വിവാഹബന്ധം പിരിയാൻ രണ്ടുപേരും സമ്മതിച്ചാലും ഒരാൾ അവസാന നിമിഷം പിന്മാറിയാൽ കേസ് തള്ളും. ഇരു കക്ഷികൾക്കും വേർപിരിയാൻ സമ്മതമാണെന്ന് ഉറപ്പുവരുത്തേണ്ടത് കോടതി. ഭാര്യ സമ്മതം പിൻവലിച്ചാൽ വിവാഹമോചന ഹർജി തള്ളണമെന്ന് കുടുംബ കോടതികളോട് ഹൈക്കോടതി. വിവാഹമോചന കേസുകൾ കൂടുതൽ സങ്കീർണമാവും.

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-image

കൊച്ചി: വിവാഹമോചനങ്ങളുടെ നാടായി ഏതാനും വർഷത്തിനകം കേരളം മാറുമെന്നാണ് വിദഗ്ദ്ധരുടെ പ്രവചനം. ഇപ്പോൾ തന്നെ പതിനായിരക്കണക്കിന് കേസുകളാണ് കുടുംബകോടതികളിൽ കെട്ടിക്കിടക്കുന്നത്. ഉഭയകക്ഷി സമ്മതപ്രകാരം ബന്ധം വേർപിരിയാനുള്ള അപേക്ഷകളാണ് ഏറെയും. ഹിന്ദുവിവാഹ നിയമപ്രകാരം ഇരു കക്ഷികൾക്കും (ഭാര്യയ്ക്കും ഭർത്താവിനും) സമ്മതമാണെങ്കിൽ കോടതിയിൽ ബന്ധം വേർപിരിയാം. എന്നാൽ ഉഭയ സമ്മതപ്രകാരമുള്ള വിവാഹമോചന ഹർജി പരിഗണിക്കുന്നതിനിടെ കക്ഷികളിലൊരാൾ സമ്മതം പിൻവലിച്ചാൽ വിവാഹ മോചനം അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുകയാണ്.

Advertisment

കക്ഷികൾ ഇരുവരും വേർപിരിയാൻ സമ്മതമാണെന്ന നിലപാടിൽ നിന്നാൽ മാത്രമേ ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 13 ബിയിൽ പറയുന്ന ഉഭയസമ്മതപ്രകാരമുള്ള വിവാഹമോചന ഹർജി അനുവദിക്കാനാവൂ. ഇത്തരം കേസുകളിൽ ഇരുകക്ഷികൾക്കും വേർപിരിയാൻ സമ്മതമാണെന്ന് വിധി പറയുന്നതിന് മുമ്പ് ഉറപ്പാക്കാൻ കുടുംബ കോടതികൾക്ക് ബാദ്ധ്യതയുണ്ട്. ഉഭയസമ്മതപ്രകാരമുള്ള ഹർജി ഭാര്യയ്ക്ക് സമ്മതമല്ലെന്ന കാരണത്താൽ കുടുംബ കോടതി തള്ളിയതിനെതിരെ കായംകുളം സ്വദേശിയായ ഭർത്താവു നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. ജസ്റ്റിസ് അനിൽ. കെ നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചണ് വിധി പറഞ്ഞത്.

2019 ഒക്ടോബർ 11 നുണ്ടാക്കിയ ഉടമ്പടിയെത്തുടർന്നാണ് ഹർജിക്കാരനും ഭാര്യയും പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചന ഹർജി നൽകിയത്. എന്നാൽ മകന്റെ ഭാവിയെയോർത്ത് വിവാഹമോചനമെന്ന ആവശ്യത്തിൽ നിന്നു പിന്മാറുകയാണെന്ന് ഭാര്യ 2021 ഏപ്രിൽ 12 ന് കോടതിയിൽ പത്രിക നൽകി. തുടർന്നാണ് കുടുംബക്കോടതി ഹർജി തള്ളിയത്. ആദ്യം സമ്മതം തന്നശേഷം പിന്നീടു സമ്മതം പിൻവലിച്ചതിന്റെ പേരിൽ ഹർജി തള്ളിയതു നിയമപരമല്ലെന്നായിരുന്നു അപ്പീലിൽ ഭർത്താവിന്റെ വാദം. എന്നാൽ ഉഭയസമ്മത പ്രകാരമുള്ള വിവാഹമോചന ഹർജികളിൽ വിധി വരുന്നതുവരെ ഇരു കക്ഷികൾക്കും വേർപിരിയാൻ സമ്മതമാണെന്ന കാര്യം കോടതി ഉറപ്പു വരുത്തണമെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി ഹൈക്കോടതി വ്യക്തമാക്കി.

രണ്ടുകൂട്ടരുടെയും സമ്മതമില്ലെങ്കിൽ ഉഭയസമ്മതപ്രകാരമുള്ള ഹർജിയിൽ വിവാഹമോചനം അനുവദിക്കാൻ കോടതികൾക്ക് കഴിയില്ല. കക്ഷികളിൽ ഒരാളുടെ മാത്രം സമ്മത പ്രകാരം വിവാഹമോചനം അനുവദിച്ചാൽ ഉഭയസമ്മതപ്രകാരമുള്ള വിവാഹമോചനമെന്ന് പറയാനാവില്ല. ഈ കേസിൽ ഭാര്യ സമ്മതം പിൻവലിച്ച സാഹചര്യത്തിൽ ഹർജി തള്ളുകയാണ് കുടുംബ കോടതിക്കു മുന്നിലുള്ള ഏക പോംവഴിയെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. എന്നാൽ നിയമപരമായി ശരിയാണെങ്കിലും വിവാഹമോചനക്കേസുകൾ കൂടുതൽ സങ്കീർണമാകാൻ ഇതിടയാക്കുമെന്ന് നിയമവിദഗ്ദ്ധർ പറയുന്നു.

Advertisment