പാലക്കാട് : സ്വര്‍ണം മോഷ്ടിക്കാനായി അമ്മയെയും മകളെയും കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ. പന്ത്രണ്ടുവര്‍ഷം മുന്‍പ് പാലക്കാട് കാരാകുര്‍ശിയില്‍ നടന്ന ഇരട്ടക്കൊലപാതക കേസിലാണ് മണ്ണാര്‍ക്കാട് മുന്‍സിഫ് മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്. കുരാകുര്‍ശി സ്വദേശികളായ സുരേഷ്, അയ്യപ്പൻകുട്ടി എന്നിവരാണ് പ്രതികള്‍.
/sathyam/media/post_attachments/6rZhbIKTvgGTpkmlXaxR.jpg)
ഇരട്ടക്കൊലപാതകം, അതിക്രമിച്ച് കടക്കല്‍, തെളിവുനശിപ്പിക്കല്‍ തുടങ്ങി വിവിധ കുറ്റങ്ങള്‍ പ്രകാരം പ്രതികള്‍ക്ക് കടുത്തശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം അംഗീകരിച്ചാണ് കോടതി വിധി. പ്രതികളായ കുരാകുര്‍ശി ആനവരമ്പ് പുല്ലങ്കോടൻ വീട്ടിൽ സുരേഷ്, വേർക്കാട് വീട്ടിൽ അയ്യപ്പൻകുട്ടി എന്നിവര്‍ വിവിധ കേസുകളിലായി അഞ്ച് ജീവപര്യന്തം തടവും മറ്റൊരു കേസില്‍ ഏഴുവര്‍ഷം തടവും ശിക്ഷ അനുഭവിക്കണം.
ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. ഒാരോ കേസുകളിലും പ്രതികള്‍ 25000 രൂപ പിഴയും നല്‍കണമെന്നാണ് എസ്എസിഎസ്ടി കേസുകള്‍ കൈകാര്യം ചെയ്യുന്ന മണ്ണാര്‍ക്കാട് മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയുടെ ശിക്ഷാവിധി.
2009 ജനുവരി അഞ്ചിനാണ് കേസിനാസ്പദമായ കൊലപാതകം നടന്നത്. കാരാകുർശി ഷാപ്പുംകുന്നില്‍ താമസിക്കുന്ന പരേതനായ കുത്തനില്‍ പങ്ങന്റെ ഭാര്യ കല്യാണി ഇവരുടെ ഇളയ മകൾ ലീല എന്നിവരെ കൊലപ്പെടുത്തിയ കേസാണിത്.
സംഭവദിവസം രാവിലെ പാലുമായി എത്തിയ കുട്ടിയാണ് വീടിന്റെ മുൻവശത്തെ വാതിൽ അടഞ്ഞതായി കണ്ട് വിവരം അറിയിച്ചത്. തുടർന്ന് നാട്ടുകാരെത്തിയപ്പോള്‍ വീടിൻ്റെ മുൻവശത്തെ മുറിയിൽ കല്ല്യാണിയെ രക്തത്തിൽ കുളിച്ചു കിടക്കുന്നതായി കണ്ടു. ലീലയുടെ മൃതദേഹം വീടിനടുത്തുള്ള ഓവുചാലിലായിരുന്നു. കല്യാണിയുടെ കഴുത്തിലെ മാല കാണാതായിരുന്നു. സ്വർണം മോഷ്ടിക്കാൻ വേണ്ടി എത്തിയ പ്രതികൾ ഇവരെ കൊലപെടുത്തുകയായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു.
വെട്ടിക്കൊലപ്പെടുത്താന്‍ ഉപയോഗിച്ചിരുന്ന ആയുധമായിരുന്നു പ്രധാന തെളിവ്. ദൃക്സാക്ഷികൾ ഒന്നും ഇല്ലാത്ത ഈ കേസിൽ സാഹചര്യ തെളിവുകളുടെ അടിസ്ഥനത്തിലാണ് കേസ് തെളിയിച്ചത്.