Advertisment

ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് പ്രസംഗത്തിന് മുഖചിത്രമായത് ഒന്നാം ക്ലാസ് വിദ്യാര്‍ഥിയുടെ രചന! ധനമന്ത്രി ഇക്കുറി തെരഞ്ഞെടുത്ത സര്‍ഗ സൃഷ്ടികളെല്ലാം സ്‌കൂള്‍ വിദ്യാര്‍ഥികളുടേത് !

New Update

തിരുവനന്തപുരം: ദൈര്‍ഘ്യം കൊണ്ടു റെക്കോര്‍ഡ് ഇട്ട ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് പ്രസംഗത്തിന് മുഖചിത്രമായത് ഒന്നാം ക്ലാസ് വിദ്യാര്‍ഥിയുടെ രചന. കാസര്‍ക്കോട് ഇരിയാന്നി പിഎഎല്‍പിഎസിലെ വി ജീവന്‍ വരച്ച ചിത്രമാണ്, ഐസക്കിന്റെ പന്ത്രണ്ടാം ബജറ്റിന് മുഖശ്രീ ചാര്‍ത്തിയത്.

Advertisment

publive-image

മുഖചിത്രത്തില്‍ മാത്രമല്ല, ബജറ്റിനു മേമ്പൊടിയായി ധനമന്ത്രി ഇക്കുറി തെരഞ്ഞെടുത്ത സര്‍ഗ സൃഷ്ടികളെല്ലാം സ്‌കൂള്‍ വിദ്യാര്‍ഥികളുടേതാണ്. ബജറ്റ് രേഖകളുടെ മുഖചിത്രങ്ങളെല്ലാം കുട്ടികള്‍ വരച്ച ചിത്രങ്ങള്‍.

''നേരം പുലരുകയും

സൂര്യന്‍ സര്‍വ തേജസ്സോടെ ഉദിക്കുകയും

കനിവാര്‍ന്ന പൂക്കള്‍ വിരിയുകയും

വെളിച്ചം ഭൂമിയെ സ്വര്‍ഗമാക്കുകയും ചെയ്യും

നാം കൊറോണയ്‌ക്കെതിരെ

പോരാടി വിജയിക്കുകയും

ആനന്ദം നിറഞ്ഞ പുലരിയെ

തിരികെ എത്തിക്കുകയും ചെയ്യും'' ഈ വരികളോടെയാണ് ധനമന്ത്രി ബജറ്റ് പ്രസംഗം തുടങ്ങിയത്. പാലക്കാട് കുഴല്‍മന്ദം ജിഎച്ച്എസിലെ ഏഴാം ക്ലാസുകാരി കെ സ്‌നേഹ എഴുതിയ കവിതയിലെ വരികളാണിത്.

''യുദ്ധം ജയിച്ചിടും

യുവസൂര്യനുദിച്ചിടും

മുന്നോട്ടു നടന്നിടും നാമിനിയും

വിജയഗാഥകള്‍ ചരിത്രമായി വാഴ്ത്തിടും''-കേരളത്തിന്റെ വിജയഗാഥ ലോകചരിത്രത്തിന്റെ ഭാഗമാവുമെന്ന പ്രത്യാശ പാഴാകില്ലെന്ന് ഉറപ്പുനല്‍കുന്നതായി പ്രഖ്യാപിച്ചുകൊണ്ട്, തിരുവനന്തപുരം മടവൂര്‍ എന്‍എസ്എസ്എച്ച്എസ്എസിലെ ആര്‍എസ് കാര്‍ത്തികയുടെ വരികള്‍ ഉദ്ധരിച്ചുകൊണ്ട് ധനമന്ത്രി ആമുഖത്തില്‍ തന്നെ ഉറപ്പുനല്‍കുന്നു.

വയനാട് കണിയാമ്പറ്റ ജിഎച്ച്എസ്എസിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി കെഎച്ച് അളകനന്ദ്, അയ്യന്‍കേയിക്കല്‍ ഗവ. എച്ച്എസ്എസിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി കനിഹ, തോട്ടട ഗവ. ടെക്‌നിക്കല്‍ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി നവാലു റഹ്മാന്‍, തിരുവനന്തപുരം സെന്റ് ജോസഫ് എച്ച്എസ്എസിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി എസ്എസ് ജാക്‌സണ്‍ എന്നിവരുടെ കവിതകള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തി.

''എത്ര അലക്കിലയാും വെളുക്കാത്ത പഴംതുണി പോലെ

നിറം വരാത്ത ക്ലാവു പിടിച്ച പഴയ ഓട്ടുപാത്രം പോലെ

അവളുടെ ജീവിതം''

സ്ത്രീശാക്തീകരണത്തെക്കുറിച്ചു പറയുമ്പോള്‍ ധനമന്ത്രി പ്രസംഗത്തില്‍ പറഞ്ഞത്, കണ്ണൂര്‍ മൊകേരി രാജീവ്ഗാന്ധി മെമ്മോറിയല്‍ എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി അരുന്ധതി ജയകുമാറിന്റെ ഈ വരികള്‍.

വാളകം സെന്റ് സ്റ്റീഫന്‍ ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസുകാരി അഞ്ജന സന്തോഷ്, പാച്ചേനി ഗവ ഹൈസ്‌കൂളിലെ ഏഴാംക്ലാസുകാരി ഇനാര അലി, കണ്ണാടിപ്പറമ്പ് ജിഎച്ച്എസ്എസിലെ എട്ടാംക്ലാസുകാരന്‍ ഷിനാസ് അഷറഫ്, കൊല്ലം കോയിക്കല്‍ ഗവ. എച്ച്എസ്എസിലെ ഒന്‍പതാംക്ലാസുകാരന്‍ അലക്‌സ് റോബിന്‍ റോയ്, മലപ്പുറം മലഞ്ചേരി ജിയുപിഎസിലെ ഏഴാംക്ലാസുകാരി ദേവനന്ദ, മലപ്പുറം കരിങ്കപ്പാറ ജിയുപിഎസിലെ അഫ്‌റ മറിയം, ഇടുക്കി ഇരട്ടയാര്‍ എസ്ടി എച്ച്എസ്എസിലെ ആദിത്യ രവി തുടങ്ങിയവരാണ് ഐസക്കിന്റെ ബജറ്റില്‍ തെളിഞ്ഞ മറ്റു കാവ്യ സാന്നിധ്യങ്ങള്‍.

ഇടുക്കി കണ്ണംപടി ജിടിഎച്ച്എസ്എസിലെ കെപി അമലിന്റെ വരികള്‍ ഉദ്ധരിച്ചാണ് ധനമന്ത്രി പ്രസംഗം ഉപസംഹരിച്ചത്.

''മെല്ലെയെന്‍ സ്പ്‌നങ്ങള്‍ക്ക്

ചിറകുകള്‍ മുളയ്ക്കട്ടെ

ഉയരട്ടെ അതിലൊരു മനോജ്ഞമാം

നവയുഗത്തിന്റെ പ്രഭാത ശംഖൊലി''

kerala budjet 2021
Advertisment