സംസ്ഥാനത്തിന്റെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതീക്ഷ പകരുന്നു: ചികില്‍സയിലായിരുന്ന 12 പേര്‍ രോഗമുക്തരായി

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, March 26, 2020

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ ചികില്‍സയിലായിരുന്ന 12 പേര്‍ രോഗമുക്തരായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ ഒമ്ബതുപേരും അടുത്തിടെ രോഗം സ്ഥിരീകരിച്ചവരാണ്.

സംസ്ഥാനത്തിന്റെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതീക്ഷ പകരുന്നതാണ് ഇതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്താകെ 76,542 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 76,010 പേര്‍ വീടുകളിലും 532 പേര്‍ ആശുപത്രികളിലും. 4902 രക്തസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 3465 സാംപിളുകളില്‍ രോഗമില്ലെന്ന് സ്ഥിരീകരിച്ചു.

കേരളത്തില്‍ പുതുതായി ഒന്‍പതുപേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. എറണാകുളം-3, പാലക്കാട്-2, പത്തനംതിട്ട-2, ഇടുക്കി-1, കോഴിക്കോട്-1 എന്നിങ്ങനെയാണ് പുതിയ കോവിഡ് കേസുകള്‍. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 112 ആയി. തിങ്കളാഴ്ച 122 പേരെ നിരീക്ഷണത്തിനായി വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ നാലുപേര്‍ ദുബായില്‍നിന്ന് മടങ്ങിയവരും ഓരോരുത്തര്‍ യു.കെ.യില്‍നിന്നും ഫ്രാന്‍സില്‍നിന്നും വന്നവരുമാണ്. മൂന്നുപേര്‍ക്ക് നേരിട്ടുള്ള സമ്ബര്‍ക്കത്തിലൂടെയാണു രോഗം പകര്‍ന്നത്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരില്‍ 91 പേര്‍ വിദേശത്തുനിന്നെത്തിയവരാണ്. എട്ടുപേര്‍ വിദേശികള്‍. 19 പേര്‍ക്ക് നേരിട്ടുള്ള സമ്ബര്‍ക്കത്തിലൂടെ രോഗം പകര്‍ന്നു.

×