു വികസിത പാല" എന്നുമുള്ള തലക്കെട്ടിൽ ഇറക്കിയ നോട്ടീസ് വോട്ടർമാർക്കിടയിൽ ആകപ്പാടെ ആശങ്കയും തെറ്റിദ്ധാരണയും പരത്തുന്നതാണെന്ന് യുഡിഎഫ് ഘടകകക്ഷി നേതാക്കൾ യോഗത്തിൽ ചൂണ്ടിക്കാട്ടി.
ഉദാഹരണത്തിന് നോട്ടീസിൽ ആദ്യം കൊടുത്തിരിക്കുന്നത് കളരിയാമ്മാക്കൽ പാലം അപ്രോച്ച് റോഡിന് സ്ഥലം ഏറ്റെടുക്കുന്ന നടപടികൾ സ്വീകരിച്ചു എന്നാണ്. പ്രസ്താവനയല്ലാതെ ഒരു തുടർ നടപടിയും സ്വീകരിക്കാൻ കാപ്പന് കഴിഞ്ഞില്ല. കഴിഞ്ഞ ഉപതെരെഞ്ഞെടുപ്പില്‍ പാലം തുറന്നു കൊടുക്കുമെന്ന് കാപ്പനും എല്‍ഡിഎഫും ഉറപ്പ് നല്കിയിരുന്നു.
ചേർപ്പുങ്കൽ - ഭരണങ്ങാനം ബൈപ്പാസിന് കിഫ്ബി സഹായത്തോടെ 17 കോടി അനുവദിച്ചു പണി ആരംഭിച്ചു എന്നാണ് കാപ്പൻ്റെ പ്രസ്താവനയിൽ പറയുന്നത്. വാസ്തവം എന്താണെന്ന് ഈ റോഡിന് സമീപത്തുള്ള ജനങ്ങൾക്ക് തന്നെ വ്യക്തമാകില്ലേയെന്ന് യുഡിഎഫ് നേതാക്കൾ യോഗത്തിൽ ചോദിച്ചപ്പോൾ കാപ്പന് മറുപടി ഉണ്ടായില്ല.
പാലാ ബൈപ്പാസിന്‍റെ സിവില്‍ സ്റ്റേഷന്‍ ഭാഗത്ത് കുപ്പിക്കഴുത്ത് പോലുള്ള ഭാഗം ജയിച്ചു വന്നാല്‍ 30 ദിവസം കൊണ്ട് വീതി കൂട്ടി ഗതാഗത യോഗ്യമാക്കുമെന്നായിരുന്നു പ്രചരണം. തെരെഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ സെപ്റ്റംബര്‍ 30 നകം വീതി കൂട്ടിയ ഭാഗത്തുകൂടി വാഹനം ഓടുമെന്ന് ഉറപ്പ് നല്കി.
'ചിലര്‍ വരുമ്പോള്‍ ചരിത്രം വഴി മാറുമെന്ന് ' ഫ്ലക്സ് സ്ഥാപിച്ചായിരുന്നു ഈ പ്രചരണം. അതും നടന്നില്ല. അവിടെയാണ് കഴിഞ്ഞ ദിവസം കോടതി ഉത്തരവ് പ്രകാരം സ്ഥലം ഏറ്റെടുക്കല്‍ പ്രക്രിയ ആരംഭിച്ചത് കാപ്പന്‍ വിഭാഗം വാര്‍ത്തയാക്കി മുതലെടുപ്പിന് ശ്രമിച്ചത്.
സ്ഥലമേറ്റെടുപ്പ് നടപടികൾ പൂർത്തിയായിരുന്നു. സ്ഥലം ഉടമകൾക്ക് തുക ട്രഷറിയിൽ വന്നുതുടങ്ങിയ കാര്യങ്ങൾ ഇക്കാര്യത്തിലുള്ള സർക്കാർ നടപടി ക്രമങ്ങൾ മനസ്സിലാക്കാതെ തട്ടി വിട്ടത് കാപ്പൻ്റെ അറിവില്ലായ്മയായി ഇടതു മുന്നണി ഉയർത്തിക്കാട്ടിയ കാര്യവും യുഡിഎഫ് നേതാക്കൾ യോഗത്തിൽ പറഞ്ഞു.
