നാമനിർദ്ദേശ പത്രിക സമർപ്പണം അവസാനിക്കുമ്പോൾ കരിമണ്ണൂരിൽ മുന്നണികൾക്കുള്ളിൽ മുറുമുറുപ്പ്

ന്യൂസ് ബ്യൂറോ, ഇടുക്കി
Friday, November 20, 2020

സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശപത്രിക സമർപ്പണം പൂർത്തിയായ 19/11/2020 വ്യാഴാഴ്ച അനിതരസാധാരണമായ രാഷ്ട്രീയ നാടകങ്ങൾക്കാണ് കരിമണ്ണൂർ സാക്ഷ്യം വഹിച്ചത്. രാഷ്ട്രീയ കക്ഷികൾക്കുള്ളിലെ ജനാധിപത്യത്തിന്റെ സർവ്വ സീമകളും ലംഘിക്കപ്പെടുന്നതും, നാട്ടിലെ ജനങ്ങളെ ആധിക്ഷേപിക്കുന്നതുമായ ഒട്ടനവധി സംഭവങ്ങൾ നാമനിർദ്ദേശപത്രിക സമർപ്പണത്തിന്റെ നിറം കെടുത്തി.

ബ്ലോക്കാക്കി പന്നൂർ ബ്ലോക്ക് പഞ്ചായത്ത് നിയോജക മണ്ഡലം

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമായ ജനാധിപത്യ കേരള കോൺഗ്രസ് സ്ഥാനാർഥി ആയി ജയിസൺ ചെമ്പോട്ടിക്കൽ സ്കൂട്ടർ ചിഹ്നത്തിൽ പ്രചാരണവുമായി ഏറെ ദൂരം മുന്നോട്ടു പോയിരിക്കുന്ന സാഹചര്യമാണ് കാണുവാൻ കഴിയുന്നത്. കോൺഗ്രസ് കക്ഷിയിൽ നിന്നും ഇന്നലെ അര ഡസനോളം സ്ഥാനാർത്ഥികൾ പന്നൂർ ബോക്കിലേക്ക് ആയി നാമനിർദ്ദേശപത്രിക സമർപ്പിച്ചു.

ജോൺ നെടിയപാല, എം. പി. വിജയനാഥൻ, മാത്യു ജോൺ, അനൂപ് വി.എസ്.,ബേബി തോമസ് തുടങ്ങിയ കോൺഗ്രസ് കക്ഷി പ്രതിനിനിധികൾ ആണ് പന്നൂർ ബ്ലോക്കിലേക്ക് നാമനിർദ്ദേശപത്രിക സമർപ്പിച്ചത്. സ്ഥാനാർത്ഥി ആയി പറഞ്ഞു കേട്ടിരുന്ന കെ.പി.സി.സി. മൈനോറിറ്റി ഡിപ്പാർട്ട്മെന്റ് സംസ്ഥാന കോർഡിനേറ്റർ മനോജ് മാത്യു കോക്കാട്ട്, നാമനിർദ്ദേശപത്രിക സമർപ്പിച്ചില്ല. ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥിത്വം ഗുരുതരമായ പ്രതിസന്ധിയാണ് കരിമണ്ണൂരിലെ കോൺഗ്രസിൽ സൃഷ്ടിച്ചിരിക്കുന്നത്.

ജനപ്രിയമായ കോലാഹല രാഷ്ട്രീയ പ്രവർത്തനത്തിനപ്പുറം, പരാതികളുടെ രൂപത്തിലും, സാമൂഹികമായ ഇടപെടലിന്റെ രൂപത്തിലും, സോഷ്യൽ മീഡിയ കൈകാര്യം ചെയ്തും ജനഹിത രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന മനോജ് മാത്യു കോക്കാട്ടിനെ അപഹാസ്യനാക്കുവാൻ കോൺഗ്രസിലെ ഒരു വിഭാഗം ശ്രമിച്ചു എന്നത് സംഭവവികാസങ്ങളുടെ വരികൾക്കിടയിൽ വായിക്കുവാൻ സാധിക്കും. മനോജ് മാത്യുവിന് അവസരം നിഷേധിച്ചത് കോൺഗ്രസ് ഗ്രൂപ്പ് സമവാക്യങ്ങളിൽ മാറ്റം വരുത്തുവാൻ ഇടയുണ്ട്.

