വകുപ്പുകളില്‍ നിന്ന് സര്‍ക്കാര്‍ 21,797 കോടി പിരിച്ചെടുക്കാനുണ്ടെന്ന് സിഎജി; കുടിശികയ്ക്കു കാരണം കേസുകളെന്ന് സർക്കാർ

author-image
Charlie
New Update

publive-image

സംസ്ഥാന ബജറ്റില്‍ ഇന്ധന സെസും മറ്റ് നികുതി വര്‍ധനവുകളും പ്രഖ്യാപിച്ച സര്‍ക്കാര്‍ വിവിധ വകുപ്പുകളില്‍ നിന്ന് 21,797 കോടി രൂപ പിരിച്ചെടുക്കാനുണ്ടെന്ന് സിഎജി റിപ്പോര്‍ട്ട്. ഇതിൽ 7100.32 കോടി 5 വർഷമായി കുടിശികയാണെന്നും കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ‌ (സിഎജി) 2020–21ലെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

Advertisment

ഇന്ധന സെസിലൂടെ ഒരു വർഷം സര്‍ക്കാര്‍ ലക്ഷ്യമിടുന്ന 750 കോടി രൂപയുടെ 30 ഇരട്ടിയാണ് ഇത്തരത്തില്‍ പിരിച്ചെടുക്കാനുള്ളത്. കുടിശിക വരുത്തിയതിൽ വകുപ്പുകളും വൻകിടക്കാരുമുണ്ടെന്ന സിഎജി റിപ്പോർട്ട് ധനമന്ത്രി നിയമസഭയിൽ വച്ചു.

2021 മാർച്ച് 31 വരെയുള്ള കണക്കുപ്രകാരം പിരിച്ചെടുക്കാനാകാത്ത തു‌ക ആകെ റവന്യു വരുമാനത്തിന്റെ 22% വരും.∙ ആകെ കുടിശികയിൽ 6422 കോടി രൂപ സർക്കാർ വകുപ്പുകളിൽനിന്നും തദ്ദേശ സ്ഥാപനങ്ങളിൽനിന്നും കിട്ടാനുണ്ട്. ∙ ജിഎസ്ടി വകുപ്പിനു കീഴിലെ തിരഞ്ഞെടുത്ത ചില ഓഫിസുകളിൽ നടത്തിയ പരിശോധനയില്‍  471 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയെന്നും സിഎജി റിപ്പോട്ടില്‍ കണ്ടെത്തിയിട്ടുണ്ട്.

ഉൽപന്നങ്ങൾക്ക് തെറ്റായ നികുതിനിരക്ക് ചുമത്തിയതുമൂലം വരുമാനത്തിൽ 11 കോടിയുടെ കുറവുണ്ടായെന്നും രേഖകൾ കൃത്യമായി പരിശോധിക്കാത്തതിനാൽ 7.54 കോടി നഷ്ടപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തേയിലയ്ക്കുള്ള നികുതി തെറ്റിച്ചതിനാൽ  6.36 കോടി രൂപ സര്‍ക്കാരിന് നഷ്ടപ്പെട്ടെന്നും സിഎജി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

Advertisment