കേരളം

മലങ്കര സഭ എല്ലാ മതങ്ങളേയും ബഹുമാനിക്കുന്ന സഭയാണ്, എന്നാല്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം എതിര്‍ക്കപ്പെടേണ്ടതാണ്; രാഷ്ട്രീയത്തില്‍ പുരോഹിതര്‍ പക്ഷം പിടിക്കുന്നത് ശരിയല്ല; വ്യവഹാര രഹിത സഭയെന്ന മുന്‍ഗാമിയുടെ കാഴ്ചപ്പാടിലൂന്നിയാകും മുന്നോട്ടുള്ള യാത്രയെന്ന് ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പൊലീത്ത

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Sunday, September 19, 2021

തിരുവനന്തപുരം: വ്യവഹാര രഹിത സഭയെന്ന മുന്‍ഗാമിയുടെ കാഴ്ചപ്പാടിലൂന്നിയാകും മുന്നോട്ടുള്ള യാത്രയെന്ന് കാതോലിക്കാ ബാവയായി നിര്‍ദേശിക്കപ്പെട്ട ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പൊലീത്ത. രാഷ്ട്രീയത്തില്‍ പുരോഹിതര്‍ പക്ഷം പിടിക്കുന്നത് ശരിയല്ല. നിര്‍ബന്ധിത മതപരിവര്‍ത്തനം എതിര്‍ക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

പുതിയ നിയോഗം ദൈവത്തിന്‍റെ ഇച്ഛയാണ്. പതിറ്റാണ്ടുകളായി സഭ നേരിടുന്ന പ്രധാന വെല്ലുവിളി സഭാതര്‍ക്കമാണ്. സുപ്രീംകോടതി വിധിയും സഭാ ഭരണഘടനയും അംഗീകരിക്കാതെ സഭയില്‍ സമാധാനം സാധ്യമാവുകയില്ല.

മലങ്കര സഭ എല്ലാ മതങ്ങളേയും ബഹുമാനിക്കുന്ന സഭയാണ്. എന്നാല്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം എതിര്‍ക്കപ്പെടേണ്ടതാണ്. വ്യക്തി സ്വാതന്ത്ര്യവും കടന്ന് തീവ്രവാദപ്രവര്‍ത്തനം പോലെയുള്ള കാര്യങ്ങളിലേക്ക് ആള്‍ക്കാരെ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് സമൂഹത്തിനും മതേതരത്വത്തിനും വിരുദ്ധമാണ്.

സഭാ സ്ഥാനികളോ പുരോഹിത സ്ഥാനികളോ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് ശരിയല്ല. എന്നാല്‍ രാഷ്ട്രീയത്തില്‍ തെറ്റുകളുണ്ടെങ്കില്‍ തിരുത്തല്‍ ശക്തിയാകാം. സഭാവിശ്വാസികള്‍ സഭയേയോ സമൂഹത്തേയോ വ്യക്തികളേയോ അപമാനിക്കുന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇടപെടരുത് എന്നും മെത്രാപ്പൊലീത്ത പറഞ്ഞു.

×