Advertisment

കോവിഡ് മൂലം മരിച്ചവരെ സംസ്‌കരിക്കാന്‍ ശ്മശാനങ്ങള്‍ക്കു പുറത്ത് ജനങ്ങള്‍ തിങ്ങിക്കൂടുമ്പോള്‍ തെരഞ്ഞെടുപ്പ് റാലിയില്‍ എല്ലാ വിധ മാനദണ്ഡങ്ങളെയും കാറ്റില്‍ പറത്തി തിങ്ങിക്കൂടിയ ആള്‍ക്കൂട്ടത്തെ കണ്ട് പ്രധാമന്ത്രി ആഹ്‌ളാദഭരിതനാകുന്നു ! പ്രധാനമന്ത്രിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. കോവിഡിനെ നേരിടാന്‍ രാജ്യത്തെ സജ്ജമാക്കുന്നതിന് പകരം മോഡി സര്‍ക്കാര്‍ മുന്‍കൈയ്യെടുത്തത് പുതുച്ചേരിയിലുള്‍പ്പെടെ ജനാധിപത്യ സര്‍ക്കാരുകളെ അട്ടിമറിക്കാനും ഭരണം പിടിക്കാനും രാജ്യവ്യാപകമായി തങ്ങളുടെ സങ്കുചിത രാഷ്ട്രീയ അജണ്ടകള്‍ നടപ്പിലാക്കാനും ! സര്‍ക്കാര്‍ തികഞ്ഞ പരാജയമെന്നും കെസി വേണുഗോപാല്‍ എംപി

New Update

publive-image

Advertisment

ഡല്‍ഹി: കോവിഡ് പ്രതിരോധത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. കോവിഡ് റിപ്പോര്‍ട്ടു ചെയ്തിട്ട് ഒന്നരവര്‍ഷമായിട്ടും അതിനെ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയാത്തത് പരാജയമാണന്നെു അദ്ദേഹം വ്യക്തമാക്കുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കെസി വേണുഗോപാല്‍ എംപിയുടെ പ്രതികരണം.

കോവിഡ് കീഴടക്കിയ ഉറ്റവരെ സംസ്‌കരിക്കാന്‍ ശ്മശാനങ്ങള്‍ക്കു പുറത്ത് ജനങ്ങള്‍ തിങ്ങിക്കൂടുമ്പോള്‍, തന്റെ തെരഞ്ഞെടുപ്പ് റാലിയില്‍ എല്ലാ വിധ മാനദണ്ഡങ്ങളെയും കാറ്റില്‍ പറത്തി തിങ്ങിക്കൂടിയ ആള്‍ക്കൂട്ടത്തെ കണ്ട് ആഹ്‌ളാദഭരിതനാകുന്നൊരു പ്രധാനമന്ത്രിയെയാണ് രാജ്യം കാണുന്നതെന്നും അദ്ദേഹം വിമര്‍ശിക്കുന്നു.

പിഎം കെയറില്‍ കോടികളുണ്ടായിട്ടും അതു ഫലപ്രദമായി വിനിയോഗിക്കുന്നില്ല. വാക്‌സിന്‍ വിതരണം കൃത്യമാക്കാന്‍ സര്‍ക്കാര്‍ വേഗം നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വാക്‌സിന്‍ വിഷയത്തില്‍ ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ നല്‍കിയ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയും മറ്റുള്ളവരും ചേര്‍ന്ന് അധിക്ഷേപിക്കുന്നതിലും കെസി വേണുഗോപാല്‍ പ്രതിഷേധിക്കുന്നുണ്ട്. പ്രതിപക്ഷ പാര്‍ട്ടികളെയും ആരോഗ്യപ്രവര്‍ത്തകരെയും പൊതു സമൂഹത്തെയും വിശ്വാസത്തിലെടുത്ത് വേണം കോവിഡിനെ പ്രതിരോധിക്കാനെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

കെസി വേണുഗോപാലിന്റെ കുറിപ്പ് ഇങ്ങനെ:

രാജ്യ വ്യാപകമായി രൂക്ഷമായിക്കൊണ്ടിരിക്കുകയാണ് കോവിഡ് വ്യാപനം. ദിനംപ്രതി രണ്ടേമുക്കാല്‍ ലക്ഷത്തിലധികം കേസുകളും ആയിരക്കണക്കിന് കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു. വളരെ നേരത്തെ തന്നെ ഇത് സംബന്ധിച്ച മുന്നറിയിപ്പുകള്‍ ലഭിച്ചിട്ടും വാക്സിന്‍ വിതരണം സുഗമമാക്കാനും, ആരോഗ്യ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താനും ശ്രമിക്കാതെ അങ്ങേയറ്റം വിലപ്പെട്ട സമയമാണ് കേന്ദ്ര സര്‍ക്കാര്‍ പാഴാക്കി കളഞ്ഞത്.

