അവിശ്വാസ പ്രമേയം, അടിയന്തിര പ്രമേയം… പ്രതിപക്ഷത്തിന്റെ നാവായി വിഡി സതീശന്‍ ! സഭയിലെ ഇടപെടലിലും പ്രതിപക്ഷ അംഗം മുന്നില്‍. ഭരണപക്ഷത്തെ വെല്ലുവിളിച്ച് പിടി തോമസ്. മുഖ്യമന്ത്രിയെയും പ്രതിരോധത്തിലാക്കിയ ക്രഡിറ്റ് പിടിക്ക് തന്നെ. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞ സ്വരാജ്. ഭരണപക്ഷത്തിന് തലവേദന സൃഷ്ടിച്ച കെഎം ഷാജി. യുവശബ്ദമായി ഷാഫി പറമ്പില്‍. കാര്യങ്ങള്‍ പഠിച്ചു പറഞ്ഞ ശബരീനാഥന്‍. സര്‍ക്കാരിനൊപ്പം കട്ടയ്ക്ക് നിന്ന വീണ ജോര്‍ജും ജെയിംസ് മാത്യുവും ! ഇവര്‍ പതിനാലാം കേരള നിയമസഭയുടെ താരങ്ങള്‍…

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Friday, January 22, 2021

തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ അവസാന സെഷനും അവസാനിച്ചു. ഇനി തെരഞ്ഞെടുപ്പാവേശത്തിന്റെ നാളുകളാണ് വരാനിരിക്കുന്നത്. പക്ഷേ സഭയില്‍ താരമായവര്‍ ആരൊക്കെയെന്ന് ചോദിച്ചാല്‍ വളരെ കുറവാണ് എന്നു നിസംശയം പറയാം.

വളരെ കുറച്ചു അംഗങ്ങള്‍ക്ക് മാത്രമാണ് സഭയില്‍ ചലനമുണ്ടാക്കാനായത്. പ്രസംഗത്തിലൂടെ സഭയില്‍ താരമാകാന്‍ കഴിഞ്ഞവരാണ് മികച്ച സാമാജികരെന്നു പറയാനാകും. അങ്ങനെ നോക്കിയാല്‍ വിരലിലെണ്ണാവുനന്വര്‍ മാത്രമാണുണ്ടായത്.

വിഡി സതീശന്‍

പറവൂര്‍ എംഎല്‍എ വിഡി സതീശനായിരുന്നു പലപ്പോഴും പ്രതിപക്ഷ ആക്രമണത്തിന്റെ ചുക്കാന്‍ പിടിച്ചതെന്നു നിസംശയം പറയാം. പ്രതിപക്ഷ നിരയില്‍ കൂടുതല്‍ അവിശ്വാസ പ്രമേയങ്ങള്‍ അവതരിപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ഇതില്‍ രണ്ടെണ്ണം സഭ നിര്‍ത്തിവച്ച് ചര്‍ച്ചയും ചെയ്തു.

2005ന് ശേഷം കേരള നിയമസഭ കണ്ട ആദ്യ അവിശ്വാസ പ്രമേയത്തിന്റെ അവതാരകനും സതീശനായിരുന്നു. സാമ്പത്തിക വിഷയങ്ങളില്‍ സഭയില്‍ കൃത്യമായ ഇടപെടല്‍ നടത്താന്‍ ഈ പറവൂര്‍ അംഗത്തിന് കഴിഞ്ഞു. പുനര്‍ജനി പദ്ധതിയിലൂടെ നടത്തിയ നാട്ടിലെ പ്രളയ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധനേടിയിരുന്നു.

പിടി തോമസ്

സഭയില്‍ ഏറ്റവും മികച്ച പ്രസംഗം നടത്തിയ അംഗങ്ങളിലൊരാള്‍ പിടി തോമസെന്നു ഉറപ്പായും പറയാനാകും. മിക്കവാറുമുള്ള എല്ലാ ചര്‍ച്ചകളിലും കോണ്‍ഗ്രസിന്റെ മികച്ച മുഖമായിരുന്നു പിടി. സഭാ ചട്ടങ്ങളിലുള്ള അറിവും പിടിയെ വ്യത്യസ്തനാക്കി.

ഏറ്റവുമൊടുവില്‍ നിയമസഭയില്‍ സ്വര്‍ണക്കടത്ത് വിഷയത്തില്‍ നടന്ന അടിയന്തര പ്രമേയത്തിനു അനുമതി തേടിയുള്ള പ്രസംഗത്തിലൂടെ മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കാന്‍ തോമസിന് കഴിഞ്ഞു. വിമര്‍ശനങ്ങളുന്നയിക്കുമ്പോള്‍ മുഖം നോക്കാതെ പ്രതികരിക്കുന്ന പിടി ശൈലി തന്നെയായിരുന്നു ശ്രദ്ധേയം.

എം സ്വരാജ്

ഇതാദ്യമായാണ് നിയമസഭയിലേക്ക് എത്തുന്നതെങ്കിലും കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ മികച്ച പ്രപകടനമാണ് സഭയില്‍ സ്വരാജ് നടത്തിയത്. സ്വരാജിന്റെ ഇടപെടലുകള്‍ പലപ്പോഴും ഭരണപക്ഷത്തിന് തുണയായി. സഭയിലെ ഇടതുശബ്ദങ്ങള്‍ പലതും മന്ത്രിമാരായതോടെ കൃത്യമായി വിഷയത്തിലൂന്നി സംസാരിക്കാനും ഇടപെടാനും കഴിയാതെ വന്നപ്പോഴാണ് സ്വരാജ് കളംപിടിച്ചത്.

