കേരള ബ്ലാസ്റ്റേഴ്സിലെ പ്രമുഖ താരങ്ങള്‍ ക്ലബ് വിടാനൊരുങ്ങുന്നു

Thursday, December 27, 2018

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലെ പ്രമുഖ താരങ്ങള്‍ ക്ലബ് വിടാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ബ്ലാസ്റ്റേഴ്‌സ് നായകന്‍ സന്ദേഷ് ജീങ്കാന്‍, സൂപ്പര്‍ താരം സി.കെ വിനീത്, ഹാളിചരണ്‍ നര്‍സാരി എന്നിവരാണ് ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്റോയില്‍ ക്ലബ് വിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ഇവരെക്കൂടാതെ ഗോള്‍ കീപ്പര്‍ ധീരജ് സിങ്, നവീന്‍ കുമാര്‍ എന്നിവരും ക്ലബ് വിട്ടേക്കുമെന്നാണ് വിവരം.

ഈ വരുന്ന ട്രാന്‍സ്ഫര്‍ വിന്റോയില്‍ തന്നെ സി.കെ വിനീതിനെ പറഞ്ഞയക്കാനാണ് ക്ലബ് മാനേജ്‌മെന്റ് തീരുമാനം എന്നും സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഈ സീസണ്‍ അവസാനിക്കുന്നതോടെ ബ്ലാസ്റ്റേഴ്‌സ് വിടുമെന്ന് വിനീത് പറഞ്ഞിരുന്നു. എന്നാല്‍ സീസണ്‍ പൂര്‍ത്തിയാവാന്‍ വിനീത് കാത്തുനില്‍ക്കില്ലെന്നാണ് വാര്‍ത്ത.

ബ്ലാസ്റ്റേഴ്‌സുമൊത്ത് ഒന്നര വര്‍ഷത്തെ കരാര്‍ നിലനില്‍ക്കെയാണ് ജിങ്കാന്‍ ക്ലബ് വിടുന്നത്. 2014 മുതല്‍ ബ്ലാസ്റ്റേഴ്‌സിനെ ജിങ്കാനാണ് നയിച്ചത്. ഈ സീസണില്‍ വളരെ മോശം പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് കാഴ്ച വച്ചത്. ആദ്യ മത്സരത്തിലെ വിജയത്തിന് ശേഷം ബ്ലാസ്റ്റേഴ്‌സിന് വിജയം സ്വന്തമാക്കാനായിട്ടില്ല. ജനുവരി ഒന്ന് മുതല്‍ 31 വരെയാണ് ഐ.എസ്.എല്ലിലെ ട്രാന്‍സ്ഫര്‍ വിന്റോ കാലാവധി.

×