കോവിഡ് കീഴടക്കിയ ഉറ്റവരെ സംസ്‌കരിക്കാന്‍ ശ്മശാനങ്ങള്‍ക്കു പുറത്ത് ജനങ്ങള്‍ തിങ്ങിക്കൂടുമ്പോള്‍, തന്റെ തിരഞ്ഞെടുപ്പ് റാലിയില്‍ എല്ലാ വിധ മാനദണ്ഡങ്ങളെയും കാറ്റില്‍ പറത്തി തിങ്ങിക്കൂടിയ ആള്‍ക്കൂട്ടത്തെ കണ്ട് ആഹ്‌ളാദഭരിതനാകുന്നൊരു പ്രധാനമന്ത്രിയെയാണ് രാജ്യം കാണുന്നത്.

ലോകമൊന്നടങ്കം ഈ മഹാമാരിയെ കൃത്യമായ ആസൂത്രണത്തോടും വിശദമായ പദ്ധതികളോടും, ജനകീയ പങ്കാളിത്തത്തോടും കൂടെ നേരിടുമ്പോള്‍ യാതൊരു വിധ ദീര്‍ഘവീക്ഷണമോ കാഴ്ചപ്പാടോ ഇല്ലാതെ അമ്പേ പരാജയപ്പെട്ടു പോയ ഒരു സര്‍ക്കാരാണ് ഇവിടെയുള്ളത്.

പോയ വര്‍ഷം കോവിഡ് വ്യാപനമാരംഭിച്ചതിനു ശേഷം ഒട്ടേറെ തവണ സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിക്കുകയും, പിഎം കെയര്‍ ഫണ്ടില്‍ കോടിക്കണക്കിനു രൂപ വന്നു ചേരുകയും ചെയ്തിട്ടും അതൊന്നും ഫലപ്രദമായി വിനിയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാറിനായിട്ടില്ല. 50 കോടി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ 35000 കോടി രൂപ ബഡ്ജറ്റിലൂടെ നീക്കിവെച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും ലക്ഷ്യപ്രാപ്തിയുടെ അടുത്തെങ്ങും എത്തിയിട്ടില്ല.

വെന്റിലേറ്ററുകള്‍ വാങ്ങാന്‍ പിഎം കെയര്‍ ഫണ്ടില്‍ നിന്നും 3100 കോടി നീക്കി വെച്ചെന്നാണ് കണക്കുകള്‍. ഇതിലൂടെ ചിലയിടങ്ങളില്‍ കിട്ടിയതാവട്ടെ ഒന്നോ രണ്ടോ മണിക്കൂര്‍ പ്രവര്‍ത്തിച്ചാല്‍ തന്നെ പണിമുടക്കുന്ന ഗുണനിലവാരമില്ലാത്ത നാലാംകിട വെന്റിലേറ്ററുകള്‍. മറ്റിടങ്ങളില്‍ ഇതു പോലും കിട്ടിയില്ല. ഡല്‍ഹിയിലും ഗുജറാത്തിലും യുപിയിലും ഉള്‍പ്പെടെ കൂട്ടമരണങ്ങളാണ് ഓക്സിജന്‍ ലഭ്യത കുറവുമൂലം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ആശുപത്രികളിലിടം കിട്ടാതെ രോഗികള്‍ നെട്ടോട്ടമോടുകയാണ്.

കോവിഡിന്റെ രണ്ടാംവരവിനെ നേരിടാന്‍ രാജ്യത്തെ സജ്ജമാക്കുന്നതിന് പകരം പുതുച്ചേരിയിലുള്‍പ്പെടെ ജനാധിപത്യ സര്‍ക്കാരുകളെ അട്ടിമറിക്കാനും, മറ്റിടങ്ങളില്‍ ഏതു വിധേനയും ഭരണം പിടിക്കാനും രാജ്യവ്യാപകമായി തങ്ങളുടെ സങ്കുചിത രാഷ്ട്രീയ അജണ്ടകള്‍ നടപ്പിലാക്കാനുമാണ് മോഡി സര്‍ക്കാര്‍ ഈ കാലയളവില്‍ മുന്‍കൈയെടുത്തത്.

