കർണാടകയില്‍ തട്ടി രാഹുലിന്‍റെ പിന്‍ഗാമി വൈകും. പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ ഇന്ന് ചേരാനിരുന്ന യോഗം മാറ്റി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, July 10, 2019

ന്യൂഡൽഹി ∙ കർണാടകയിലെ ഭരണ പ്രതിസന്ധി ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളില്‍ നേതാക്കള്‍ സജീവമായതോടെ രാഹുൽ ഗാന്ധിയുടെ പിൻഗാമിയെ കണ്ടെത്തുന്നതിന് ഇന്നു നടത്താൻ ആലോചിച്ചിരുന്ന പ്രവർത്തക സമിതി യോഗം മാറ്റി. 15 നു യോഗം ചേരുമെന്നാണു സൂചന.

സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, മുതിർന്ന നേതാക്കളായ മല്ലികാർജുൻ ഖർഗെ, ഗുലാം നബി ആസാദ് എന്നിവർ കർണാടക പ്രശ്നത്തിന്‍റെ തിരക്കിലാണ് . ഏത് വിധേനയും ഇവിടെ അധികാരം നിലനിര്‍ത്തുകയാണ് നേതാക്കളുടെ ദൗത്യം . ഇതോടെ രാഹുലിന്റെ പിൻഗാമിയെ കണ്ടെത്താനുള്ള നടപടികൾ മന്ദഗതിയിലായി.

രാഹുൽ അധ്യക്ഷ പദമൊഴിഞ്ഞതിനെത്തുടർന്നുള്ള അനിശ്ചിതത്വം പരിഹരിക്കാൻ കിണഞ്ഞു ശ്രമിക്കുന്നതിനിടെ കർണാടകയിൽ രൂപപ്പെട്ട പ്രതിസന്ധിയാണു പാർട്ടിയെ കൂടുതൽ വെട്ടിലാക്കിയത്. പ്രവർത്തക സമിതി ചേരുന്നതിനു മുൻപ് പുതിയ പ്രസിഡന്റിനെ സംബന്ധിച്ച് അഭിപ്രായ സമന്വയമുണ്ടാക്കണമെന്ന നിലപാടിലാണു പാർട്ടി. ഇതിനായി ദേശീയ നേതാക്കൾ കഴിഞ്ഞ ദിവസം അനൗദ്യോഗിക ചർച്ചകൾ നടത്തി. ഒരാളെ ഐകകണ്ഠ്യേന കണ്ടെത്തിയശേഷം സമിതിയുടെ അംഗീകാരം നേടാനാണു ശ്രമമെന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞു.

×