ഈ മണ്ഡലത്തിൽ അട്ടിമറികൾ നടന്നില്ലെങ്കിൽ മാത്യു കെ. ജോൺ കോൺഗ്രസിനെ പ്രതിനിധീകരിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ആകുവാനാണ് എല്ലാ സാധ്യതകളും. മാത്യുവിന് ചെറുപ്പക്കാരൻ എന്ന ഒരു പരിഗണന ലഭിക്കുമെങ്കിലും, പ്രാചരണത്തിലും, സ്വീകാര്യതയിലും, സാമുദായിക- സാമൂഹിക പരിഗണയിലും ഏറെ മുന്നിൽ നിൽക്കുന്ന ജയിസൺ ചെമ്പോട്ടിക്കൽ കൂടുതൽ വോട്ടുകൾ സമാഹരിച്ചേക്കാവുന്ന സാഹചര്യം പന്നൂർ ബ്ലോക്കിൽ ഉണ്ട്.

പഴയ യുഡിഎഫ് പഞ്ചായത്ത് കൺവീനർ എന്ന പദവിയും, നിസ്വാർത്ഥമായ പൊതുപ്രവർത്തന ചരിത്രവും ജയിസണെ പന്നൂരിൽ വളരെയധികം സഹായിക്കുന്നുണ്ട്. മാത്രവുമല്ല പി. ജെ. ജോസഫ് ഉയർത്തിക്കാട്ടിയ കോൺഗ്രസ് നേതാവ് ജോൺ നെടിയപാലയെ ഒഴിവാക്കിയത് ജോസഫ് വിഭാഗക്കാരെ ചൊടിപ്പിച്ചിട്ടുണ്ട്. ഇടുക്കി എം. പിയും പി.ടി. തോമസിന്റെ അനുയായിയുമായ ഡീൻ കുര്യാക്കോസ് നേരിട്ട് വീട്ടിൽ എത്തിയാണ് പിണങ്ങിയിരുന്ന നെടിയപാലയെ സമാശ്വപ്പിച്ചാണ് നാമനിർദ്ദേശപത്രിക സമർപ്പിക്കുവാൻ സാഹചര്യം ഒരുക്കിയത്.

ബ്ലോക്ക് പഞ്ചായത്ത് കരിമണ്ണൂർ നിയോജക മണ്ഡലത്തിൽ ആൻസി സോജൻ കോൺഗ്രസിനെ പ്രതിനിധീകരിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ആയും, പുഷ്പ വിജയൻ സിപിഐ (എം) സ്വതന്ത്ര രൂപത്തിൽ എൽഡിഎഫ് ആയും മൽസരിക്കും. ഇവിടെ കരിമണ്ണൂർ സർവീസ് സഹകരണ സംഘത്തിൽ ഡയറക്ടർ ബോർഡ് അംഗമായ ആൻസി ജോസും പത്രിക നൽകിയിട്ടുണ്ട്.

