‘എവിടെയാണോ വോട്ട്, അവിടെ വാക്‌സിനേഷന്‍’ ! 45 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് അവരുടെ പോളിങ് ബൂത്തുകളില്‍ വാക്‌സിന്‍ എത്തിച്ച് വിതരണം ചെയ്യാന്‍ ഡല്‍ഹി സര്‍ക്കാര്‍; അടുത്ത നാല് ആഴ്ചകൊണ്ട് 45 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുക എന്നതാണ് ലക്ഷ്യമെന്ന് അരവിന്ദ് കെജ്‌രിവാള്‍

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, June 7, 2021

ന്യൂഡൽഹി: 45 വയസ്സിനു മുകളിലുള്ള മുഴുവൻ ആളുകൾക്കും 4 ആഴ്ചയ്ക്കകം പോളിങ് ബൂത്തുകളിൽ കോവിഡ് വാക്സീൻ ലക്ഷ്യമിട്ടുള്ള മാസ് വാക്സിനേഷൻ പ്രഖ്യാപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. വാക്‌സിന്‍ സ്വീകരിക്കാന്‍ ബാക്കിയുള്ള 45 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് അവരുടെ പോളിങ് ബൂത്തുകളില്‍ വാക്‌സിന്‍ എത്തിച്ച് വിതരണം ചെയ്യുന്നതാണ് പദ്ധതി.

എവിടെയാണോ വോട്ട്, അവിടെ വാക്‌സിനേഷന്‍ (ജഹാം വോട്ട്, വഹാം വാക്‌സിനേഷന്‍) എന്ന പേരിലാണ് കാമ്പയിന്‍ ആരംഭിക്കുന്നതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വ്യക്തമാക്കി. അടുത്ത നാല് ആഴ്ചകൊണ്ട് 45 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്ന് കെജ്‌രിവാള്‍ പറഞ്ഞു.

‘45 വയസ്സിനു മുകളിലുള്ള 57 ലക്ഷം ആളുകൾ ഡൽഹിയിലുണ്ട്. ഇതിൽ 27 ലക്ഷം ആളുകൾ ഒരു ഡോസ് വാക്സീൻ എങ്കിലും സ്വീകരിച്ചവരാണ്. ഈ പ്രായവിഭാഗത്തിൽപ്പെട്ട ആളുകൾക്കായുള്ള വാക്സീൻ വിതരണ കേന്ദ്രങ്ങൾ കാലിയാണ്. വാക്സീൻ‌ സ്വീകരിക്കേണ്ടതില്ല എന്നു പലരും തീരുമാനിച്ചതാണ് കാരണം. അതുകൊണ്ടു വാക്സീനുമായി ഞങ്ങൾ വീട്ടുപടിക്കലേക്ക് എത്തുകയാണ്’– കെജ്‌രിവാള്‍ പറഞ്ഞു.

തിരഞ്ഞെടുപ്പിൽ ഏതു കേന്ദ്രത്തിലെത്തിയാണോ ജനം വോട്ടു ചെയ്തത്, അതേ കേന്ദ്രത്തിൽതന്നെ വാക്സീൻ ലഭ്യമാക്കും. സാധാരണ ഗതിയിൽ വീടിനോടു ചേർന്നുതന്നെയായിരിക്കുമല്ലോ പോളിങ് സ്റ്റേഷനുകളും. ഇവിടേക്ക് ആളുകൾക്കു നടന്നെത്താമെന്നും അദ്ദേഹം പറഞ്ഞു.

×