വാക്സിന്‍ വിതരണവും, അവശ്യ ജീവന്‍ രക്ഷാ മരുന്നുകളും സംസ്ഥാന സര്‍ക്കാരുകളുടെ ആവശ്യത്തിന് പോലും ലഭ്യമാക്കാതെ മുഴുവന്‍ ഫെഡറല്‍ തത്വങ്ങളും കാറ്റില്‍ പറത്തി ജനങ്ങളുടെ ജീവന്‍ ഓരോ നിമിഷവും അപകടത്തിലാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്.

ഒരിടവേളയില്‍ കോവിഡ് വ്യാപനം മന്ദഗതിയിലായപ്പോഴും ആ സുവര്‍ണാവസരം ഉപയോഗിച്ചു കൊണ്ട് ജനങ്ങളെ വേണ്ട വിധം ബോധവല്‍ക്കരിക്കാനോ, വാക്സിന്‍ ഉത്പാദനം ദ്രുതഗതിയിലാക്കാനോ സര്‍ക്കാര്‍ നടപടി എടുത്തില്ല. മറിച്ച് ഉള്ള വാക്‌സിന്‍ മറ്റു രാജ്യങ്ങളിലേക്ക് കയറ്റി അയക്കാനാണ് മുന്‍കൈയെടുത്തത്.

കോവിഡ് വ്യാപനം രൂക്ഷമായ പല സംസ്ഥാനങ്ങളിലും ജനസംഖ്യാനുപാതികമായോ, കോവിഡ് വ്യാപനത്തിന്റെ തോതനുസരിച്ചോ ഇപ്പോഴും വാക്സിന്‍ ലഭ്യമല്ല. ഈ അടിയന്തര സാഹചര്യത്തില്‍ വിദേശ രാജ്യങ്ങളില്‍ അംഗീകാരം ലഭിച്ച വാക്സിനുകള്‍ മാനദണ്ഡങ്ങള്‍ക്കനുസൃതമായി രാജ്യത്തു ലഭ്യമാക്കാന്‍ ആവശ്യപ്പെട്ട് ശ്രീ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തെഴുതിയതിനോട് അദ്ദേഹത്തെ പുച്ഛിച്ചുതള്ളിക്കൊണ്ടാണ് ബിജെപി നേതാക്കള്‍ പ്രതികരിച്ചത്.

ദിനംപ്രതി കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന ഈ സാഹചര്യത്തില്‍ ഓരോ നിമിഷവും വിലപ്പെട്ടതാണ്. ചെറിയ ആസൂത്രണ പിഴവുകള്‍ പോലും വന്‍ ദുരന്തത്തിലേക്കാണ് രാജ്യത്തെ കൊണ്ടെത്തിക്കുക. ഈ സാഹചര്യത്തില്‍ അടിസ്ഥാന ആരോഗ്യ സൗകര്യങ്ങള്‍ ഉറപ്പു വരുത്താനും, വാക്സിന്‍ വിതരണം കൂടുതല്‍ വ്യാപിപ്പിക്കാനും കൃത്യമായ പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി സ്വീകരിക്കേണ്ടതുണ്ട്.

ആദരണീയായ കോണ്‍ഗ്രസ് അധ്യക്ഷയും, മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങും, മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ശ്രീ രാഹുല്‍ ഗാന്ധിയും വളരെ പ്രാധാന്യമര്‍ഹിക്കുന്ന നിര്‍ദേശങ്ങള്‍ മുന്നോട്ടു വെച്ചിട്ടുണ്ട്. പ്രയാസമനുഭവിക്കുന്നവര്‍ക്ക് സഹായം എത്തിക്കാനും, അവശ്യ സേവനങ്ങള്‍ ഉറപ്പു വരുത്താനും മുഴുവന്‍ സംസ്ഥാന കോണ്‍ഗ്രസ് ഘടകങ്ങളോടും എത്രയും പെട്ടെന്ന് കോവിഡ് കണ്ട്രോള്‍ റൂം തുറക്കാനും, ഹെല്പ് ലൈന്‍ സംവിധാനം ഏര്‍പ്പെടുത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.

രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളെയും, ആരോഗ്യ പ്രവര്‍ത്തകരെയും, പൊതു ജനങ്ങളെയും ഒരുപോലെ വിശ്വാസത്തിലെടുത്തു കൊണ്ട് കൂട്ടായ ഒരു ഉദ്യമത്തിലൂടെ മാത്രമേ ഈ മഹാമാരിയെ തടഞ്ഞു നിര്‍ത്താനാവൂ. ദീര്‍ഘവീക്ഷമില്ലാത്ത ഇടുങ്ങിയ ചിന്താഗതികള്‍ അപകടത്തിലാക്കുന്നത് നമ്മുടെ ഓരോരുത്തരുടെയും ജീവനാണ്.

delhi news covid spread
Advertisment