Advertisment

സിപിഐ ഉള്‍പ്പെടെ കൂടെ നിന്നു പാലം വലിച്ചെന്ന നിഗമനത്തിൽ കേരളാ കോൺഗ്രസ് ജോസ് വിഭാഗമെന്ന് സൂചന ! കോട്ടയത്ത് പാർട്ടി മത്സരിച്ച അഞ്ചു സീറ്റിലും അട്ടിമറി ഉണ്ടായതായി സംശയം. നായർ വോട്ടുകളും പാർട്ടിയുടെ പെട്ടിയിൽ വീണില്ല. പാലായിൽ കിട്ടാതെ പോയത് ഉറച്ച ക്രൈസ്തവ വോട്ടുകൾ ! പല മണ്ഡലങ്ങളിലും വിജയപ്രതീക്ഷ മങ്ങുന്നതായി വിലയിരുത്തൽ. വാര്‍ത്ത നിക്ഷേധിച്ച് കേരളാ കോണ്‍ഗ്രസും രംഗത്ത് !

New Update

publive-image

Advertisment

കോട്ടയം: ജില്ലയിൽ കേരളാ കോൺഗ്രസ് മാണി വിഭാഗം മത്സരിച്ച അഞ്ചു സീറ്റിലും സിപിഐ അടക്കമുള്ളവർ പാലം വലിച്ചതായി കേരളാ കോൺഗ്രസ് നിഗമനമെന്ന് റിപ്പോര്‍ട്ട് .

സിപിഐക്ക് പുറമെ എൽഡിഎഫിലെ ചില ഘടകകക്ഷികളും കേരളാ കോൺഗ്രസിന് വോട്ടു ചെയ്തില്ലെന്നാണ് കണ്ടെത്തൽ. ഇതോടെ പാലാ അടക്കമുള്ള സ്ഥലങ്ങളിൽ പാർട്ടിയുടെ വിജയപ്രതീക്ഷ സംശയ നിഴലിലായി. പാലായില്‍ നേരിയ ഭൂരിപക്ഷത്തില്‍ മാത്രമായിരിക്കും വിജയമെന്നാണ് വിലയിരുത്തല്‍.

കേരളാ കോൺഗ്രസ് എം മുന്നണിയിൽ വന്നതോടെ സിപിഐക്കാണ് കോട്ടയം ജില്ലയിൽ നഷ്ടം സംഭവിച്ചത്. അവർ സ്ഥിരമായി മത്സരിച്ചിരുന്ന കാഞ്ഞിരപ്പള്ളി സീറ്റ് കൈവിടേണ്ടി വന്നു. ജില്ലയിലെ സാന്നിധ്യം സംവരണ മണ്ഡലമായ വൈക്കത്ത് മാത്രമായി ഒതുങ്ങി.

എന്നാൽ കേരളാ കോൺഗ്രസാകട്ടെ അഞ്ചു സീറ്റിൽ മത്സരിച്ചു. പാലാ, ചങ്ങനാശേരി, കടുത്തുരുത്തി, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി സീറ്റുകളാണ് ലഭിച്ചത്. ഇവിടങ്ങളിൽ സിപിഐ വോട്ടുകൾ കിട്ടിയിട്ടില്ലെന്ന് മാത്രമല്ല, ഇതു എതിരാളികൾക്ക് ലഭിക്കുക കൂടി ചെയ്തുവെന്ന് കേരളാ കോണ്‍ഗ്രസില്‍ ഒരു വിഭാഗം വിശ്വസിക്കുന്നു.

അതേസമയം ഈ വാര്‍ത്ത നിക്ഷേധിച്ച് കേരളാ കോണ്‍ഗ്രസ് എം ഉന്നത നേതൃത്വം തന്നെ രംഗത്തെത്തിയിട്ടുണ്ട് . കേരളാ കോണ്‍ഗ്രസ്സ് എമ്മിന് വലിയ പിന്തുണയാണ് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ എല്ലാ ഘടകകക്ഷികളില്‍ നിന്നും ഉണ്ടായതെന്ന് പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗം ചേര്‍ന്ന് പ്രസ്താവന പുറത്തിറക്കി .

എല്ലാ പ്രദേശങ്ങളിലും സി പി ഐ ഉള്‍പ്പെടെയുള്ള ഇടതുമുന്നണിയിലെ എല്ലാ ഘടകകക്ഷികളും ഒറ്റക്കെട്ടായി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി അണിനിരന്നതായും യോഗം അഭിപ്രായപ്പെട്ടു.

എന്നാല്‍ ജോസ് വിഭാഗം മത്സരിച്ച പലയിടങ്ങളിലും സിപിഐ നേതാക്കൾ പ്രചാരണ രംഗത്തു കൂടി രംഗത്തിറങ്ങിയില്ലെന്നത് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതും കേരളാ കോൺഗ്രസിൻ്റെ സ്ഥാനാർത്ഥികളെ നല്ല രീതിയിൽ ബാധിച്ചു. സിപിഐ മാത്രമല്ല, കുറച്ചു വോട്ടുകൾ മാത്രമുള്ള ചില ഘടകകക്ഷികളും വോട്ടു ചെയ്തില്ല എന്നാണ് ജോസ് കെ മാണി വിഭാഗത്തിൻ്റെ വിലയിരുത്തൽ.

എൻസിപി, ജനതാദൾ, ജനാധിപത്യ കേരളാ കോൺഗ്രസ് എന്നി കക്ഷികളാണ് പിന്നിൽ നിന്നും കുത്തിയെന്ന് ജോസ് വിഭാഗം കരുതുന്നത്. ചുരുക്കത്തിൽ സ്ഥാനാർത്ഥിയുടെ വ്യക്തിപരമായ വോട്ടിനു പുറമെ സിപിഎമ്മിൻ്റെയും കേരളാ കോൺഗ്രസിൻ്റെയും വോട്ടുകൾ മാത്രമെ കിട്ടിയുള്ളു എന്നു വ്യക്തം.

ഇതിനു പുറമെ പാലായടക്കമുള്ള സ്ഥലങ്ങളിൽ ക്രൈസ്തവ വോട്ടുകളും കാര്യമായി കിട്ടിയില്ല എന്നു കേരളാ കോൺഗ്രസ് കരുതുന്നു. പരമ്പരാഗതമായി കെഎം മാണിക്ക് കിട്ടിയ വോട്ടുകൾ ഇത്തവണ വീണില്ലെന്നും ജോസ് വിഭാഗം വിശ്വസിക്കുന്നു. ഇതോടെ പാർട്ടി മത്സരിച്ച പല മണ്ഡലങ്ങളിലും വിജയപ്രതീക്ഷയ്ക്ക് മങ്ങലേൽക്കുകയാണ്.

കേരളാ കോൺഗ്രസിന് ലഭിച്ചിരുന്ന നായർ വോട്ടുകളും ഇത്തവണ കിട്ടിയില്ലെന്നും പറയപ്പെടുന്നു. ഇതോടെ ഫലം വരുന്നതിനു പിന്നാലെ മധ്യകേരളത്തിലെങ്കിലും കാലുവാരൽ ആരോപണം ഇടതിനു കുരുക്കാകും.

kerala congress m kottayam news
Advertisment