ജില്ലാ പഞ്ചായത്തിൽ പുതു ചരിത്രമോ

ഇടുക്കി ജില്ലാ പഞ്ചായത്ത് കരിമണ്ണൂർ നിയോജക മണ്ഡലത്തിൽ കോൺഗ്രസിന് വേണ്ടി ഇന്ദു സുധാകരനും, കേരള കോൺഗ്രസ് (എം – ജോ. കെ. മാ) പ്രതിനിധി ആയി റീനു ജെഫിനും മൽസരിക്കും. രണ്ടു പേരും പത്രിക നൽകിയിട്ടുണ്ട്. പ്രായത്തിന്റെ അനുഭവസമ്പത്തും ചില സമവാക്യങ്ങളും ഇന്ദുവിന് തുണയാകുമ്പോൾ, ചെറുപ്പത്തിന്റെ പ്രസരിപ്പും, പ്രവർത്തനങ്ങളിലെ ഊർജ്ജസ്വലതയും, മൂലമറ്റം സെയിന്റ് ജോസഫ് കോളേജിലെ കെ.എസ്‌.യു വിന്റെ ചുറുചുറുക്കുള്ള മുന്നണി പോരാളിയും, കെ. എസ്. യു. വിനെ പ്രതിനിധീകരിച്ച് കലാലയ (കോളേജ്) യൂണിയൻ ഭാരവാഹിയും ആയിരുന്നു എന്ന സാഹചര്യങ്ങൾ റീനുവിനെ ഒരു മികച്ച സ്ഥാനാർത്ഥി ആക്കുന്നു.

ഈ മണ്ഡലത്തിൽ ബി.ജെ.പി. സ്ഥാനാർത്ഥി ആയി തൊടുപുഴ ബാറിലെ അഭിഭാഷകയായ അഡ്വ. അമ്പിളി മൽസരിക്കുന്നു. ഇവിടെ ചില അടിയൊഴുക്കുകൾ സംഭവിക്കാം. പഴയ കെ.എസ്.യു. ക്കാരിയായ ഇടതു സ്ഥാനാർത്ഥിക്ക് കോൺഗ്രസ് വോട്ടുകൾ ലഭിക്കുവാൻ വളരെയധികം സാധ്യതയുണ്ട്.

നാണംകെടുത്തി കരിമണ്ണൂർ ടൗൺ നിയോജക മണ്ഡലം

കോൺഗ്രസിനെയും സിപിഐ (എം) നെയും നാണം കെടുത്തി കരിമണ്ണൂർ പഞ്ചായത്ത് ടൗൺ നിയോജക മണ്ഡലം സ്ഥാനാർഥി നിർണയം. വാർഡ് കമ്മിറ്റിയിലോ, മണ്ഡലം സ്ഥാനാർഥി നിർണ്ണയ കമ്മിറ്റിയിലോ, ജില്ലാ കമ്മിറ്റിയിലോ തീരുമാനമികാതെ ഒരു പഞ്ചായത്ത് നിയോജക മണ്ഡല സ്ഥാനാർത്ഥി നിർണയം, കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയിൽ എത്തി എന്ന് പറയുമ്പോൾ സ്ഥാനാർത്ഥി നിർണയം അപഹാസ്യമായിരിക്കുന്നു.

കരിമണ്ണൂർ ടൗൺ നിയോജക മണ്ഡലത്തിൽ നടമാടുന്ന നാടകങ്ങൾ സത്യം ഓൺലൈൻ ഇതിനു മുൻപും റിപ്പോർട്ട് ചെയ്തിരുന്നു. കോൺഗ്രസ് വാർഡ് കമ്മിറ്റിയിൽ നടന്ന നാടകങ്ങൾക്കൊടുവിൽ ആൻസി സിറിയക്ക് എന്ന പൊതു സ്വീകാര്യതയുള്ളതും, അഴിമതിവിരുദ്ധ പ്രതിച്ഛായ ഉള്ളതുമായ സ്ഥാനാർത്ഥിക്കൊപ്പം, കോൺഗ്രസിൽ നിന്നും പുറത്താക്കപ്പെടുകയും, ഇതേ ടൗൺ നിയോജക മണ്ഡലത്തിൽ അതിദയനീയ പരാജയം ഏറ്റുവാങ്ങുകയും, പിന്നീട് കോൺഗ്രസിൽ പുനപ്രവേശനം നേടുകയും ചെയ്ത ബീന ജോളിയും ഇടം പിടിച്ചു. ഇവിടെ ആൻസി സിറിയക്കും, ബീന ജോളിയും പത്രിക സമർപ്പിച്ചു.

