കര്‍ണ്ണാടക ഉപതെരെഞ്ഞെടുപ്പ് ഭരണമാറ്റത്തിനു൦ കാരണമായേക്കാം. ഡികെ ശിവകുമാര്‍ ഫാക്റ്റര്‍ ഗുണംചെയ്യുമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസ്. ഉപതെരെഞ്ഞെടുപ്പ് നടക്കുന്ന 15 ല്‍ ഭൂരിപക്ഷവും നേടിയില്ലെങ്കില്‍ യെദൂരപ്പ സര്‍ക്കാര്‍ വീഴും ?

കൈതയ്ക്കന്‍
Saturday, September 21, 2019

ബാംഗ്ലൂര്‍ ∙ കർണാടകയിലെ 15 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പ് കോണ്‍ഗ്രസിനും ബിജെപിയ്ക്കും നിര്‍ണ്ണായകം. സംസ്ഥാനത്ത് ഭരണമാറ്റത്തിനു തന്നെ കാരണമായേക്കാവുന്ന ഉപതെരെഞ്ഞെടുപ്പിനാണ് ഭരണ – പ്രതിപക്ഷ കക്ഷികള്‍ ഒരുങ്ങുന്നത്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിനെ അറസ്റ്റ് ചെയ്ത് തിഹാര്‍ ജയിലിലാക്കിയ സംഭവം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്.

അതേസമയം ഉപതെരെഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് കോണ്‍ഗ്രസും ജെ ഡി എസും ഒരുങ്ങുന്നത്. ഒറ്റയ്ക്കു മത്സരിക്കുമെന്ന് ജെഡിഎസ് നേതാവ് എച്ച്.ഡി.ദേവെഗൗഡ വ്യക്തമാക്കി കഴിഞ്ഞു. എത്ര മണ്ഡലങ്ങളിൽ മത്സരിക്കുമെന്ന് ഞായറാഴ്ചയോടെ അന്തിമ തീരുമാനമാകും.

ജയമായാലും തോൽവിയായാലും അത് ഒറ്റയ്ക്കു നേരിടാനാണു പാർട്ടി തീരുമാനം. സഖ്യത്തിൽ നിന്നു പാഠം പഠിച്ചെന്നും ദേവെഗൗഡ പറഞ്ഞു.

എച്ച്.ഡി. കുമാരസ്വാമി സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് അയോഗ്യരാക്കപ്പെട്ട 15 എംഎൽഎമാരുടെ മണ്ഡലത്തിലേക്കാണ് ഒക്ടോബർ 21 ന് ഉപതിരഞ്ഞെടുപ്പു നടക്കുക. കോൺഗ്രസിനും ജെഡിഎസിനും ഈ തിരഞ്ഞെടുപ്പ് നിർണായകമാണ്.

കഴിഞ്ഞ ജൂലൈയിലാണ് സ്പീക്കർ കെ.ആർ. രമേഷ് കർണാടകയിലെ 17 വിമത എംഎൽഎമാരെ അയോഗ്യരാക്കിയത്. ഇതോടെ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാനാകാത്ത കോൺഗ്രസ്–ജെഡിഎസ് സഖ്യസർക്കാരിനു പകരം കർണാടകയിൽ ബിജെപി അധാകാരത്തിലെത്തി.

പതിനേഴിൽ പതിനഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ മാത്രമാണ് ഉപതിരഞ്ഞെടുപ്പ്. മാസ്കി, ആർആർ നഗർ എന്നീ രണ്ടു മണ്ഡലങ്ങളിലെയും തിരഞ്ഞെടുപ്പു വൈകുമെന്നാണ് അറിയിപ്പ്. ഇരു മണ്ഡലങ്ങളിലെയും തിരഞ്ഞെടുപ്പു സംബന്ധിച്ച കേസുകൾ കർണാടക ഹൈക്കോടതിയിൽ നിലനിൽക്കുന്നതാണ് ഇവിടെ തിരഞ്ഞെടുപ്പ് വൈകാൻ കാരണം.

കർണാടക മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പയ്ക്ക് ഈ തിരഞ്ഞെടുപ്പ് ശക്തി തെളിയിക്കാനുള്ള സന്ദർഭമാകുമ്പോൾ ജെഡിഎസിനും കോൺഗ്രസിനും നിലനിൽപിനായുള്ള പോരാട്ടമാണ്. യെഡിയൂരപ്പ സർക്കാരിനു നിലനിൽപ്പുണ്ടാകില്ലെന്നും ഇതുവരെയുള്ള ബിജെപിയുടെ ഭരണം അതാണു സൂചിപ്പിക്കുന്നതെന്നും മുന്‍ മുഖ്യമന്ത്രി കുമാരസ്വാമി പറഞ്ഞു.

×