പ്രളയസെസ് ജൂലൈ വരെ മാത്രം, നികുതി കുടിശിക ഒരുമിച്ച് അടച്ചാല്‍ ഇളവ്; വ്യവസായങ്ങള്‍ക്കുള്ള സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷന്‍ ഫീസും കുറച്ചു

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Friday, January 15, 2021

തിരുവനന്തപുരം:  2018ലെ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ചരക്കുസേവന നികുതിക്ക് മേല്‍ ഏര്‍പ്പെടുത്തിയ ഒരു ശതമാനം പ്രളയ സെസിന്റെ കാലാവധി നീട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. ജൂലൈ മാസത്തിലാണ് പ്രളയ സെസിന്റെ കാലാവധി തീരുന്നത്. തുടര്‍ന്നും ഇത് ഈടാക്കില്ലെന്ന് തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

വാറ്റ് നികുതി കുടിശികക്കാര്‍ക്കായി സമഗ്രമായ ആംനസ്റ്റി പദ്ധതിയാണ് കഴിഞ്ഞ വര്‍ഷം നടപ്പാക്കിയത്. ഈ പദ്ധതിയിലൂടെ 32,237  വ്യാപാരികള്‍ക്ക് സമാശ്വാസം ലഭിച്ചു. ഇതുവഴി 3400 കോടി രൂപയുടെ നികുതി കുടിശികയാണ് തീര്‍പ്പാകുന്നത്. കുടിശിക വാറ്റ് അസസ്‌മെന്റുകള്‍ 2021 മാര്‍ച്ചോട് കൂടി മാത്രമേ പൂര്‍ത്തീകരിക്കാന്‍ കഴിയുകയുള്ളൂ.

ഈ സാഹചര്യത്തില്‍ ആംനസ്റ്റി സ്‌കീം പുതിയ സാമ്പത്തിക വര്‍ഷത്തിലും തുടരുന്നതാണ്. കേരള മൂല്യവര്‍ദ്ധിത നികുതി, കേന്ദ്ര വില്‍പ്പന നികുതി, ആഡംബര നികുതി, സര്‍ ചാര്‍ജ്ജ് നിയമപ്രകാരമുള്ള കുടിശിക, കേരള കാര്‍ഷിക ആദായനികുതി തുടങ്ങിയ നിയമങ്ങളുടെ കീഴില്‍ വരുന്ന കുടിശികകള്‍ക്കാണ് ഈ പദ്ധതി ബാധകമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

കുടിശിക തുക ഒരുമിച്ച് അടച്ചാല്‍ നികുതിയില്‍ 40 ശതമാനം ഇളവും തവണകളായി അടച്ചാല്‍ 30 ശതമാനം ഇളവും നല്‍കുന്നതാണ്. ഓപ്ഷന്‍ 2021 ആഗസ്റ്റ് 31ന് മുമ്പ് ഫയല്‍ ചെയ്യേണ്ടതാണ്. ഇപ്പോള്‍ നിലവിലിരിക്കുന്ന ആംനസ്റ്റിയുടെ മറ്റു നിബന്ധനകള്‍ പുതിയ ആംനസ്റ്റിയിലും തുടരുന്നതായിരിക്കും.

2018-19 ബജറ്റില്‍ അണ്ടര്‍ വാല്യൂവേഷന്‍ കേസുകള്‍ തീര്‍പ്പാക്കുന്നതിന് കോമ്പൗണ്ടിംഗ് പദ്ധതി ആവിഷ്‌കരിച്ചിരുന്നു. ഇതിന്റെ കാലാവധി മാര്‍ച്ച് 31ന് അവസാനിക്കും. ഈ കോമ്പൗണ്ടിംഗ് പദ്ധതി പുതിയ സാമ്പത്തിക വര്‍ഷത്തിലേക്ക് ദീര്‍ഘിപ്പിക്കുന്നു. ഇതിലൂടെ 100 കോടി രൂപയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്.

തീറാധാരങ്ങളുടെ സ്റ്റാമ്പ് ഡ്യൂട്ടി എട്ടു ശതമാനവും രജിസ്‌ട്രേഷന്‍ ഫീസ് രണ്ടു ശതമാനവുമാണ്. കെഎസ്‌ഐഡിസി, കിന്‍ഫ്ര, സിഡ്‌കോ, ഡിഐസി, സര്‍ക്കാര്‍ രൂപീകരിക്കുന്ന വ്യവസായ വികസന സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍സ് തുടങ്ങിയവയുടെ വ്യവസായ പാര്‍ക്കുകളുടെയും പ്ലോട്ടുകളുടെയും ഷെഡ്ഡുകളുടെയും ലീസ് ഡീലുകള്‍, ലീസ് കം സെയില്‍, സബ് ലീസ്, പൂര്‍ണ സെയില്‍ ഡീഡ് എന്നിവയ്ക്കും ഈ ഡ്യൂട്ടി ബാധകമാണ്. വ്യവസായ നിക്ഷേപത്തെ ആകര്‍ഷിക്കുന്നതിന് ഇത്തരം ഭൂമി ഇടപാടുകള്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടി നാലു ശതമാനമായും രജിസ്‌ട്രേഷന്‍ ഫീസ് ഒരു ശതമാനമായും കുറയ്ക്കും. ഇതിലൂടെ 25 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്ന് ധനമന്ത്രി പറഞ്ഞു.

വൈദ്യുതി ഉപഭോഗത്തിന്മേല്‍ 10 ശതമാനം ഇലക്ട്രിസിറ്റി ഡ്യൂട്ടിയുണ്ട്. പുതിയ വ്യവസായ നിക്ഷേപങ്ങള്‍ക്ക് ആദ്യത്തെ അഞ്ചുവര്‍ഷം വൈദ്യുതി ചാര്‍ജ്ജിന്മേലുള്ള ഇലക്ട്രിസിറ്റി ഡ്യൂട്ടിയില്‍ നിന്നും ഒഴിവ് നല്‍കുന്നതാണെന്നും ബജറ്റില്‍ പറയുന്നു.

×