കര്‍ണാടക ഡിജിറ്റല്‍ എക്കോണമി മിഷന്‍: 2025-ഓടെ ഐടി, അനുബന്ധ മേഖലകളില്‍ 10 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കര്‍ണാടക

New Update

publive-image

ബെംഗളൂരു: വിവരസാങ്കേതിക മേഖലയില്‍ കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനാല്‍ 2025-ഓടെ കര്‍ണാടക ഡിജിറ്റല്‍ എക്കോണമി മിഷന്‍ (കെഡിഇഎം) സംസ്ഥാനത്ത് പത്ത് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡോ. സി.എന്‍. അശ്വത് നാരായണ്‍ പറഞ്ഞു.

Advertisment

'' 2025-ഓടെ കെഡിഇഎം പത്ത് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ഐടി എക്‌സ്‌പോര്‍ട്ടില്‍ 150 ബില്യണ്‍ യുഎസ് ഡോളര്‍ ലക്ഷ്യത്തിലെത്താനും 300 ബില്യണ്‍ യുഎസ് ഡോളര്‍ ഇക്കോണമിയായി മാറാനും ഇത് കര്‍ണാടകയെ സഹായിക്കും''-നാരായണ്‍ പറഞ്ഞു.

ജിഎസ്ഡിപിയില്‍ ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയുടെ സംഭാവന 30 ശതമാനമായി ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയുള്ള കെഡിഇഎമ്മിന്റെ ഓഫീസ് ഉദ്ഘാടനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തിന്റെ വിദൂര പ്രദേശങ്ങളിലേക്ക് പോലും കണക്ടിവിറ്റി മെച്ചപ്പെടുത്താനും ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിച്ച് നഗര-ഗ്രാമ അന്തരം കുറയ്ക്കാനും സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുന്നതില്‍ കെഡിഎമ്മിന് വലിയ പങ്കാണുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

''കെഡിഇഎം കൂടുതല്‍ വ്യവസായ സൗഹാര്‍ദ്ദപരമാകണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹം. ഇന്‍ഡസ്ട്രി അസോസിയേഷനുകള്‍ക്ക് 51 ശതമാനം ഓഹരി അനുവദിച്ചു. അതോറിറ്റി എന്നതിലുപരിയായി ഫെസിലിറ്റേറ്ററായി പ്രവര്‍ത്തിക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്''-നാരായണ്‍ പറഞ്ഞു.

ജിഎസ്ഡിപിയുടെ 25 ശതമാനം ഐടി മേഖലയാണ് സംഭാവന ചെയ്യുന്നതെന്നും ഇതില്‍ 98 ശതമാനം ബെംഗളൂരുവില്‍ മാത്രമാണെന്നും ഇലക്ട്രോണിക്‌സ് വിഭാഗം ഐടി/ബിടി അഡീഷണല്‍ ചീഫ് സെക്രട്ടറി ഇ.വി. രമണ റെഡ്ഢി പറഞ്ഞു.

സംസ്ഥാനത്തെ മറ്റ് പ്രദേശങ്ങളിലെ വിഹിതം വര്‍ധിപ്പിക്കുന്നതിനായി 'ബിയോണ്ട് ബെംഗളൂരു' പദ്ധതിക്ക് തുടക്കമിട്ടതായും അദ്ദേഹം പറഞ്ഞു.

പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിലാണ് കെഡിഇഎം സ്ഥാപിച്ചതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Advertisment