പോലീസുകാരന്റെ 13കാരിയായ ഏകമകളുടെ മരണത്തിനു പിന്നിൽ ലഹരിമാഫിയയോ? ക്രൂരമായ ലൈംഗിക പീഡനത്തിന് വിധേയയായെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്ന് 100ദിവസമായിട്ടും അനങ്ങാതെ പോലീസ്. ആന്തരികാവയവങ്ങളിൽ ലഹരി സാന്നിദ്ധ്യവും കണ്ടെത്തി. കൂട്ടത്തിലൊരാളുടെ വീട്ടിലെ കേസെങ്കിലും തെളിയിച്ചില്ലെങ്കിൽ ഇന്ത്യയിലെ ഒന്നാം നമ്പർ എന്ന് അഭിമാനിച്ചിട്ട് കാര്യമില്ല.

New Update

publive-image

പൊലീസുകാരന്റെ മകളെ പീഡിപ്പിച്ച് കൊന്നതാര് ? അന്വേഷണം അട്ടിമറിച്ച് പൊലീസ്

Advertisment

തിരുവനന്തപുരം: കേരളത്തിൽ വലിയ ചർച്ചയായ തിരുവനന്തപുരത്തെ പോലീസുകാരന്റെ 13കാരി ഏകമകളുടെ ദുരൂഹമരണത്തിലെ ചുരുളഴിക്കാനാവാതെ പോലീസ്. എട്ടാം ക്ലാസുകാരി മരണപ്പെടുന്നതിന് മുമ്പ് ക്രൂരമായ ലൈംഗിക പീഡനത്തിന് വിധേയയായിരുന്നുവെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്ന് 100 ദിവസം പിന്നിട്ടിട്ടും പോലീസിന് കുറ്റവാളികളെ കണ്ടെത്താനായിട്ടില്ല. പ്രതി പൊലീസ് ക്വാർട്ടേഴ്‌സിലെ തന്നെ താമസക്കാരിൽ ആരെങ്കിലുമാണോ അതോ പുറത്തുനിന്നുള്ളവരാണോ എന്നൊന്നും പോലീസിന് കണ്ടെത്താനായിട്ടില്ല. കൂട്ടത്തിലൊരാളുടെ വീട്ടിലെ കേസെങ്കിലും തെളിയിച്ചില്ലെങ്കിൽ ഇന്ത്യയിലെ ഒന്നാം നമ്പർ എന്ന് അഭിമാനിച്ചിട്ട് കാര്യമില്ലെന്നാണ് കേരളം പോലീസിനോട് പറയുന്നത്.

മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആദ്യം ജില്ലാ ക്രൈംബ്രാഞ്ചായിരുന്നു അന്വേഷണം നടത്തിയത്. ഡിവൈ.എസ് .പി ബിജുകുമാറിനായിരുന്നു അന്വേഷണചുമതല. ഒരിഞ്ചുപോലും നീങ്ങാതായതോടെ രക്ഷിതാക്കൾ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെ തുടർന്ന് കേസ്‌ പിന്നീട് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. ഡിവൈ.എസ്.പി അനീഷ് ലാലിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചയുടൻ അന്വേഷണ ഉദ്യോഗസ്ഥൻ മറ്റൊരു കേസിൽ സസ്പെൻഷനിലായി. തലസ്ഥാന നഗര മദ്ധ്യത്തിൽ, സെക്രട്ടേറിയറ്റിന്റെ മൂക്കിന് താഴെ പോലീസ് ക്വർട്ടേഴ്‌സിൽ രക്ഷിതാക്കൾക്കൊപ്പം താമസിച്ചിരുന്ന എട്ടാംക്ലാസ് വിദ്യാർത്ഥിനിയുടെ മരണത്തിന് കാരണക്കാരനായവരെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രക്ഷോഭത്തിനൊരുങ്ങാൻ തയ്യാറെടുക്കുകയാണ് നാട്ടുകാർ. ഇത് പോലീസിനും സർക്കാരിനും നാണക്കേടാവുമെന്ന് ഉറപ്പാണ്.

കോട്ടൺഹിൽ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന പെൺകുട്ടിയെ ഇക്കഴിഞ്ഞ മാർച്ച് 30 ന് ക്വാർട്ടേഴ്‌സിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയുടെ അമ്മ വൈകിട്ട് ആറരയോടെ സായാഹ്‌ന നടത്തം കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ വാതിൽ അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. വാതിൽ ചവിട്ടിപൊളിച്ച് നോക്കുമ്പോഴാണ് അബോധാവസ്ഥയിൽ പെൺകുട്ടിയെ കാണുന്നത്. ഉടനെ ജനറൽ ആശുപത്രിയിലും, പിന്നാലെ മെഡിക്കൽ കോളേജ് ആശുപത്രിയിലുമെത്തിച്ചു. മസ്തിഷ്ക രക്തസ്രാവം സ്ഥിരീകരിച്ച പെൺകുട്ടി ഏപ്രിൽ 2 നായിരുന്നു മരണപ്പെട്ടത്. മരണപ്പെടുന്നതിന് വളരെനാൾ മുൻപുമുതൽ പെൺകുട്ടി പലവട്ടം ലൈംഗിക പീഡനത്തിന് വിധേയയായിരുന്നുവെന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ്. പ്രകൃതി വിരുദ്ധ പീഡനമടക്കം നടന്നിരുന്നതായാണ് റിപ്പോർട്ടിലുള്ളത്. ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ ഫലത്തിൽ മയക്കുമരുന്നിന്റെ അംശം സ്ഥിരീകരിച്ചിട്ടുണ്ട്.

