മാധ്യമങ്ങളുടെ ചോദ്യങ്ങളെ ഭയന്ന് സ്വയം കെട്ടി നിർമ്മിച്ച ദന്തഗോപുരത്തിൽ തന്റെ പ്രതിച്ഛായ മിനുക്കാൻ അഹോരാത്രം പരിശ്രമിക്കുന്ന നരേന്ദ്ര മോദിയും, എല്ലാ ചോദ്യങ്ങള്‍ക്കും ക്ഷമയോടെ കുറിക്കുകൊള്ളുന്ന മറുപടികളുമായി മാധ്യമങ്ങളെ സധൈര്യം നേരിടുന്ന രാഹുൽ ഗാന്ധിയും രണ്ടു വ്യത്യസ്ത മാതൃകള്‍ - കെസി വേണുഗോപാല്‍

New Update

ഡല്‍ഹി: കർഷകരെ സംബന്ധിച്ചും, രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയെ സംബന്ധിച്ചും, ചൈനീസ് അധിനിവേശത്തെക്കുറിച്ചും, ഹാത്രസ് സംഭവമുൾപ്പെടെ നിരവധി ചോദ്യങ്ങൾക്കാണ് വിശദവും, കുറിക്കു കൊള്ളുന്ന മറുപടികളുമായി രാഹുൽ ഗാന്ധി മാധ്യമ പ്രവർത്തകരെ ഇന്ന് അഭിമുഖീകരിച്ചത്.

Advertisment

publive-image

ഓരോ ചോദ്യവും ക്ഷമയോടെ കേട്ട് ഒരു ചോദ്യത്തിനും ഒഴിഞ്ഞു മാറാതെ മാധ്യമ പ്രവർത്തകരുടെ എല്ലാ ചോദ്യത്തിനും മറുപടി നൽകി അര മണിക്കൂറിലധികം നേരം രാഹുൽ ഗാന്ധി മാധ്യമങ്ങളെ കണ്ടു.

രാഷ്ട്രീയ നേതാക്കൾ മാധ്യമങ്ങളെ കാണുന്നത് ആശ്‌ചര്യകരമായ ഒരു സംഭവമല്ല. ജനങ്ങൾക്കു ചോദിക്കേണ്ടതും അറിയേണ്ടതുമായ കാര്യങ്ങളാണ് മാധ്യമ പ്രവർത്തകർ അവരോടു ചോദിക്കുന്നതും. വർത്തമാന കാല ഇന്ത്യൻ സാഹചര്യത്തിൽ ഇത് പോലും എടുത്തു പറയേണ്ട അവസ്ഥയാണുള്ളത്.

കഴിഞ്ഞ ആറുവർഷക്കാലത്തിനിടയിൽ ഒരിക്കൽ പോലും ഒരു വാർത്താസമ്മേളനം വിളിച്ചു കൂട്ടി മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു ഉത്തരം നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ധൈര്യം ഉണ്ടായിട്ടില്ല.

മുൻകൂട്ടി എഴുതി തയ്യാറാക്കിയ ചോദ്യങ്ങൾക്കു തന്റെ അടുപ്പക്കാരായ മാധ്യമങ്ങൾക്കു നൽകുന്ന അഭിമുഖങ്ങളിൽ പോലും തന്നെക്കുറിച്ചു മാത്രം സംസാരിക്കാൻ താൽപര്യപ്പെടുന്ന ചോദ്യങ്ങളെ ഭയപ്പെടുന്ന ഒരു പ്രധാനമന്ത്രിയുമായി താരതമ്യപ്പെടുത്തുമ്പോൾ രാഹുൽ ഗാന്ധിയുടെ തുറന്ന മനസും, ചോദ്യങ്ങളോടുള്ള സഹിഷ്ണുതയും മനസിലാവും.

മൻ കി ബാത്തിലൂടെ ചോദ്യങ്ങളില്ലാതെ പ്രഭാഷണം നടത്തുന്ന പ്രധാനമന്ത്രി ഇന്നേ വരെ രാജ്യം അഭിമുഖീകരിക്കുന്ന യഥാർത്ഥ പ്രശ്‌നങ്ങളെ ക്കുറിച്ചുള്ള ചോദ്യങ്ങൾ നേരിടുകയോ അതിനു മറുപടി നൽകുകയോ ചെയ്തിട്ടില്ല.

പാർലമെന്റിൽ പോലും ഏകപക്ഷീയമായി വാചകക്കസർത്ത് നടത്തുന്ന പ്രധാനമന്ത്രി ഒരിക്കൽ പോലും പ്രതിപക്ഷ നേതാക്കളുടെയോ അംഗങ്ങളുടെയോ മറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകിയിട്ടില്ല.

publive-image

വിവരാവകാശ നിയമത്തിൽ പോലും വെള്ളം ചേർത്തി, പാർലമെന്റിൽ ചോദ്യോത്തര വേള റദ്ദാക്കി ഒളിച്ചോടുന്ന പ്രധാനമന്ത്രിക്ക് പത്ര സമ്മേളനം നടത്താൻ ധൈര്യമില്ലാത്തത് അത്ഭുതമൊന്നുമല്ല.

ജനാധിപത്യത്തിൽ അടിസ്ഥാനപരമായി വേണ്ടത് സുതാര്യതയാണ്. ജനങ്ങൾക്ക് വ്യക്തമാവും വിധം ചോദ്യങ്ങൾ നേരിടാനും, മറുപടി നൽകാനും സാധിക്കുമ്പോഴേ ആ സുതാര്യത നടപ്പിലാവൂ.

ഇവിടെയാണ് രാഹുൽ ഗാന്ധിയുടെ ഇന്നത്തെ പത്ര സമ്മേളനമടക്കമുള്ള മാധ്യമങ്ങളോടുള്ള ഇടപെടലുകൾ പ്രസക്തമാവുന്നത്. ഏതു പ്രകോപനപരമായ ചോദ്യങ്ങളും മാധ്യമങ്ങൾക്കു രാഹുൽ ഗാന്ധിയോട് ചോദിക്കാം. ഏതു ആരോപണത്തിനും മറുപടി തേടാം.

ഏതു സംശയങ്ങൾക്കും വ്യക്തത വരുത്താം. ഊതി വീർപ്പിച്ച പ്രതിച്ഛായ നഷ്ടമാവുമെന്ന ഭയമില്ലാതിരിക്കുകയും, മൂടി വെക്കാൻ ഒന്നും തന്നെ അവശേഷിക്കുകയോ ചെയ്യാത്ത നേതാക്കൾക്ക് മാത്രമേ സധൈര്യം മാധ്യമങ്ങളെ നേരിടാനാവു.

അല്ലെങ്കിൽ വെള്ളം കുടിക്കാനും, അഭിമുഖത്തിൽ നിന്ന് ഇറങ്ങിപ്പോവാനുമേ കഴിയൂ. ചോദ്യങ്ങളെ ഭയന്ന് സ്വയം കെട്ടി നിർമ്മിച്ച ദന്തഗോപുരത്തിൽ തന്റെ പ്രതിച്ഛായ മിനുക്കാൻ അഹോരാത്രം പരിശ്രമിക്കുന്ന നരേന്ദ്ര മോദിയും, എല്ലാ ചോദ്യങ്ങളും സധൈര്യം നേരിടുന്ന രാഹുൽ ഗാന്ധിയും രണ്ടു വിത്യസ്ത മാതൃകളാണ്.

kc venugopal
Advertisment