കാശ്മീരില്‍ കൊട്ടാര തുല്യമായ സര്‍ക്കാര്‍ ബംഗ്ലാവുകളില്‍ താമസിക്കുന്ന മുന്‍ മുഖ്യന്മാരെ നോട്ടീസ് പോലും നല്‍കാതെ കുടിയിറക്കും ! ഒമർ അബ്ദുല്ല വീട് അറ്റകുറ്റപ്പണി നടത്തിയത് 20 കോടി രൂപയ്ക്ക് ! പിതാവ് ഫാറൂഖ് സര്‍ക്കാര്‍ വസതി വാടകയ്ക്ക് നല്‍കിയും പണം അടിച്ചു മാറ്റി. ഇനി നാണംകെട്ട് പടിയിറങ്ങണം ?

ജെ സി ജോസഫ്
Wednesday, August 7, 2019

ശ്രീനഗർ ∙ കാശ്മീരില്‍ സർവപ്രൗഢിയോടും കൂടി ഔദ്യോഗിക വസതികളിൽ ഉണ്ട് ഉറങ്ങിയിരുന്ന മുൻ മുഖ്യമന്ത്രിമാരെ ദിവസങ്ങള്‍ക്കുള്ളില്‍ സര്‍ക്കാര്‍ ബംഗ്ലാവുകളില്‍ നിന്നും കുടിയിറക്കും. കാലാകാലങ്ങളായി കോടികള്‍ മുടക്കി അറ്റകുറ്റപ്പണികള്‍ നടത്തി ധൂര്‍ത്തടിച്ച് ഇവിടെ താമസമാക്കിയ മുന്‍ മുഖ്യര്‍ക്ക് ഇനി നോട്ടീസ് പോലും കൊടുക്കാതെയാകും കുടിയൊഴുപ്പിക്കല്‍ എന്നാണ് സൂചന.

നാഷനൽ കോൺ‌ഫ്രൻ‌സ് നേതാക്കളായ ഫാറൂഖ് അബ്ദുല്ല, മകൻ ഒമർ അബ്ദുല്ല, പിഡിപി നേതാവ് മെഹബൂബ മുഫ്തി എന്നിവരെല്ലാം ശ്രീനഗറിലെ ഗുപ്കാർ വീഥിയിലെ ഈ‌‌ ബംഗ്ലാവുകളിൽ താമസിക്കുന്നവരിൽ ഉൾപ്പെടുന്നു. സുരക്ഷാ ഭീഷണിയുണ്ടെന്ന കാരണത്താലാണ് എല്ലാവരും ഊഴം കഴിഞ്ഞിട്ടും ഔദ്യോഗിക വസതികളിൽ തുടരുന്നത്.

ഭരണഘടനാ പദവി വഹിക്കാത്തവർ ഔദ്യോഗിക വസതികൾ ഉപയോഗിക്കരുതെന്ന സുപ്രീം കോടതി വിധിയും ജമ്മു കശ്മീരിന് ബാധകമായിരുന്നില്ല. മുഖ്യമന്ത്രിയായിരിക്കെ ലഭിച്ച ബംഗ്ലാവുകളിൽ തുടരുകയാണ് എല്ലാവരും ചെയ്യുന്നത്.

ബംഗ്ലാവുകൾ മോടി പിടിപ്പിക്കുന്നതിനും നവീകരിക്കുന്നതിനുമായി കോടിക്കണക്കിന് രൂപയാണ് ഓരോ വർഷവും ഓരോരുത്തരും ചെലവാക്കുന്നത്. കണക്കുകൾ അനുസരിച്ച് ഒമർ അബ്ദുല്ലയും മെഹബൂബ മുഫ്തിയും അധികാരത്തിലിരിക്കെ ഏകദേശം 50 കോടി രൂപയ്ക്കടുത്താണ് ഔദ്യോഗിക വസതികൾ നവീകരിക്കുന്നതിനായി ചെലവാക്കിയത്.

റോഡ്സ് ആൻഡ് ബിൽഡിങ് വകുപ്പ് പുറത്തുവിട്ട കണക്കനുസരിച്ച് അന്തരിച്ച പിഡിപി നേതാവും മെഹബൂബ മുഫ്തിയുടെ പിതാവുമായ മുഫ്തി മുഹമ്മദ് സെയീദിന്റെ സ്വകാര്യ വസതിയുടെ നവീകരണത്തിനായി വരെ വൻ തുകയാണു സർക്കാർ ചെലവാക്കിയിരിക്കുന്നത്.

ഗുപ്കാർ റോഡിൽ ഫാറൂഖ് അബ്ദുല്ലയ്ക്ക് രണ്ടു വസതികളാണ് അനുവദിച്ചിരിക്കുന്നത്. ഫാറൂഖ് അബ്ദുല്ല സ്വകാര്യ വസതിയിലാണ് താമസിക്കുന്നതെങ്കിലും ഔദ്യോഗിക വസതി വാടകയ്ക്കു നൽകി ആ തുക കൈപ്പറ്റുന്നുണ്ട്.

സർക്കാർ ബംഗ്ലാവുകളിൽ ഏറ്റവും ‘പിടിയുള്ള’ ഒന്നാം നമ്പർ ബംഗ്ലാവിൽ ഒമർ അബ്ദുല്ലയാണ് താമസിക്കുന്നത്. വൻതുക മുടക്കി നവീകരിച്ച് ബംഗ്ലാവിൽ ജിംനേഷ്യം ഉൾപ്പെടെ ആത്യാധുനിക സൗകര്യങ്ങളാണുള്ളത്.

ഒമർ മുഖ്യമന്ത്രിയായിരിക്കെ 2009 മുതൽ 2014 വരെ 20 കോടി രുപയാണ് വീട് പുതുക്കിപണിയുന്നതിനായി മുടക്കിയതെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.

×