ക്ലാസ്‌ ലീഡറായിരുന്ന പെൺകുട്ടി പഠനത്തിലും നൃത്തത്തിലുമെല്ലാം മുന്നിലായിരുന്നു. എട്ടാം ക്ലാസിലെ വർഷാവസാന പരീക്ഷ കഴിഞ്ഞെത്തിയ ദിവസമാണ് അബോധാവസ്ഥയിൽ കാണപ്പെട്ടത്. സ്‌കൂളിലെ സഹപാഠികൾക്കും അദ്ധ്യാപകർക്കും നല്ല അഭിപ്രായം മാത്രം. പൊലീസിന്റ വാഹനത്തിൽ സ്‌കൂളിലെത്തി, അതേ വാഹനത്തിൽ മടങ്ങിയെത്തുന്നതാണ് പതിവ്. പെൺകുട്ടി സ്‌കൂളിൽ നിന്നും വൈകിട്ട് വീട്ടിലെത്തിയ ശേഷം കുട്ടിയുടെ അമ്മ സമീപ ക്വാർട്ടേഴ്‌സിലെ സ്ത്രീകൾക്കൊപ്പം നടക്കാനിറങ്ങുന്ന പതിവുണ്ട്. മടങ്ങിയെത്താൻ രണ്ടു മണിക്കൂറെങ്കിലുമെടുക്കും. ഈ സമയം പോലീസ് ക്വാർട്ടേഴ്‌സിൽ അപരിചിതർ എത്തുന്നത് മറ്റാരും കണ്ടിട്ടില്ല. പ്രതി പൊലീസ് ക്വാർട്ടേഴ്‌സിലുള്ളവരിലാണോ ,അതോ പുറമെ നിന്നുള്ളവരാണോ എന്നതിനെ സംബന്ധിച്ചോ ക്വാർട്ടേഴ്‌സിന് പുറത്താണോ പീ‌ഡനം നടന്നത് എന്നതിനെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നില്ല. സേനയിലെ ഒരംഗത്തിന്റെ മകളുടെ അസ്വാഭാവിക മരണത്തിന് പിന്നിലെ പ്രതികളെ നിയമത്തിന് മുന്നിലെത്തിക്കാൻ പൊലീസ് യാതൊരു താല്പര്യവും കാണിക്കാതിരിക്കുന്നതിന് കാരണമെന്താകുമെന്നാണ് ജനങ്ങൾ ചോദിക്കുന്നത്.

മകൾ അസ്വാഭാവിക സാഹചര്യത്തിൽ മരണപ്പെട്ടതിന് പിന്നിൽ ലഹരി മാഫിയയാണെന്ന സംശയമുന്നയിച്ചിരിക്കുകയാണ് കുട്ടിയുടെ രക്ഷകർത്താക്കൾ. സ്‌കൂൾ പരിസരത്ത് ലഹരി സംഘങ്ങൾ സജീവമാണെന്ന് മുൻപും പല കുട്ടികളുടെയും രക്ഷകർത്താക്കളും പരാതികൾ ഉന്നയിച്ചിരുന്നെങ്കിലും അധികൃതർ കാണാതിരുന്നതാണ് 13 കാരിയുടെ ജീവനെടുത്തതിന് പിന്നിലെന്നാണ് ഇവർ പറയുന്നത്. തലസ്ഥാനത്തെ വിവിധ സ്‌കൂളുകൾ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി ഇടപാടുകളുടെ ഞെട്ടിക്കുന്ന കഥകൾ മുൻപും പുറത്തുവന്നിട്ടുണ്ട് . ഇത്തരം സംഭവങ്ങൾ വെളിച്ചത്തു വരുമ്പോഴും സ്‌കൂളുകളുടെ സൽപ്പേര് നഷ്ടപ്പെടാതിരിക്കാൻ ഇതൊക്കെ രഹസ്യമാക്കി വയ്ക്കുന്നതാണ് മാഫിയകൾക്ക് സഹായമാകുന്നതെന്നാണ് കണ്ണീരോടെ പെൺകുട്ടിയുടെ മാതാപിതാക്കൾ പറയുന്നത്.

പീഡനത്തിനിരയായി അസ്വാഭാവിക സാഹചര്യത്തിൽ പെൺകുട്ടി മരണപ്പെട്ടതിന് പിന്നിൽ ലഹരി സംഘം ഇല്ലെന്ന് തറപ്പിച്ചുപറയാൻ അന്വേഷണ സംഘത്തിനും കഴിയുന്നില്ല. പെൺകുട്ടിയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലത്തിൽ ലഹരി ഗുളികയുടെ സാന്നിദ്ധ്യവും കണ്ടെത്തി. ലഹരി മാഫിയ വഴി കുട്ടിക്ക് നൽകിയതാണോ ,അതോ കുട്ടിക്ക് ആശുപത്രിയിൽ നിന്നും നൽകിയ മരുന്നിന്റെ അവശിഷ്ടമാണോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്

Advertisment