തിരുവല്ലയെ ചൊല്ലി ജോസഫ് വിഭാഗത്തില്‍ കല്ലുകടി ! സീറ്റിനായി മത്സരിച്ച് നാലു ഉന്നതാധികാര സമിതിയംഗങ്ങള്‍. തിരുവല്ലയില്‍ കണ്ണുനട്ട് വിക്ടര്‍ ടി തോമസ്, ജോസഫ് എം പുതുശേരി, സാം ഈപ്പന്‍, കുഞ്ഞുകോശി പോള്‍ എന്നിവര്‍. സീറ്റ് കിട്ടാനുള്ള ഒന്നാം അര്‍ഹത തനിക്കെന്ന് വിക്ടര്‍. സീറ്റു കിട്ടിയില്ലെങ്കില്‍ വിമതനാകും ! വിട്ടുകൊടുക്കില്ലെന്ന് ജോസഫ് എം പുതുശേരിയും

ന്യൂസ് ബ്യൂറോ, കോട്ടയം
Tuesday, February 23, 2021

പത്തനംതിട്ട: സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് മുന്‍പേ തിരുവല്ല മണ്ഡലത്തെ ചൊല്ലി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ തര്‍ക്കം. നാല് ഉന്നതാധികാര സമിതി അംഗങ്ങളാണ് മത്സരിക്കാന്‍ തയ്യാറായി നില്‍ക്കുന്നത്. സീറ്റില്‍ മറ്റൊരാള്‍ക്കും അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടി ജില്ലാ പ്രസിഡന്റ് വിക്ടര്‍ ടി തോമസ് പാര്‍ട്ടി ചെയര്‍മാന്‍ പിജെ ജോസഫിനെ സമീപിച്ചു.

മുന്‍ എംഎല്‍എ ജോസഫ് എം പുതുശ്ശേരി, ജില്ലാ പഞ്ചായത്തംഗം സാം ഈപ്പന്‍, കുഞ്ഞുകോശി പോള്‍ എന്നിവരും സീറ്റ് ആവശ്യവുമായി രംഗത്തുണ്ട്. തിരുവല്ല സീറ്റ് തന്റേതാണെന്നാണ് വിക്ടര്‍ ടി തോമസ് പറയുന്നത്. ഇത് കിട്ടാനുള്ള ഒന്നാമത്തെ അര്‍ഹത തനിക്കാണെന്നും പത്തനംതിട്ട ജില്ലാ പ്രസിഡന്റ് കൂടിയായ അദ്ദേഹം പറയുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളോട് പരസ്യമായിട്ടായിരുന്നു വിക്ടറിന്റെ പ്രതികരണം. പാര്‍ട്ടിക്കുള്ളില്‍ ഉയരുന്ന കലാപക്കൊടിയുടെ സൂചനയാണ് അദ്ദേഹത്തിന്റെ വാക്കുകള്‍.

കഴിഞ്ഞ മൂന്ന് തവണയായി കേരളകോണ്‍ഗ്രസ് തോല്‍ക്കുന്ന മണ്ഡലമാണ് തിരുവല്ല. ഇതില്‍ രണ്ട് തവണ തോറ്റത് വിക്ടര്‍ ടി തോമസ് തന്നെ. എന്നാല്‍ പാര്‍ട്ടിക്കുളളില്‍ നിന്ന് കാല് വാരിയതാണ് തോല്‍വിക്ക് കാരണമെന്നാണ് അന്നുമുതലുള്ള വിക്ടറിന്റെ ആരോപണം.

വര്‍ഷങ്ങളോളം കെഎം മാണിക്കൊപ്പം നിന്നിട്ടും ഇക്കഴിഞ്ഞ പാര്‍ട്ടി പിളര്‍പ്പില്‍ പിജെ ജോസഫിന്റെ ചേരിയില്‍ ഉറച്ച് നിന്ന തന്നെ തഴയരുതെന്നാണ് വിക്ടറിന്റെ ആവശ്യം. നിലവില്‍ ജോസഫിന്റെ കൂടെയുള്ള പഴയ മാണി ഗ്രൂപ്പുകാര്‍ക്ക് പാര്‍ട്ടിയില്‍ വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്നും ആരോപണമുണ്ട്.

പിജെ ജോസഫ് നല്ല മനുഷ്യനാണെന്നും എന്നാല്‍ അദ്ദേഹത്തിന്റെ ചുറ്റിലുമുള്ള ചില നേതാക്കള്‍ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും വിക്ടര്‍ ആരോപിച്ചു. സീറ്റ് കിട്ടിയില്ലെങ്കില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ തിരുവല്ലയില്‍ വിമതനാകുമെന്ന ഭീഷണിയും വിക്ടര്‍ ടി. തോമസ് പി ജെ ജോസഫിന് മുന്നില്‍ ഉയര്‍ത്തിയിട്ടുണ്ട്.

അതേസമയം സീറ്റ് കിട്ടിയില്ലെങ്കില്‍ പാര്‍ട്ടി വിട്ടുവന്നത് ദോഷം ചെയ്യുമെന്നാണ് ജോസഫ് എം പുതുശേരിയുടെ പക്ഷം. സീറ്റിനായി വലിയ സമ്മര്‍ദ്ദമാണ് പുതുശേരിയും നടത്തുന്നത്.

×