‘അമിത് ഷാ പറഞ്ഞ ദുരൂഹമരണം എന്റെ സഹോദരന്റേതെങ്കിൽ അന്വേഷിക്കട്ടെ’; പ്രചരണം രാഷ്ട്രീയ ലക്ഷ്യം വെച്ചെന്ന് കാരാട്ട് റസാഖ്

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Monday, March 8, 2021

തിരുവനന്തപുരം: അമിത് ഷാ പറഞ്ഞ ദുരൂഹമരണം തൻറെ സഹോദരൻറേതെങ്കിൽ അന്വേഷിക്കട്ടെയെന്ന് കാരാട്ട് റസാഖ് എം.എൽ.എ.മരണത്തിൽ ദുരൂഹതയുണ്ടെങ്കിൽ അന്വേഷണത്തിന് കേന്ദ്ര ഏജൻസികൾക്ക് അമിത് നിർദേശം നൽകട്ടെയെന്നും അദ്ദേഹം പറഞ്ഞു.

സഹോദരന്റെ മരണത്തെക്കുറിച്ച് കുടുംബത്തിന് സംശയങ്ങളില്ല. രണ്ടു വർഷം മുൻപാണ് സഹോദരൻ മരിച്ചത്. ഇപ്പോൾ പറയുന്നത് രാഷ്ട്രീയ ലക്ഷ്യങ്ങൾ വച്ചാണ്.അമിത് ഷായുടെ കൈയിൽ തെളിവുകളുണ്ടെങ്കിൽ അത് വെളിപ്പെടുത്തട്ടെ. ഉത്തരവാദിത്തപ്പെട്ട ഒരു സ്ഥാനത്തിരിക്കുന്ന ഒരാളാണല്ലോ അങ്ങനെ പറഞ്ഞതെന്നും കാരാട്ട് റസാഖ് പറഞ്ഞു.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഒരു ദുരൂഹമരണത്തെക്കുറിച്ച് അന്വേഷണം നടത്തിയോ എന്ന അമിത് ഷായുടെ ചോദ്യമാണ് പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നത്.

ഇതിനിടെ, അമിത് ഷാ പരാമർശിച്ച ദുരൂഹമരണം കൊടുവള്ളി എം.എൽ.എ. കാരാട്ട് റസാഖിന്റെ സഹോദരന്റെ അപകടമരണമാണെന്ന് സാമൂഹികമാധ്യമങ്ങളിലടക്കം പ്രചരണമുണ്ടായി. ഇതിന് മറുപടിയുമായാണ് എം.എൽ.എ രം​ഗത്തെത്തിയത്.

×