മൂന്നാം വര്‍ഷത്തോടെ സഭാ നടപടികളില്‍ കൃത്യമായ ഇടപെടല്‍ നടത്തി തുടങ്ങിയ സ്വരാജ് പലവട്ടം പ്രതിപക്ഷ നിരയുടെ സ്വൈര്യം കെടുത്തുന്നതും പതിവുകാഴ്ചയായിരുന്നു. ഭരണപക്ഷത്തെ മികച്ച എണ്ണംപറഞ്ഞ സാമാജികരില്‍ ഒരാളാണ് സ്വരാജെന്നു അദ്ദേഹം ഇതോടെ തെളിയിച്ചു.

കെഎം ഷാജി

മുസ്ലീംലീഗിന്റെ ശബ്ദം പലപ്പോഴും ഷാജിയിലൂടെയാണ് നിയമസഭയില്‍ മുഴങ്ങിയത്. വിവിധ കേസുകളിലടക്കം അദ്ദേഹത്തെ പ്രതിരോധത്തിലാക്കാന്‍ ഭരണപക്ഷത്തിന് കഴിഞ്ഞെങ്കിലും അതിനെ മെയ് വഴക്കത്തോടെ നേരിടാന്‍ ഷാജിക്കായി. പലപ്പോഴും ഷാജിയുടെ മുനയേറിയ വാക്കുകള്‍ ഭരണപക്ഷത്തിനെ പ്രകോപിപ്പിച്ചു.

ഭരണപക്ഷത്തിന് തലവേദന സൃഷ്ടിച്ച പ്രതിപക്ഷത്തെ പ്രധാന അംഗമായി ഷാജി മാറിയിരുന്നു. കോവിഡ് ബാധിച്ച് അവസാന സെഷനില്‍ ഷാജി പങ്കെടുക്കാതിരുന്നത് വലിയ ക്ഷീണമാണ് പ്രതിപക്ഷത്തിന് സൃഷ്ടിച്ചത്.

ഷാഫി പറമ്പില്‍

പാലക്കാട്ടെ ജനപ്രതിനിധി എന്നതിനപ്പുറം യുവജനങ്ങളുടെ പ്രശ്‌നങ്ങള്‍ നിയമസഭയില്‍ അവതരിപ്പിക്കാന്‍ ഷാഫിക്ക് കഴിഞ്ഞു എന്നതാണ് ശ്രദ്ധേയം. നിയമനനിരോധനവും പി എസ് സി തട്ടിപ്പും ഒക്കെ ഷാഫിയുടെ ശ്രദ്ധേയമായ ഇപെടലിന് ഉദാഹരണമാണ്. പ്രതിപക്ഷത്തെ സമരപ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുത്ത യുവ നേതാക്കളില്‍ പ്രമുഖനായിരുന്നു ഷാഫി.

പലപ്പോഴും ഷാഫിയുടെ വൈകാരികമായ പ്രസംഗങ്ങള്‍ പിന്നീട് സാമൂഹ്യമാധ്യമങ്ങളിലും ഏറെ ഇടംപിടിച്ചു. മണ്ഡലത്തിനുവേണ്ടിയും ഷാഫിയുടെ ശബ്ദം പലപ്പോഴും ഉയര്‍ന്നിരുന്നു.

ജെയിംസ് മാത്യു

തളിപ്പറമ്പില്‍ നിന്നുള്ള സിപിഎം അംഗം. പലപ്പോഴും ധനകാര്യ വിഷയങ്ങളില്‍ ധനകാര്യ മന്ത്രിയെക്കാള്‍ പ്രാഗത്ഭ്യത്തോടെ സഭയില്‍ ഭരണപക്ഷ നിലപാടുകള്‍ അവതരിപ്പിച്ചത് ജെയിംസ് മാത്യുവായിരുന്നു.

വീണ ജോര്‍ജ്

വലിയ പ്രതീക്ഷയോടെ നിയമസഭയില്‍ എത്തിയ വീണയുടെ ഇടപെടലിന് മികച്ച കൈയ്യടിയാണ് സഭയില്‍ ലഭിച്ചത്. പലപ്പോഴും തന്റെ പ്രസംഗ ശൈലികൊണ്ട് അവര്‍ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.

സഭയിലെത്തിയ പുതിയ പല അംഗങ്ങളും പഴയവരെക്കാള്‍ മികച്ച പ്രതികരണമാണ് നടത്തിയതെന്നു വ്യക്തമാണ്. പക്ഷേ ഈ തീപ്പൊരി നേതാക്കളൊക്കെ സഭയിലെ പ്രകടനം മണ്ഡലത്തിലും നടത്തിയോ എന്നറിയാന്‍ തെരഞ്ഞെടുപ്പ് കഴിയും വരെ കാത്തിരിക്കണം.

കെ എസ് ശബരീനാഥന്‍

കേരളത്തെ പിടിച്ചുകുലുക്കിയ സ്പ്രിംഗ്ലര്‍ വിവാദത്തില്‍ ഭരണപക്ഷത്തെ കുടുക്കിലാക്കാന്‍ പ്രതിപക്ഷ നേതാവിന് പിന്തുണ നല്‍കിയ ശബരിനാഥന്‍ നടത്തിയ ഇടപെടലുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. നിയമന നിരോധന വിഷയത്തിലും ശബരിയുടെ ഇടപെടല്‍ കാണാന്‍ കഴിഞ്ഞു. ആവേശമല്ല മറിച്ച് കാര്യങ്ങളെ കൃത്യമായി പഠിച്ച് അവതരിപ്പിക്കുകയാണ് മികച്ച സാമാജികനെന്ന് ശബരിനാഥന്‍ അംഗങ്ങളെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്.

 

 

 

×