മുത്തശ്ശിമാർ ഇനി പത്താം ക്ലാസ്സിലേക്ക് !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

ഓർക്കുന്നുണ്ടോ ആ മുത്തശ്ശിമാരേ ? കർത്തായനി അമ്മയും ഭാഗീരഥി അമ്മയും. 2019 ലെ നാരീശക്തി പുരസ്ക്കാരം നേടിയവരാണ് ഇരുവരും.

Advertisment

നൂറ്റിയഞ്ചാമത്തെ വയസ്സില്‍ നാലാംക്ലാസ് തുല്യതാ പരീക്ഷ വിജയിച്ചാണ് കൊല്ലം പ്രാക്കുളം നന്ദധാമില്‍ ഭാഗീരഥിയമ്മ ചരിത്രം സൃഷ്ടിച്ചത്. ഭാഗീരഥിയമ്മയുടെ നേട്ടത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രശംസിച്ചിരുന്നു.

publive-image

തൊണ്ണൂറ്റിയെട്ടാമത്തെ വയസ്സില്‍ സാക്ഷരതാമിഷന്റെ അക്ഷരലക്ഷം സാക്ഷരതാ പരീക്ഷയില്‍ സംസ്ഥാനത്ത് ഒന്നാംറാങ്ക് നേടിയ പഠിതാവാണ് ആലപ്പുഴ ജില്ലയിലെ മുട്ടം ചിറ്റൂര്‍ പടീറ്റതില്‍ വീട്ടില്‍ കാര്‍ത്ത്യായനിയമ്മ.

publive-image

കാർത്ത്യായനി അമ്മ രാഷ്ട്രപതിഭവനിൽ രാഷ്ട്രപതിയിൽ നിന്ന് നേരിട്ടാണ് നാരീശക്തി പുരസ്ക്കാരം ഏറ്റുവാങ്ങിയത്. ആരോഗ്യപ്രശ്നങ്ങളാൽ പുരസ്ക്കാരം ഏറ്റുവാങ്ങാനായി ഡെൽഹിവരെ പോകാൻ ഭാഗീരഥി അമ്മയ്ക്ക് കഴിയാതിരുന്നതിനാൽ, പുരസ്ക്കാരം സർക്കാർ നേരിട്ട് അവരുടെ വീട്ടിലെത്തിച്ചു നൽകുകയായിരുന്നു.

publive-image

ഇരുവരും ഇപ്പോൾ വീണ്ടും ദേശീയതലത്തിൽ ശദ്ധനേടിയിരിക്കുകയാണ്. രണ്ടുപേരും പത്താം ക്ലാസ്സ് പരീക്ഷയെഴുതാനുള്ള തീവ്രശ്രമത്തിലാണ്. അവർ സ്ളേറ്റുകൾ ഉപേക്ഷിച്ച് ലാപ്ടോപ്പിലും മൊബൈലിലുമാണ് ഇപ്പോൾ ഓൺലൈനായി പഠനം തുടരുന്നത്.

ലാപ്പ് ടോപ്പിൽ ടൈപ്പ് ചെയ്യാനും മൊബൈൽ ഉപയോഗിക്കാനും ബുദ്ധിമുട്ടുകൾ ഉണ്ടായെങ്കിലും ഈ ലോക്ക് ഡൗൺ കാലം അവർക്കനുഗ്രഹമായി മാറി. കൊച്ചുമക്കൾ ആണ് അവരെ ഇക്കാര്യത്തിൽ പ്രാപ്തരാക്കിയത്.

publive-image

ദിവസവും രാവിലെയും വൈകിട്ടും അദ്ധ്യാപകരെത്തി അടച്ചിട്ട മുറികളിലാണ് ക്ലാസ്സുകൾ എടുക്കുന്നത്. രണ്ടു മുത്തശ്ശിമാരുടെയും പഠനരീതികൾ ഏകദേശം ഒരേരീതിയിലാണ് നീങ്ങുന്നത്.

കാർത്ത്യായനിയമ്മ കൂടുതൽ സമയവും ലാപ്പ്ടോപ്പിൽ ചെലവിടുന്നു. ലാപ്പ് ടോപ്പിൽ പഠനത്തോടൊപ്പം സാക്ഷരതാ മിഷന്റെ "അക്ഷരം " യൂ ട്യൂബ് ചാനലിൽ റിക്കാർഡ് ചെയ്തിരിക്കുന്ന ക്‌ളാസ്സ്‌ റൂമുകളുടെ വിഡിയോകളും അവർ കാണുന്നുണ്ട്.

publive-image

പത്താം ക്ലാസ്സ് പരീക്ഷയിൽ മികവാർന്ന വിജയത്തോടെ ജീവിതത്തിലെ വിലപ്പെട്ട ഒരു സ്വപ്‍നം സാക്ഷാത്കരിക്കാനാഗ്രഹിക്കുന്ന, പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിച്ച, ലോകത്തിനുതന്നെ ഉത്തമമാതൃകകളായ നമ്മുടെ രണ്ടു മുത്തശ്ശിമാർക്കും വിജയാശംസകൾ നേരാം.

Advertisment