ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനദുരന്തത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച വൈഡ് ബോഡി വിമാന സര്‍വിസുകള്‍ പുനരാരംഭിക്കാന്‍ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുമെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ്സിങ് പുരി എം.കെ. രാഘവന് എം.പിയെ അറിയിച്ചു.
കോഴിക്കോട് വിമാനത്താവള വികസന കാര്യത്തില്‍ എം.പി നല്കിയ ബദല്‍ മാസ്റ്റര്‍ പ്ലാന്‍ മുന്തിയ പ്രാധാന്യത്തോടെ പരിഗണിക്കുമെന്നും ചര്‍ച്ചയില്‍ മന്ത്രി വ്യക്തമാക്കി.
മലേഷ്യ, സിംഗപ്പൂര്‍, ശ്രീലങ്ക എന്നിവിടങ്ങളിലേക്ക് പുതിയ സര്‍വിസുകളും ആഭ്യന്തര സെക്ടറില്‍ ഗോവ, ശ്രീനഗര്‍, ഹൈദരാബാദ്, ഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന സര്‍വിസുകളും തുടങ്ങണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
മന്ത്രിയുടെ നിര്‍ദേശ പ്രകാരം സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ അരുണ്‍കുമാറുമായി എം.പി പിന്നീട് ചര്‍ച്ച നടത്തി. വിമാനത്താവള അതോറിറ്റി ആസൂത്രണ വിഭാഗം മെംബര്‍ എ.കെ. പാട്ടീലും പങ്കെടുത്തു.