കാർഷികോത്പന്നങ്ങൾ വിപണിയിൽ സംഭരിക്കാൻ സർക്കാർ സംവിധാനം ഏർപ്പെടുത്തണം: കർഷകയൂണിയൻ എം

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Wednesday, April 1, 2020

കോവിഡ്19 രോഗ വ്യാപനം നിയന്ത്രിക്കാൻ സർക്കാർ ലോക്ക് ഡൗൺ ഏർപ്പെടുത്തിയതിനെ തുടർന്ന് മലഞ്ചരക്ക് ഉത്പന്നങ്ങൾ വില്പന നടത്തുവാൻ കഴിയാതെ വന്നിരിക്കുകയാണെന്ന് കർഷക യൂണിയൻ എം സംസ്ഥാന പ്രസിഡൻറ് റെജി കുന്നംകോട്ട് പറഞ്ഞു.

മലയോര ജില്ലകളിലെയും മലബാർ മേഖലയിലെ കുടിയേറ്റ കർഷകരും കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ്.മലഞ്ചരക്ക് ഉത്പന്നങ്ങളായ ചുക്ക്, കുരുമുളക്,കാപ്പി കുരു,മഞ്ഞൾ, ജാതി പത്രി,കച്ചോലം, കശുവണ്ടി .കൊക്കോ, റബർ എന്നിവ വാങ്ങുന്ന വ്യാപാര സ്ഥാപനങ്ങൾ ദിവസങ്ങളായി അടഞ്ഞുകിടക്കുകയാണ്.

കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം നട്ടംതിരിയുന്ന കർഷകർക്ക് ലോക്ക് ഡൗൺ കടുത്ത ദുരിതം സമ്മാനിച്ചിരിക്കുകയാണ്. അതാത് ജില്ലാ ഭരണകൂടമോ സംസ്ഥാന സർക്കാരോ ഇടപെട്ട് മലഞ്ചരക്ക് വ്യാപാര സ്ഥാപനങ്ങൾ ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും തുറന്നു പ്രവർത്തിപ്പിക്കാൻ വേണ്ട സംവിധാനം ഏർപ്പെടുത്തണം. ചെറുകിടക്കാരായ പതിനായിരക്കണക്കിന് കർഷകർ അവരുടെ കുടുംബത്തിലെ നിത്യനിദാന ചെലവുകൾ നടത്തുന്നതിനും കൃഷിയിടങ്ങളിൽ പണിയെടുക്കുന്ന കർഷകത്തൊഴിലാളികൾക്ക് കൂലി നൽകുവാനും വളവും കീടനാശിനികളും വാങ്ങുന്നതിനും അവരുടെ കാർഷികോത്പന്നങ്ങൾ വില്പന നടത്തിയിട്ടു വേണം.

ക്ഷീര മേഖലയും കടുത്ത പ്രതിസന്ധിയിലാണ്. പലയിടത്തും മിൽമ പാൽ എടുക്കുന്നില്ല. ചെറുകിട ഹോട്ടലുകൾക്ക് കൊടുത്തു കൊണ്ടിരുന്ന ക്ഷീരകർഷകർ പാൽ ഉൽപന്നങ്ങൾക്ക് മറ്റു വിപണിയില്ലാത്തതിനാൽ മറിച്ചു കളയുകയാണ്. ഈ മേഖലയിൽ മാത്രം ലക്ഷങ്ങളുടെ നഷ്ടം കർഷകർക്ക് ഉണ്ട്. കൊക്കോ വിളവെടുപ്പ് സമയം ആയതുകൊണ്ട് ഉണങ്ങി സംഭരിക്കാൻ സൗകര്യങ്ങളില്ലാത്ത ഇടത്തരം കർഷകർ പ്രതിസന്ധിയിലാണ്.

കശുവണ്ടി തോട്ടങ്ങളിൽ നിന്ന് തോട്ടണ്ടി സംഭരിക്കുവാൻ പോലും പോകുവാൻ കർഷകരെ പോലീസ് അനുവദിക്കുന്നില്ല. ഈ പ്രത്യേക സാഹചര്യം മനസ്സിലാക്കി സർക്കാർ മലഞ്ചരക്ക് വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുവാൻ ഇളവനുവദിക്കണമെന്നും കർഷക യൂണിയൻ എം സംസ്ഥാന പ്രസിഡൻറ് റെജി കുന്നംകോട്ട് ആവശ്യപ്പെട്ടു. ലോക ഡൗൺ മൂലം ദുരിതത്തിലായ കർഷകർക്ക് പ്രത്യേക പരിഗണന നൽകണമെന്നും മൊറട്ടോറിയം കാലയളവിൽ വായ്പകൾക്ക് പലിശ ഇളവ് അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

×