കുട്ടികളെ ബലാത്സംഗം ചെയ്ത കേസുകൾ രാജ്യത്ത് കൂടി വരുന്നു ;  16 വയസിൽ താഴെയുള്ള പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കേസുകളുടെ എണ്ണത്തിൽ കേരളം മൂന്നാം സ്ഥാനത്ത്

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, October 23, 2019

ഡൽഹി: കുട്ടികളെ ബലാത്സംഗം ചെയ്ത കേസുകൾ രാജ്യത്ത് കൂടി വരുന്നു. 16 വയസിൽ താഴെയുള്ള പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കേസുകളുടെ എണ്ണത്തിൽ കേരളം രാജ്യത്ത് മൂന്നാം സ്ഥാനത്താണ്. മധ്യപ്രദേശും ഉത്തർപ്രദേശുമാണ് ഇക്കാര്യത്തിൽ ആദ്യ സ്ഥാനങ്ങളിലുള്ളത്.

16 വയസിൽ താഴെയുള്ള പെൺകുട്ടികളെ ബലാത്സംഗം ചെയ്തതിന് 2017ൽ 519 കേസുകളാണ് കേരളത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മധ്യപ്രദേശിൽ ഇത് 1532ഉം ഉത്തർപ്രദേശിൽ ഇത് 1008ഉം ആണ്.

ആറ് വയസിൽ താഴെയുള്ള കുട്ടികളെ പീഡിപ്പിച്ച 32 കേസുകൾ കേരളത്തിൽ രജിസ്റ്റർ ചെയ്തപ്പോൾ ഉത്തർപ്രദേശിൽ ഇത് 105 ആണ്. 16നും 18നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളെ പീഡിപ്പിച്ചതിന് 566 കേസുകൾ കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മധ്യപ്രദേശിൽ ഇത് 1550 ആണ്.

ബലാത്സംഗം കേസുകൾ ഏറ്റവും കുറവുള്ളത് നാഗാലാൻഡിലും സിക്കിമിലുമാണ്. നാഗാലാൻഡിൽ പത്തും സിക്കിമിൽ 17 കേസും മാത്രമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അതേസമയം ബലാത്സംഗം ഒഴികെ സ്ത്രീകൾക്കുനേരെയുള്ള കുറ്റകൃത്യങ്ങൾ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ കുറവാണ്.

×