സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷം: ഇന്ന് 1167 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു: 679 പേർ രോഗമുക്തി നേടി: 888 പേർക്ക് സമ്പർക്കത്തിലൂടെ രോ​ഗം

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 1167 പേരിൽ 888 കേസുകൾ സമ്പർക്കത്തിലൂടെ. ഇതിൽ 55 പേരുടെ ഉറവിടം വ്യക്തമല്ല. 679 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. രോഗബാധിതരിൽ 122 പേർ വിദേശത്ത് നിന്നും 96 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 33 ആരോഗ്യപ്രവർത്തകർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

Advertisment

തിരുവനന്തപുരം, കോട്ടയം, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം നൂറിന് മുകളിലാണ്. പൊസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം 227, കോട്ടയം 118, മലപ്പുറം 112, തൃശ്ശൂർ 109, കൊല്ലം 95, പാലക്കാട് 86, ആലപ്പുഴ 84, എറണാകുളം 70, കോഴിക്കോട് 67, പത്തനംതിട്ട 63, വയനാട് 53, കണ്ണൂർ 43, കാസർകോട് 38, ഇടുക്കി 7. നെഗറ്റീവായവരുടെ കണക്ക്: തിരുവനന്തപുരം 170, കൊല്ലം 70, പത്തനംതിട്ട 28, ആലപ്പുഴ 80, കോട്ടയം 20, ഇടുക്കി 27, എറണാകുളം 83, തൃശ്ശൂർ 45, പാലക്കാട് 40, മലപ്പുറം 34, കോഴിക്കോട് 13, വയനാട് 18, കണ്ണൂർ 15, കാസർകോട് 36.

തിരുവനന്തപുരത്തിൻറെ കാര്യം പ്രത്യേകം പറയേണ്ടതുണ്ട്. കൊവിഡ് വലിയ രീതിയിൽ തലസ്ഥാനത്ത് പടർന്നിട്ടുണ്ട്. ഇന്ന് മേനംകുളം കിൻഫ്രാ പാർക്കിൽ 300 പേ‍രെ പരിശോധിച്ചതിൽ 88 പേർക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്തിൻറെ പൊതു സ്ഥിതി എടുത്താൽ 12 പേരെ ടെസ്റ്റ് ചെയ്യുമ്പോഴാണ് ഒരാൾ പോസിറ്റീവാകുന്നത്. കേരളത്തിൽ ഇത് 36-ൽ ഒന്ന് എന്ന നിലയ്ക്കാണ്. എന്നാൽ തിരുവനന്തപുരത്ത് ഇത് 18-ൽ ഒന്ന് എന്ന നിലയ്ക്കാണ്.

രോഗബാധിതരെ മൊത്തം കണ്ടെത്താനുള്ള സർവൈലൻസാണ് നടത്തുന്നത്. ക്ലസ്റ്റർ രൂപപ്പെട്ടത് ആദ്യം ശ്രദ്ധയിൽപെട്ടത് ഈ മാസം ആദ്യം, അഞ്ചാം തീയതി പൂന്തുറയിലാണ്. ബീമാപ്പള്ളി - പുല്ലുവിള മേഖലകളിൽ 15-ാം തീയതിയോടെ ക്ലസ്റ്ററുകൾ രൂപപ്പെട്ടു. ഡബ്ല്യുഎച്ച്ഒ മാർഗരേഖയുടെ മാതൃകയിലാണ് രോഗനിയന്ത്രണപ്രവർത്തനങ്ങൾ ഇവിടെ നടക്കുന്നത്.

വലിയതുറ, അഞ്ചുതെങ്ങ്, ചിറയിൻകീഴ്, കുളത്തൂർ, പരവൂർ, കടയ്ക്കാവൂ‍ർ, കുന്നത്തുകാൽ, പെരുമാതുറ, പുതുക്കുറിച്ചി എന്നീ തീരമേഖലകളിൽ തുടർന്ന് ക്ലസ്റ്ററുകൾ വന്നു. പൂന്തുറയിലും പുല്ലുവിളയിലും പ്രവർത്തനപദ്ധതിയിൽ മാറ്റങ്ങൾ വരുത്തി രോഗനിയന്ത്രണപദ്ധതികൾ നടപ്പാക്കിയെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Advertisment