എല്ലാം മറക്കണോ എന്നു കേരള കോണ്‍ഗ്രസ് സൈബര്‍ പോരാളികള്‍ ! കോൺഗ്രസ് – യു ഡി എഫ് നേതാക്കളെ കടന്നാക്രമിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറല്‍. രണ്ട് കോടി കോഴ വാങ്ങി കൈയില്‍ വെച്ചിട്ട് മാണിസാറിനെതിരെ ക്വിക് വെരിഫിക്കേഷന്‍ ഇട്ടത് മറക്കണോ?’ എന്നും ചോദ്യം ? വീഡിയോയ്ക്ക് മറുപടിയുമായി കോൺഗ്രസ് സൈബർ പോരാളികൾ

ന്യൂസ് ബ്യൂറോ, കോട്ടയം
Wednesday, December 2, 2020

കോട്ടയം: പി ജെ ജോസഫിനെയും കോണ്‍ഗ്രസ് നേതാക്കളെയും രൂക്ഷമായി വിമര്‍ശിച്ച് കേരള കോണ്‍ഗ്രസ് ഐടി വിങ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോ വൈറലാകുന്നു.

സിദിഖ് – ലാൽ ചിത്രമായ ‘ ഗോഡ് ഫാദറില്‍’ അഞ്ഞൂറാന്‍ എന്ന കഥാപാത്രം പറയുന്ന ‘എല്ലാം മറക്കണോ?’ എന്ന ഡയലോഗിനോട് ചേര്‍ത്താണ് ഒരു മിനുട്ട് 41 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ തയ്യാറായിരിക്കുന്നത്.

വീഡിയോയില്‍ പറയുന്നത്…

‘മറക്കണോ? പഴയതൊക്കെ ഞാന്‍ മറക്കണോ? എന്തൊക്കെയാടോ ഞാന്‍ മറക്കേണ്ടത്? റബ്ബര്‍ കര്‍ഷകരെ ചിദംബരം ചതിച്ചത് മറക്കണോ? പാലായില്‍ ചിഹ്നം തരാതെ തോല്‍പിച്ചത് ഞങ്ങള്‍ മറക്കണോ?

ഗാഡ്ഗില്‍ റിപ്പോര്‍ട്ടുണ്ടാക്കി ഹൈറേഞ്ചിലെ കര്‍ഷകരെ കുടിയൊഴിപ്പിക്കാന്‍ നോക്കിയത് ഞങ്ങള്‍ മറക്കണോ? യൂത്ത് കോണ്‍ഗ്രസുകാരുടെ ചീത്തവിളിയും കരിങ്കൊടിയും ഞങ്ങള്‍ മറക്കണോ?

മാണി സാറിനെ വെറും മാണി എന്ന് മാത്രമേ എന്ന് പറഞ്ഞ് അധിക്ഷേപിച്ചത് മറക്കണോ മുന്നണിയില്‍ തുടരാന്‍ അര്‍ഹതയില്ല എന്നുപറഞ്ഞ് പുറത്താക്കിയത് ഞങ്ങള്‍ മറക്കണോ മാണിസാറിനെ പിന്നില്‍ നിന്ന് കുത്തിയത് ഞങ്ങള്‍ മറക്കണോ?

മാണി സാറിന്റെ സംസ്‌കാര വേളയില്‍ പോലും പൊട്ടിച്ചിരിച്ചുല്ലസിച്ച ജോസഫ്മാരെ ഞങ്ങള്‍ മറക്കണോ? മാണി സാറിന്റെ മരണം മരണം ആഘോഷമാക്കിയവര്‍…മാണിസാറിന്റെ മൃതദേഹം പാലാ പള്ളിയില്‍ എത്തിച്ചപ്പോള്‍ പൊട്ടിച്ചിരിക്കുന്ന ജോസഫുമാര്‍

ഇവരൊക്കെ ഇന്ന് മാണി സ്‌നേഹം കൊട്ടിഘോഷിക്കുമ്പോള്‍ മാണി സാറിന്റെ ആത്മാവ് ദുഖിക്കുന്നുണ്ടാകും. ‘മാണി എന്ന മാരണം’ എന്ന് ലേഖനം എഴുതിയത് ഞങ്ങള്‍ മറക്കണോ? രണ്ട് കോടി കോഴ വാങ്ങി കൈയില്‍ വെച്ചിട്ട് മാണിസാറിനെതിരെ ക്വിക് വേരിഫിക്കേഷന്‍ ഇട്ടത് മറക്കണോ?’

വീഡിയോയ്ക്ക് സാമൂഹ്യ മാധ്യമങ്ങളിൽ വലിയ പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്. അതേസമയം പോസ്റ്റിനടിയിൽ കോൺഗ്രസ് സൈബർ പോരാളികൾ പ്രത്യാക്രമണം നടത്തുന്നുണ്ട്.

×