കോൺഗ്രസ് മണ്ഡലം സ്ഥാനാർഥി നിർണ്ണയ കമ്മിറ്റി ചർച്ചയിൽ പത്തിൽ ഒമ്പത് പേരും ബീന ജോളിയെ എതിർക്കുകയും, ബീനയെ സ്ഥാനാർത്ഥി ആക്കുകയില്ല എന്ന് തീരുമാനം എടുക്കുകയും ചെയ്തു. പിന്നീട് ഈ നടപടിയെ ചോദ്യം ചെയ്ത് ബീന ജില്ലാ കോൺഗ്രസ് കമ്മിറ്റി യിൽ കെ.പി.സി.സി. മുഖാന്തിരം എത്തുകയും തീരുമാനം മരവിപ്പിക്കുകയും ചെയ്തു.

ഇതിനിടയിൽ കോൺഗ്രസ് വാർഡ് കമ്മിറ്റിയിൽ ബീന ജോളിയെ സ്ഥാനാർത്ഥി ആക്കണമെന്ന് ആവശ്യപ്പെട്ട വ്യക്തി ടൗൺ നിയോജക മണ്ഡലത്തിൽ ഇടതുപക്ഷ സ്ഥാനാർത്ഥി ആയി നാമനിർദ്ദേശപത്രിക സമർപ്പിച്ചു. ഇതിലൂടെ ഇടതുമുന്നണിയുടെ മുഖം വികൃതമായിരിക്കുകയാണ്.

അട്ടിമറി പേടിച്ച് സി.പി.ഐ. (എം) ഇവിടെ ഒരു ഡമ്മി സ്ഥാനാർത്ഥിയെ നിറുത്തിയിട്ടുണ്ട്. ഏതായാലും ഡിവൈഎഫ്ഐ യുടെ അമ്പത് ലക്ഷം യുവതയിൽ കരിമണ്ണൂരിൽ നിന്നും ഉൾപ്പെട്ടിട്ടുള്ള ഒരാളെപ്പോലും കരിമണ്ണൂരിൽ സ്ഥാനാർത്ഥി ആക്കാൻ കിട്ടിയില്ലേ എന്ന് ചോദ്യത്തിനു മുൻപിൽ സി.പി.ഐ.(എം) നാണംകെട്ട അവസ്ഥയിൽ ആണ്.

കോൺഗ്രസ് ഗ്രൂപ്പ് സമവാക്യങ്ങളിൽ റോയ് കെ. പൗലോസിനെ കടത്തിവെട്ടുന്ന പ്രകടനമാണ് ടൗൺ നിയോജക മണ്ഡലത്തിൽ കണ്ടത്. മണ്ഡലം കോൺഗ്രസ് കമ്മിറ്റിയും, മണ്ഡലം സ്ഥാനാർഥി നിർണയ കമ്മിറ്റിയും എടുത്ത തീരുമാനം അംഗീകരിപ്പിക്കാൻ ശേഷിയില്ലാത്ത, റോയ് കെ. പൗലോസ് അനുകൂല മണ്ഡലം കമ്മിറ്റി ആണ് ഇപ്പോൾ കരിമണ്ണൂരിൽ ഉള്ളത്. ഈ വിഷയത്തിൽ പി.ജെ. ജോസഫ് അനുകൂല കേരള കോൺഗ്രസ് (എം) വളരെ അസ്വസ്ഥരാണ്. കോൺഗ്രസ് നിലപാട് തങ്ങളുടെ സ്ഥാനാർത്ഥികളെ പരാജയത്തിൽ പെടുത്തുമോയെന്ന് അവർ ഭയപ്പെടുന്നു.

ഏതായാലും സംഭവബഹുലമാണ് നാമനിർദ്ദേശപത്രിക സമർപ്പണത്തിനു ശേഷമുള്ള കരിമണ്ണൂരിന്റെ രാഷ്ട്രീയ ചിത്രം. ഇന്നാണ് സൂക്ഷ്മ പരിശോധന. സ്ഥാനാർത്ഥി നിർണയ അട്ടിമറികൾ അറിയണമെങ്കിൽ തിങ്കളാഴ്ച വരെ കാത്തിരിക്കണം.

×