സ്ഥലം ഉടമകളിൽ ഒരാളുടെ പോലും കൈകളിലേക്ക് ഇതേവരെ പണം എത്തിയിട്ടില്ല. ഇക്കാര്യത്തിൽ ഇപ്പോൾ ജോസ് കെ മാണിയെ ചാരി രക്ഷപ്പെടുന്നത് ജനങ്ങളുടെ മുമ്പിൽ സ്വയം പരിഹാസ്യനാകാനേ ഉപകരിക്കൂവെന്ന് കാപ്പൻ മനസ്സിലാക്കണമെന്നും യുഡിഎഫ് നേതാക്കൾ തുറന്നടിച്ചതായാണ് സൂചന.
അതുപോലെതന്നെ പാലാ - കടുത്തുരുത്തി നിയോജക മണ്ഡലങ്ങൾ കൂട്ടിച്ചേർക്കുന്ന ചേർപ്പുങ്കൽ പാലം പണി മുടങ്ങിക്കിടന്നത് ഉന്നതതലയോഗം വിളിച്ചു നിർമ്മാണം പുനരാരംഭിച്ചു എന്നാണ് കാപ്പനിറക്കിയ വികസന നോട്ടീസിൽ പറയുന്നത്. ഈ പച്ചക്കള്ളം മേലിൽ പറയരുതെന്ന് നേതാക്കൾ മുന്നറിയിപ്പു നൽകി.
20 കോടി ചെലവിട്ട അരുണാപുരം ചെക്ക്ഡാം കം പാലത്തിൻ്റെ പണികൾ പുനരാരംഭിച്ചതായി അറിയിച്ച് കാപ്പൻ പത്ര പ്രസ്താവനയിറക്കിയതു തെറ്റായിപ്പോയില്ലേയെന്ന് ചില നേതാക്കൾ യോഗത്തിൽ ചോദിച്ചു.
അരുണാപുരം പാലത്തിനായി ജലവിഭവ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നൂവെന്നു മാത്രം പറഞ്ഞ് കാപ്പൻ തടിതപ്പി. ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞു നടന്നാല്‍ പ്രചരണം അടുത്ത ഘട്ടത്തിലേയ്ക്ക് പ്രവേശിക്കുമ്പോള്‍ മറുപക്ഷം യുഡിഎഫിനെ പ്രതിരോധത്തില്‍ ആക്കുമെന്നും യുഡിഎഫ് നേതാക്കള്‍ക്കു ഇത്തരം അബദ്ധങ്ങള്‍ക്ക് മറുപടി പറയേണ്ടി വരുന്ന സാഹചര്യം ഉണ്ടാക്കരുതെന്നുമായിരുന്നു ജില്ലാ ഭാരവാഹിയായ നേതാവ് പറഞ്ഞത്.
കൂടപ്പലം, ചക്കമ്പുഴ, ഐന്കൊമ്പു, അരുണാപൂരം സ്കൂളുകള്‍ക്ക് ഓരോ കോടി വീതം 4 കോടി വാക്ക് നല്കിയിരുന്നു. അതെല്ലാം വലിയ വാര്‍ത്തകളും ആയിരുന്നു. പക്ഷേ ഒന്നും സംഭവിച്ചില്ല. ഇതെല്ലാം കാപ്പനെതിരെ പ്രചാരണായുധമാക്കി മാറ്റാന്‍ ഇടതുപക്ഷം ആലോചിക്കുന്നതിനിടയിലാണ് യുഡിഎഫിന്‍റെ ഇടപെടല്‍.
നാനൂറ്റമ്പത് കോടിയുടെ വികസനം പറയുന്ന കാപ്പനോടു പൂര്‍ത്തിയായ പദ്ധതികള്‍ ചൂണ്ടികാണിച്ചു തരാന്‍ പറഞ്ഞാല്‍ ആകെയുള്ളത് പാലായിലും പരിസരങ്ങളിലുമായി പൂര്‍ത്തിയാക്കിയ 4 വെയിറ്റിങ് ഷെഡുകള്‍ മാത്രമാണെന്ന അടക്കം പറച്ചില്‍ പാലായില്‍ ശക്തമാണ്.
മറുവശത്ത് കോടികള്‍ മുടക്കി പ്രവര്‍ത്തനം തുടങ്ങിയ കോഴയിലെ സയന്‍സ് സിറ്റിയും വലവൂര്‍ ട്രിപ്പിള്‍ ഐടിയും പോലുള്ള ദക്ഷിണേന്ത്യയിലെ തന്നെ വമ്പന്‍ പ്രൊജക്ടുകള്‍ ഉയര്‍ത്തിക്കാട്ടിയാണ് ജോസ് കെ മാണി തെരെഞ്ഞെടുപ്പിനെ നേരിടുന്നത്.