യുഎസില്‍ നിന്നും മടങ്ങിയെത്തിയ വ്യക്തിക്ക് കര്‍ണാടകയില്‍ ആദ്യ കൊറോണ സ്ഥിരീകരിച്ചു. സംശയം തോന്നി രോഗിയായ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍തന്നെ ചികിത്സാ സഹായം തേടിയെത്തി. അടുത്തിടപഴകിയ 2000 ത്തോളം പേര്‍ നിരീക്ഷണത്തില്‍

കൈതയ്ക്കന്‍
Monday, March 9, 2020

ബാംഗ്ലൂര്‍ : യു എസില്‍ നിന്നും മടങ്ങിയെത്തിയ വ്യക്തിക്ക് കര്‍ണാടകത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. അമേരിക്കയില്‍ നിന്ന് അടുത്തിടെ തിരിച്ചെത്തിയ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍ക്കാണ് കോവിഡ് -19 സ്ഥിരീകരിച്ചതെന്ന് കര്‍ണാടക മെഡിക്കല്‍/വിദ്യാഭ്യാസ മന്ത്രി ഡോ. കെ സുധാകര്‍  പറഞ്ഞു.

മാര്‍ച്ച് ഒന്നിന് ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം അമേരിക്കയിലെ ഓസ്റ്റിനില്‍നിന്ന് എത്തിയ വ്യക്തിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ആദ്യം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ അദ്ദേഹം വൈറസ് ബാധ സംശയിച്ച് രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡീസീസസില്‍ സ്വമേധയാ എത്തുകയായിരുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും സഹപ്രവര്‍ത്തകനെയും ക്വാറന്റൈന്‍ ചെയ്തിരിക്കുകയാണ്.

എന്‍ജിനീയറുടെ ഡ്രൈവറും ഭാര്യയും രണ്ട് മക്കളും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. എന്‍ജിനിയറുടെ കുടുംബവുമായി ഇടപഴകിയ 2000 ത്തോളം പേരെ കണ്ടെത്തിയിട്ടുണ്ട്. വിമാനത്തില്‍ അവര്‍ക്കൊപ്പം യാത്രചെയ്ത 60 പേര്‍ അടക്കമുള്ളവരെയാണ് അധികൃതര്‍ കണ്ടെത്തിയിട്ടുള്ളത്.

×