ഛേത്രി നല്ല താരം തന്നെ, പക്ഷെ പറയുന്നത്ര മിടുക്കില്ലെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ

New Update

അന്താരാഷ്‌ട്ര ഗോളുകളുടെ എണ്ണത്തിൽ ഇന്ത്യയുടെ എക്കാലത്തെയും ടോപ്സ്കോററാണ് നായകൻ സുനിൽ ഛേത്രി. 115 മത്സരങ്ങളിൽ നിന്നായി 72 ഗോളുകളാണ് രാജ്യത്തിന് വേണ്ടി ബെംഗളൂരു എഫ്‌സി സ്‌ട്രൈക്കറുടെ സമ്പാദ്യം. അന്താരാഷ്ട്ര ഗോളുകളുടെ എണ്ണത്തിൽ നിലവിൽ കളിക്കുന്ന താരങ്ങളുടെ പട്ടികയിൽ പോർച്ചുഗീസ് നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പിന്നിലായി രണ്ടാം സ്ഥാനവും ഛേത്രിക്കാണ്.

Advertisment

publive-image

എന്നാൽ ഛേത്രിക്ക് പറയുന്നത്ര മിടുക്കില്ല എന്നാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ കിബു വിക്കൂനയുടെ അഭിപ്രായം. "ഛേത്രിയാണ് തങ്ങളുടെ ഏറ്റവും മികച്ച താരമെന്നാണ് ഇന്ത്യക്കാർ പറയുന്നത്. അദ്ദേഹം ബെംഗളൂരു എഫ്‌സിക്ക് വേണ്ടി കളിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. മുപ്പത്തിയഞ്ച് വയസ്സായ അദ്ദേഹം നല്ല താരമാണ്. പക്ഷെ എന്നെ സംബന്ധിച്ചടുത്തോളം അദ്ദേഹം അത്ര മികച്ച താരമല്ല," സ്പാനിഷുകാരനായ പരിശീലകൻ ഒരു പോളിഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ബ്ലാസ്റ്റേഴ്‌സിൽ തനിക്ക് ലഭിച്ചത് മികച്ചൊരു സ്‌ക്വാഡാണ് എന്നാണ് കിബു വിക്കൂന കരുതുന്നത്. യുവതാരങ്ങളാണ് ബ്ലാസ്റ്റേഴ്‌സിൽ മാറ്റം കൊണ്ടുവരികയെന്ന കിബു പറഞ്ഞു. കഴിഞ്ഞ സീസണിൽ മോഹൻ ബഗാന് വേണ്ടി കളിച്ച മണിപ്പൂരിൽ നിന്നുള്ള ഇരുപതുകാരനായ വിങ്ങർ നൊങ്ദാമ്പ നവോരെമ്മിലും മലയാളിതാരം സഹൽ അബ്ദുൽ സമ്മദിലും വലിയ പ്രതീക്ഷയാണ് കിബു വച്ചുപുലർത്തുന്നത്.

നൊങ്ദാമ്പ നവോരെം വ്യത്യസ്തനായ ഒരു താരമാണ്. ഏറെ സാമർത്യവും സാങ്കേതിക തികവുമുണ്ട്. സഹൽ അബ്ദുൽ സമദ് ദേശീയ ടീമിന് വേണ്ടി കളിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. സഹൽ വ്യത്യസ്തനാണ്. മികച്ച അവസരങ്ങൾ ഉണ്ടാക്കാനാവുന്ന താരം. ലോങ്ങ് ബോളുകളും ത്രൂവും കണ്ടെത്തുന്നതിൽ സഹൽ മിടുക്കനാണ്," നാല്പത്തിയെട്ടുകാരനായ പരിശീലകൻ പറഞ്ഞു.

കിബു വിക്കൂനയ്ക്ക് ഇത് ഇന്ത്യയിലെ രണ്ടാം സീസണാണ്. കഴിഞ്ഞ ഐ ലീഗ് സീസണിൽ മോഹൻ ബഗാനെ ജേതാക്കളാക്കിയ കിബു ബ്ലാസ്റ്റേഴ്‌സിലും വിജയം ആവർത്തിക്കുമെന്ന് പ്രതീക്ഷ പങ്കുവച്ചു.

football news sunil chethri kerala blasters
Advertisment