ഗവര്‍ണറുടെ നയപ്രഖ്യാപനം ഇന്ന് രാവിലെ ഒന്‍പതിന്, പൗരത്വ നിയമ പരാമര്‍ശങ്ങള്‍ ഉണ്ടാവില്ല

New Update

തിരുവനന്തപുരം: ഇന്ന് തുടങ്ങുന്ന നിയമസഭാസമ്മേളനത്തില്‍ അവതരിപ്പിക്കുന്ന നയപ്രഖ്യാപനത്തില്‍ പൗരത്വനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ വായിക്കില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സര്‍ക്കാരിനെ അറിയിച്ചു.

Advertisment

publive-image

ഇന്ന് രാവിലെ 9-നാണ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം. സംസ്ഥാനം ഗവര്‍ണറിലേക്ക് ഉറ്റുനോക്കുന്നതിനിടെയാണ്, പൗരത്വവിഷയത്തിലെ പരാമര്‍ശങ്ങള്‍ വായിക്കില്ലെന്ന് ഭരണഘടനാ ചട്ടവും സുപ്രീംകോടതി വിധിയും ഉദ്ധരിച്ച് ഗവര്‍ണര്‍ മുഖ്യമന്ത്രിയെ രേഖാമൂലം അറിയിച്ചത്. മന്ത്രിസഭ അംഗീകരിച്ച കരട് നയപ്രഖ്യാപനത്തില്‍ മാറ്റം വരുത്താനാകില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചതിനുശേഷമായിരുന്നു ഇത്.

നയപ്രഖ്യാപന പ്രസംഗത്തിലെ പതിനെട്ടാം ഖണ്ഡികയിലാണ് പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളുള്ളത്. വിയോജിപ്പുള്ള ഭാഗം വായിക്കാതെ വിടുമെങ്കിലും നിയമസഭയില്‍ സര്‍ക്കാരിനെ കൂടുതല്‍ ബുദ്ധിമുട്ടിക്കുന്ന സമീപനം ഗവര്‍ണറില്‍ നിന്നുണ്ടായേക്കില്ല. അഥവാ, ഗവര്‍ണര്‍ പ്രസംഗത്തിലെ ഉള്ളടക്കത്തിനപ്പുറം കടന്ന് എന്തെങ്കിലും പരാമര്‍ശം നടത്തിയാലും സ്പീക്കര്‍ക്ക് അത് രേഖയില്‍നിന്ന് നീക്കാം.

റിപ്പബ്ലിക് ദിനത്തില്‍ മുഖ്യമന്ത്രിയുമായും സ്പീക്കറുമായും ഗവര്‍ണര്‍ നടത്തിയ കൂടിക്കാഴ്ച സൗഹാര്‍ദ്ദപരമായിരുന്നു. ഇരുപക്ഷത്തും അയവാര്‍ന്ന സമീപനത്തിലേക്ക് കാര്യങ്ങള്‍ മാറി. ഗവര്‍ണര്‍ ചില ഭാഗങ്ങള്‍ വായിക്കാതെ വിട്ടാലും അത് വായിച്ചതായി കണക്കാക്കി രേഖയുടെ ഭാഗമാകുമെന്ന് മുന്‍കാല റൂളിംഗുകളുള്ളതിനാല്‍ സര്‍ക്കാരിന് വേവലാതിയില്ല.

ഗവര്‍ണര്‍ക്കെതിരെ ഭരണകക്ഷി അംഗങ്ങളില്‍ നിന്ന് പ്രതിഷേധമുണ്ടാകില്ല. എന്നാല്‍ ഗവര്‍ണറെ തിരിച്ചുവിളിക്കാനാവശ്യപ്പെടുന്ന പ്രമേയത്തിന് നോട്ടീസ് നല്‍കിയ പ്രതിപക്ഷത്തിന് അടങ്ങിയിരിക്കാനാവില്ല. ഗവര്‍ണര്‍ എത്തുമ്പോള്‍ പരസ്യപ്രതിഷേധത്തിനോ, ബഹിഷ്‌കരണത്തിനോ അവര്‍ മുതിര്‍ന്നേക്കും. ഭരണ, പ്രതിപക്ഷ കക്ഷികളുടെ നിയമസഭാകക്ഷി യോഗങ്ങള്‍ ഇന്ന് രാവിലെ ചേര്‍ന്ന് തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യും.

kerala governer legislative assembly
Advertisment