റിപ്പോര്‍ട്ട്: സി.ജെ. തൊടുപുഴ
/sathyam/media/post_attachments/khKLcxGKSp09bzfW3Q9t.jpg)
കരിമണ്ണൂർ: ആസന്നമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പ് സംബന്ധിച്ച വിവരങ്ങൾ പ്രഖ്യാപിക്കുന്നതിന് വളരെ മുൻപ് തന്നെ കരിമണ്ണൂരിൽ തെരഞ്ഞെടുപ്പ് കാഹളം മുഴങ്ങി. ഇതോടനുബന്ധിച്ചുള്ള കൊടിയടയാളവും ഉയർന്നു കഴിഞ്ഞു. വിവിധ കക്ഷികളും, കേന്ദ്രങ്ങളും, വ്യക്തികളും അത്തരം കൂടിയാലോചനകളുടെ പണിപ്പുരയിലാണ്.
അഞ്ചു വർഷം കടന്നു പോകുമ്പോൾ, അനവധി നിരവധി സംഭവവികാസങ്ങളിലൂടെയാണ് കരിമണ്ണൂർ കടന്നു പോയത്. 2015ലെ തെരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നുള്ളത്, ശക്തമായ തൃകോണ മൽസരം നടന്ന കരിമണ്ണൂർ ടൗൺ നിയോജക മണ്ഡലത്തിൽ കൈ ചിഹ്നത്തിൽ മൽസരിച്ച കോൺഗ്രസ് സ്ഥാനാർഥി, കോൺഗ്രസ് - ഐക്യ മുന്നണി വിമത സ്ഥാനാർത്ഥിയെ വലിയ വ്യത്യാസത്തിൽ മൂന്നാം സ്ഥാനത്തേക്ക് തള്ളി മാറ്റി എന്നുള്ളതായിരുന്നു. ചേറാടി, പാഴൂക്കര, പള്ളിക്കാമുറി, കിളിയറ തുടങ്ങിയ നിയോജക മണ്ഡലങ്ങിലും തീപാറും പോരാട്ടമാണ് നടന്നത്.
2015ലെ തെരഞ്ഞെടുപ്പ് കഴിഞ്ഞ് അഞ്ചാണ്ട് പിന്നിട്ടിട്ടും, കരിമണ്ണൂർ ടൗൺ നിയോജക മണ്ഡലം തന്നെയാണ് 2020ലും ആദ്യമേ തന്നെ ശ്രദ്ധാകേന്ദ്രം ആകുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ശക്തികേന്ദ്രമായ ഈ മണ്ഡലത്തിൽ ചില വിവാദങ്ങൾ ഇതിനകം ആരംഭിച്ചു കഴിഞ്ഞു.
2015 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി ആയി വിജയിച്ച ജനപ്രതിനിധി ഇടതുപക്ഷ മുന്നണി പിന്തുണയോടെ പഞ്ചായത്ത് പ്രസിഡന്റ് ആയി എന്നത് ചില പ്രാദേശിക കോൺഗ്രസ് നേതാക്കൾ മാത്രമാണ് പ്രശ്നമായി എടുത്തത്. കോൺഗ്രസിന്റെ മഹാഭൂരിപക്ഷം വരുന്ന പാരമ്പര്യ നേതാക്കളും പ്രവർത്തകരും, ഈ ജനപ്രതിനിധി തന്നെ പ്രസിഡന്റ് ആകണം എന്ന പൊതു അഭിപ്രായത്തിലായിരുന്നു എന്നുള്ളത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.
എന്നിരുന്നാലും പ്രസിഡന്റ് തെരഞ്ഞെടുപ്പിന് തലേദിവസം നടന്ന ചില നാടകങ്ങളുടെ പരിസമാപ്തി എന്ന നിലയിൽ ഒരു ഹർജി തെരഞ്ഞെടുപ്പ് കമ്മീഷൻ മുമ്പാകെ വിധി കാത്ത് നിൽക്കുന്നുണ്ട്. ഇതിൽ ശ്രദ്ധേയമായ കാര്യം, മേൽപറഞ്ഞ ജനപ്രതിനിധി ഈ നിമിഷം വരെയും കോൺഗ്രസ് കക്ഷിക്ക് എതിരേ ഒരു നിയമവ്യവഹാരവും നടത്തിയിട്ടില്ല എന്നത് തന്നെയാണ്.
