വിവാഹ പന്തല്‍ ഒരുങ്ങേണ്ട വിട്ടുമുറ്റത്ത് പന്തല്‍ ഉയര്‍ന്നത് ഷമീറിന്റെ അവസാന യാത്രയ്ക്ക്  ; ആഘോഷത്തോടെ ആ ഒത്തുചേരല്‍ അവസാനിച്ചത് ദുരന്തത്തില്‍ ; കായംകുളത്ത് യുവാവിനെ കാര്‍കയറ്റി കൊന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്‌

ന്യൂസ് ബ്യൂറോ, കോട്ടയം
Thursday, August 22, 2019

കായംകുളം : വിവാഹ പന്തല്‍ ഒരുങ്ങേണ്ട വിട്ടുമുറ്റത്ത് ഉയര്‍ന്നത് ഷമീറിന്റെ അവസാന യാത്രയ്ക്ക് :ആഘോഷത്തോടെ ആ ഒത്തുചേരല്‍ അവസാനിച്ചത് ദുരന്തത്തില്‍. അടുത്ത മാസം 8 നായിരുന്നു ഷമീറിന്റെ വിവാഹം നടക്കാനിരുന്നത് . മകന്റെ മരണം ഉള്‍ക്കൊള്ളാനാകാത്ത അവസ്ഥയിലാണ് പിതാവ് താജുദ്ദീനും മാതാവ് നസീമയും .ഷമീര്‍ വിവാഹഒരുക്കങ്ങള്‍ക്കായി 20 ദിവസം മുന്‍പാണ് നാട്ടിലെത്തിയത്.

ബന്ധുവായ ശാസ്താംകോട്ട സ്വദേശിനിയുമായാണ് വിവാഹം ഉറപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഷമീറിന്റെ അനിയന്റെ ഭാര്യവീട്ടുകാര്‍ എത്തിയിരുന്നു. ഇവര്‍ക്കു വിരുന്നൊരുക്കാന്‍ വേണ്ട സാധനങ്ങള്‍ വാങ്ങി നല്‍കിയാണ് ഷമീര്‍ അടുത്ത വീട്ടിലേക്കു പോയത്. ഇവിടെനിന്നാണ് സുഹൃത്തുക്കളോടൊപ്പം രാത്രി കായംകുളം ടൗണിലേക്കു പോയത്.

വിവാഹം നടക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ പാര്‍ട്ടിക്കു ശേഷമാണ് ഷമീര്‍ഖാനും സുഹൃത്തുക്കളായ സഞ്ജയ്, വിഷ്ണു, പ്രവീണ്‍, സച്ചിന്‍ എന്നിവരും കരീലക്കുളങ്ങര കരുവറ്റുംകുഴിയില്‍ നിന്നു 3 ബൈക്കുകളിലായി രാത്രി പതിനൊന്നോടെ കായംകുളം ടൗണിലെത്തിയത്. ഷമീര്‍ ഉള്‍പ്പെടെ 3 പേരാണ് ആദ്യം ദേശീയ പാതയ്ക്കരികിലെ ബാറിലെത്തിയത്. അപ്പോഴേക്കും ബാര്‍ അടച്ചു.

ആ സമയം സമീപത്തെ റോഡില്‍ കാര്‍ നിര്‍ത്തി, മദ്യപിക്കുകയായിരുന്ന അജ്മലും സംഘവും ബാറിനു മുന്നിലേക്കു വന്നു. ഇവരോട് ബാര്‍ അടച്ച വിവരം ഷമീറും സുഹൃത്തുക്കളും പറഞ്ഞത് ലഹരിയിലായിരുന്ന സംഘത്തിന് ഇഷ്ടപ്പെട്ടില്ല. തുടര്‍ന്ന് വാക്കുതര്‍ക്കവും സംഘട്ടനവുമായി.

അപ്പോഴാണ് ഷമീറിന്റെ 2 സുഹൃത്തുക്കള്‍കൂടി ബൈക്കില്‍ എത്തിയത്. ബാറിനരികിലെ റോഡിലേക്കു സംഘട്ടനം നീണ്ടു. അജ്മല്‍ ബീയര്‍ കുപ്പികൊണ്ട് ഷമീറിന്റെ തലയ്ക്കടിച്ചു. മൂവര്‍ സംഘത്തിനും മര്‍ദനമേറ്റെന്നും ഒരാള്‍ക്ക് കയ്യില്‍ കടിയേറ്റെന്നും സംശയമുള്ളതായി പൊലീസ് പറയുന്നു. തലയ്ക്കടിയേറ്റ ഷമീര്‍ റോഡില്‍ വീണതു കണ്ടതോടെ അജ്മലും സംഘവും കാര്‍ വേഗത്തില്‍ പിന്നോട്ടെടുത്തു.

ഷമീറിന്റെ 2 സുഹൃത്തുക്കളുടെ കാലിലൂടെയാണ് കാര്‍ പിന്നോട്ടെടുത്തത്. കാര്‍ അതുവഴി പോയെന്നാണ് ഷമീറിന്റെ സുഹൃത്തുക്കള്‍ കരുതിയത്. എന്നാല്‍ വീണുകിടന്ന ഷമീറിനെ എഴുന്നേല്‍പ്പിക്കാന്‍ മറ്റുവള്ളര്‍ തുടങ്ങുമ്പോഴാണ് അതിവേഗത്തില്‍ കാര്‍ വന്നത്.

മറ്റുള്ളവര്‍ ഓടിമാറി. വീണു കിടന്ന ഷമീറിന്റെ തലയിലൂടെ കാറോടിച്ചു കയറ്റി സംഘം രക്ഷപ്പെടുകയായിരുന്നു. സമീപത്തെ കടക്കാരനാണ് പൊലീസില്‍ ആദ്യം വിവരമറിയിച്ചത്. പൊലീസ്, ആംബുലന്‍സ് എത്തിച്ചാണ് ആശുപത്രിയിലേക്കു മാറ്റിയത്.

×