Advertisment

കെ വി തോമസ് ഇടതു മുന്നണിയിലേക്കെന്ന പ്രചാരണം ശക്തം ? എറണാകുളത്തല്ലെങ്കിൽ കൊച്ചിയിൽ സ്ഥാനാർത്ഥിയാകും. ഈ മാസം 28ന് തീരുമാനമെന്ന് കെ വി തോമസ് ! നേതാക്കൾ വിളിച്ചിട്ടും ഫോണെടുക്കാതെ തോമസ്. തോമസിൻ്റെ മനസ്സിലുള്ളത് യു ഡി എഫ് കൺവീനർ സ്ഥാനമെന്ന് സൂചന; കെ വി തോമസ് പാർട്ടി വിട്ടാൽ 'തിരുതക്കറി' വച്ച് സന്തോഷിക്കാനൊരുങ്ങി യൂത്ത് കോൺഗ്രസ് !

New Update

കൊച്ചി: എറണാകുളത്ത് ഇടത് സ്വതന്ത്രനായി മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെവി തോമസ് മത്സരിക്കുമെന്ന അഭ്യൂഹം ശക്തം. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ കെവി തോമസ് തള്ളാനോ കൊള്ളാനോ തയ്യാറായിട്ടില്ല. ഈ മാസം 28ന് കെ വി തോമസ് തൻ്റെ നിലപാട് പ്രഖ്യാപിക്കുമെന്ന് സൂചന നൽകിയിട്ടുണ്ട്.

Advertisment

publive-image

കോൺഗ്രസ് നേതാക്കളുമായി കെവി തോമസ് കുറച്ചു ദിവസങ്ങളായി അകൽച്ച പുലർത്തുകയാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ എറണാകുളത്ത് സീറ്റ് നിഷേധിക്കപ്പെട്ടത് മുതൽ കടുത്ത അതൃപ്തിയിലാണ് കെവി തോമസ്. കെപിസിസിയുടെ ഉയർന്ന ഭാരവാഹിത്വമോ അതല്ലെങ്കിൽ എഐസിസി ഭാരവാഹി സ്ഥാനമോ കെവി തോമസ് ആവശ്യപ്പെട്ടിരുന്നു.

സോണിയാ ഗാന്ധിയുമായി വ്യക്തിപരമായ അടുപ്പം സൂക്ഷിച്ചിരുന്നുവെങ്കിലും ആവശ്യം പരിഗണിക്കപ്പെട്ടില്ല. കെപിസിസിയും കെവി തോമസിൻ്റെ ആവശ്യങ്ങൾ അംഗീകരിച്ചില്ല. ഈ നിരാശയാണ് കോൺഗ്രസ് നേതൃത്വവുമായി അകലാൻ ഇടയാക്കിയതെന്നാണ് വിവരം.

അതിനിടെ വീക്ഷണത്തിൻ്റെയും ജയ്ഹിന്ദിൻ്റെയും ചുമതല നൽകിയെങ്കിലും ഉത്തരവാദിത്വം ഏറ്റെടുക്കാൻ കെവി തോമസ് തയ്യാറായില്ല. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കൊച്ചിയിലോ അല്ലെങ്കിൽ വൈപ്പിനിലോ സീറ്റ് നൽകണമെന്നാണ് ആവശ്യം. എന്നാൽ പ്രവർത്തകരുടെ വികാരം ചൂണ്ടിക്കാട്ടി പ്രാദേശിക നേതൃത്വം ഇക്കാര്യം തള്ളുകയാണ്.

പലതവണ പാർലമെൻറ് അംഗവും നിയമസഭാംഗവും കേന്ദ്രമന്ത്രിയും സംസ്ഥാന മന്ത്രിയും ഒക്കെയായ കെവി തോമസിന് വീണ്ടും പരിഗണന നൽകുന്നത് എതിർപ്പുകൾക്ക് ഇടയാക്കും എന്നാണ് എറണാകുളത്തെ ഒരു വിഭാഗം നേതാക്കളുടെ നിലപാട്. ഇതോടെയാണ് കെവി തോമസ് ഇടതുമുന്നണിയുമായി അടുക്കുന്നു എന്ന അഭ്യൂഹം ശക്തമായത്.

കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ഭാരവാഹിയായ താരിഖ് അൻവറുമായും കെവി തോമസ് ചർച്ച നടത്തിയെങ്കിലും ഉറപ്പുകളൊന്നും ലഭിച്ചില്ല. ഇതിനിടെയാണ് എറണാകുളം, കൊച്ചി, വൈപ്പിൻ എന്നീ മണ്ഡലങ്ങളിൽ എവിടെയെങ്കിലും കെവി തോമസ് ഇടതു സ്വതന്ത്രനാകുമെന്ന വാർത്തകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ഈ വാർത്തകളെ നിഷേധിക്കുന്നുണ്ടെങ്കിലും പരസ്യമായ പ്രതികരണത്തിന് കെവി തോമസ് തയ്യാറായില്ല. വിവാദങ്ങളിൽ 28നു ശേഷം പ്രതികരിക്കുമെന്നാണ് അദ്ദേഹത്തോടടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. അതിനിടെ പ്രചരിക്കുന്ന വാർത്തകളിൽ നിലപാട് വിശദീകരിക്കാൻ സി പിഎം എറണാകുളം ജില്ലാ നേതൃത്വവും തയ്യാറായിട്ടില്ല.

മുന്‍ ജില്ലാ സെക്രട്ടറി പി രാജിവുമായി കെവി തോമസ് രണ്ടു വട്ടം ചർച്ച നടത്തിയതായും വിവരമുണ്ട്. അതിനിടെ മുഖ്യമന്ത്രി ഇടപെട്ട് കെവി തോമസിനെ വൈറ്റില, കുണ്ടന്നൂർ പാലങ്ങളുടെ ഉദ്ഘാടനത്തിന് വിളിച്ചിരുന്നു. എന്നാൽ അവസാന നിമിഷം തോമസ് പങ്കെടുത്തില്ല.

അതേ സമയം കെ വി തോമസ് പോയാൽ അതു ആഘോഷിക്കുമെന്നാണ് യൂത്ത് കോൺഗ്രസ് നിലപാട്. തീരുമാനം പ്രഖ്യാപിക്കുന്ന ദിവസം 'തിരുതക്കറി' വച്ച് എല്ലാവർക്കും നൽകാനും യൂത്ത്കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്

 

kv thomas
Advertisment