ഇതേ കരിമണ്ണൂർ ടൗൺ നിയോജക മണ്ഡലത്തിൽ 2010ലെ തെരഞ്ഞെടുപ്പിലും കോൺഗ്രസ് ആണ് ജയിച്ചത്. കോൺഗ്രസ് കക്ഷിയിൽ ഉണ്ടായ ഏകകണ്ഠമായ അഭിപ്രായത്തിന്റെ പേരിൽ, അന്ന് പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന ടൗൺ മണ്ഡലം ജനപ്രതിനിധി രാജി സമർപ്പിക്കാതിരിക്കുകയും, കോൺഗ്രസ് വാർഡ്, മണ്ഡലം, ബ്ലോക്ക്, ജില്ലാ കമ്മിറ്റികളെ അധിക്ഷേപിച്ച് കൊണ്ട് ഹൈക്കോടതിയിൽ ഉൾപ്പെടെ കേസ് നടത്തുന്ന സാഹചര്യം ഉണ്ടായി. ഏകപക്ഷീയമായ ഈ കോൺഗ്രസ് വിരുദ്ധ സമീപനത്തെ അന്നത്തെ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അതിരൂക്ഷമായാണ് അപലപിച്ചത്. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അന്നിറക്കിയ പ്രസ്ഥാവന കരിമണ്ണൂരിന്റെ രാഷ്ട്രീയ ചരിത്രത്തിൽ തന്നെ ഏറ്റവും കൃത്യതയുള്ളതും വ്യക്തതയുള്ളതും ആയിരുന്നു. അക്കാലത്ത് തന്നെ കോൺഗ്രസ് കക്ഷിയിൽ നിന്നും കോൺഗ്രസ് വിരുദ്ധയായ ഈ ജനപ്രതിനിധി പുറത്താക്കപ്പെട്ടു.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പൊന്നാപുരം കോട്ടയായ കരിമണ്ണൂർ ടൗൺ നിയോജക മണ്ഡലത്തിൽ കൈ ചിഹ്നത്തിൽ മൽസരിച്ച കോൺഗ്രസ് സ്ഥാനാർഥിയ്ക്കെതിരേകൊടി നാട്ടാനായുള്ള കോൺഗ്രസ് വിരുദ്ധ സമീപനത്തെ ടൗൺ നിയോജക മണ്ഡലത്തിലെ പ്രബുദ്ധരായ വോട്ടർമാർ അടിയോടെ പിഴുതു മാറ്റുന്ന കാഴ്ചയാണ് 2015 ൽ കണ്ടത്.
2020 ആകുമ്പോൾ ചിത്രം മാറുകയാണ്. പ്രച്ഛന്ന വേഷം കെട്ടിയാടി പലരും സ്ഥാനാർത്ഥി മോഹം, പ്രകടമാക്കി രംഗത്ത് എത്തിയിട്ടുണ്ട്. കോൺഗ്രസിലാണ് ഇത് സംബന്ധിച്ച് വിവാദം ആളിക്കത്തി നിൽക്കുന്നത്. ഈ അവസരം സൃഷ്ടിച്ചതിന് ഡിസിസി അധ്യക്ഷൻ ഉത്തരവാദിയാണ് എന്ന് സാധാരണ കോൺഗ്രസ് അനുയായികളും, അനുഭാവികളും അഭ്യുദയകാംക്ഷികളും ഒരേ സ്വരത്തിൽ പറയുന്നു.
പൊതുജീവിതത്തിൽ അധ്യാപനം പോലെയുള്ള സേവനം നൽകിയിട്ടുള്ള, അഴിമതി അയലത്ത് പോലും ഇല്ലാത്ത, ആരോപണങ്ങൾ നേരിടാത്ത, കോൺഗ്രസ് പാരമ്പര്യത്തിൽ എക്കാലത്തും വിശ്വസിച്ചിട്ടുള്ള, കോൺഗ്രസിന്റെ യശസ്സിന് മങ്ങലേൽപ്പിച്ചിട്ടില്ലാത്ത, കഴിവും, കാര്യം പ്രാപ്തിയുമുള്ള, എളിമയും വിനയവുമുള്ള മൂന്നിലധികം സ്ഥാനാർത്ഥികളുടെ പേരുകൾ കോൺഗ്രസ് അനുയായികളും, അനുഭാവികളും, അഭ്യുദയകാംക്ഷികളും പരസ്യമായി പറയുന്നുണ്ട്.
ഇതിനിടയിൽ സ്ഥാനാർത്ഥി പ്രഖ്യാപനം സ്വയം നടത്തി, അധികാരത്തിന് വേണ്ടി എക്കാലത്തും കോൺഗ്രസ് വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ള ചിലയാളുകൾ കൊറോണ കാലത്തും വീടുകൾ കയറിയിറങ്ങിയത് ജനങ്ങൾക്കിടയിൽ പൊതുവിലും, കോൺഗ്രസുകാർക്കിടയിൽ പ്രത്യേകിച്ചും അവമതിപ്പ് ഉണ്ടാക്കിയിട്ടുണ്ട്. 2015ലെ തെരഞ്ഞെടുപ്പിൽ ടൗൺ നിയോജക മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി യുടെ തെരഞ്ഞെടുപ്പ് അനൗൺസ്മെന്റിൽ ഇപ്രകാരം പറഞ്ഞിരിന്നു - "കറൻസി നോട്ടുകൾ കാണുമ്പോൾ അതുമതി, അതുമതി എന്ന് പറയുന്ന അഴിമതി രാഷ്ട്രീയം കരിമണ്ണൂരിൽ വേണ്ടായെന്ന്"
തെരഞ്ഞെടുപ്പ് രംഗം കൊഴുക്കുകയാണ്. നെല്ലിമല, പള്ളിക്കാമുറി, കിളിയറ, കരിമണ്ണൂർ ടൗൺ, പന്നൂർ, കോട്ടക്കവല, ചേറാടി എന്നിവടങ്ങളിൽ എല്ലാം തീപാറും പോരാട്ടത്തിനാണ് അരങ്ങുണരുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ വ്യക്തത കൈവരും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us