കെ.എം. മാണി അഴിമതിക്കാരനായിരുന്നുവെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നടത്തിയ പരാമര്‍ശത്തിനെതിരെ കേരള കോണ്‍ഗ്രസ് എം; പരാമര്‍ശം വസ്തുതാവിരുദ്ധമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്; കെ.എം. മാണി കുറ്റക്കാരനല്ലെന്ന് രണ്ട് തവണ വിജിലന്‍സ് കോടതിയും ഹൈക്കോടതിയും കണ്ടെത്തിയിട്ടും, അഭിഭാഷകന്‍ നടത്തിയത് നിരുത്തരവാദപരമായ പരാമര്‍ശം! അഭിഭാഷകനോട് വിശദീകരണം തേടണമെന്നും പരാമര്‍ശം പിന്‍വലിക്കണമെന്നും സ്റ്റീഫന്‍ ജോര്‍ജ്‌

New Update

publive-image

Advertisment

കോട്ടയം: മുന്‍ ധനകാര്യമന്ത്രി കെഎം മാണി അഴിമതിക്കാരന്‍ ആയിരുന്നെന്ന തരത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നടത്തിയ പരാമര്‍ശത്തിനെതിരെ കേരള കോണ്‍ഗ്രസ് എം രംഗത്ത്. പരാമര്‍ശം വസ്തുതാവിരുദ്ധമാണെന്നും, ഇതില്‍ പാര്‍ട്ടി കടുത്ത പ്രതിഷേധം അറിയിക്കുന്നതായും കേരള കോണ്‍ഗ്രസ് എം ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് പറഞ്ഞു.

രണ്ടു തവണ വിജിലൻസ് കോടതിയും ബഹുമാനപ്പെട്ട ഹൈക്കോടതിയും ഒരു തരത്തിലും കുറ്റക്കാരനല്ല എന്ന് കണ്ടെത്തിയ കെ.എം. മാണിയെക്കുറിച്ച്‌ തികച്ചും നിരുത്തരവാദപരമായ പരാമർശം നടത്തിയ അഭിഭാഷകനോട് അടിയന്തരമായി വിശദീകരണം തേടണം. ഈ പരാമർശം ഉടൻ പിൻവലിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും സ്റ്റീഫൻ ജോർജ് പറഞ്ഞു.

നിയമസഭാ കയ്യാങ്കളി കേസ് പരിഗണിക്കുന്നതിനിടെയാണ് സര്‍ക്കാരിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രഞ്ജിത് കുമാര്‍ കെ.എം. മാണി അഴിമതിക്കാരന്‍ ആയിരുന്നെന്ന് പറഞ്ഞത്. മുന്‍ സോളിസിറ്റര്‍ ജനറല്‍ കൂടിയാണ് രഞ്ജിത് കുമാര്‍. ഹര്‍ജി പരിഗണിക്കുന്നത് ജൂലൈ 15-ലേക്ക് മാറ്റി.

അഴിമതിക്കാരനെതിരെയാണ് എം.എല്‍.എമാര്‍ സഭയില്‍ പ്രതിഷേധിച്ചതെന്നും സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍, കേരള നിയമസഭയില്‍ എം.എല്‍.എമാര്‍ നടത്തിയ അക്രമസംഭവങ്ങളെ അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. നിയമസഭാ കയ്യാങ്കളിക്കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

എന്നാല്‍ ഒരു നിയമസഭയെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ളതാണ് ധനബില്‍ അവതരണവുമായി ബന്ധപ്പെട്ട നടപടികള്‍. ആ അവതരണമാണ് ഈ എംഎല്‍എമാര്‍ തടസ്സപ്പെടുത്തിയതെന്നും അതിനെ അംഗീകരിക്കാനാവില്ലെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കി. എന്ത് സന്ദേശമാണ് ഇതിലൂടെ എംഎല്‍എമാര്‍ പൊതുസമൂഹത്തിന് നല്‍കിയതെന്ന് ബെഞ്ചിലെ മറ്റൊരു അംഗമായ എം ആര്‍ ഷാ ആരാഞ്ഞു.

kerala congress m km mani kerala congress stephen george
Advertisment