ഖജനാവ് ധൂർത്തടിക്കുന്ന സർക്കാർ പരസ്യങ്ങൾ !

പ്രകാശ് നായര്‍ മേലില
Friday, September 11, 2020

അന്താരാഷ്ട്ര നിലവാരമുള്ള 34 ഹൈട്ടെക്ക് സ്‌കൂളുകൾ നാടിനു സമർപ്പിക്കുന്നു എന്ന പേരിൽ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ എല്ലാ മലയാളപത്രങ്ങളിലും ഫുൾ പേജ് പരസ്യങ്ങളാണ് സർക്കാർ നൽകിയിരിക്കുന്നത്. കോവിഡ് കാലത്ത് സർക്കാർ പലപ്പോഴും ഇതുപോലെയുള്ള ഫുൾ പേജ് പരസ്യങ്ങൾ പലതവണ നൽകിയിട്ടുണ്ട്. കോടിക്കണക്കിനു രൂപയാണ് ഈ പരസ്യങ്ങൾക്കായി നമ്മുടെ ഖജനാവിൽനിന്നും സർക്കാർ ഒഴുക്കിവിടുന്നത്.

സർക്കാരിന്റെ നേട്ടങ്ങൾ വിശദീകരിക്കാനും ജനങ്ങളിലേക്കെത്തിക്കാനും ഒരു പണവും ചെലവില്ലാതെ സമൂഹമാധ്യമങ്ങൾ വഴി സാധിക്കുമെന്നിരിക്കേ പത്ര മാധ്യമങ്ങൾ വഴിയുള്ള ഈ പരസ്യം ധൂർത്തുത ന്നെയാണ്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എംഎല്‍എ മാർക്കുമെല്ലാം സമൂഹമാധ്യമങ്ങളിൽ അക്കൗണ്ടുകളും ലക്ഷക്കണക്കിന് അനുയായികളുമുണ്ട്.

മുഖ്യമന്ത്രിയുടെ വൈകുന്നേരത്തെ പത്രസമ്മേളനത്തിലും ഭരണനേട്ടങ്ങൾ അദ്ദേഹം വിശദീകരിക്കുന്നുണ്ട്. അതും കൂടാതെ നിയമസഭയിൽ അദ്ദേഹം നടത്തിയ റിക്കാർഡ് പ്രസംഗം മുഴുവനും ഭാരനേട്ടങ്ങളെപ്പറ്റിയായിരുന്നു. ഇന്ന് ഹൈട്ടെക്ക് സ്‌കൂളുകൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത് വിക്ടർ ചാനൽ വഴി ലൈവായിട്ടായിരുന്നു. അതും ലക്ഷക്കണക്കിനാൾക്കാർ കണ്ടിട്ടുണ്ട്.

ഓർക്കണം, നിത്യച്ചെലവുകൾക്കും ശമ്പളം കൊടുക്കാനും വികസനത്തിനുമൊക്കെ പണമില്ലാതെ കടക്കെണിയിലായ സർക്കാർ, ചെലവ്ചുരുക്കുന്നതിനു പകരം ഇത്തരത്തിലുള്ള പരസ്യങ്ങളിലൂടെ കോടിക്കണക്കിനു രൂപയാണ് ഖജനാവിൽ നിന്നും വെറുതേ ചെലവിടുന്നത്.

ഇക്കഴിഞ്ഞ തിരുവോണ ദിവസം എല്ലാ പത്രങ്ങളിലും 4 പേജ് ഓണം സപ്പ്ളിമെൻറ് എന്ന തരത്തിൽ വന്നത് ഭരണനേട്ടങ്ങൾ വിശദീകരിക്കുന്ന സർക്കാർ പരസ്യമായിരുന്നു എന്ന വിവരം പലർക്കുമറിയില്ല.

തെരഞ്ഞെടുപ്പുകൾ അടുത്തുവരുകയാണ്. ഈ പരസ്യങ്ങൾ വഴി രണ്ടു കാര്യമാണ് സർക്കാർ ലക്ഷ്യമിടു ന്നതെന്ന് വ്യക്തം. ഒന്ന് അടുത്തുവരുന്ന പഞ്ചായത്ത്, തദ്ദേശഭരണ തെരഞ്ഞെടുപ്പ്, രണ്ട് മാധ്യമ പ്രീണനം. ജനങ്ങളുടെ നികുതിപ്പണം ഇങ്ങനെ വാരിക്കോരി ചെലവഴിക്കുന്നത് തീർച്ചയായും രാഷ്ട്രീയ നേട്ടത്തിനുതന്നെയാണ്.

ഖജനാവിലെ പണം ഉപയോഗിച്ച് സർക്കാർ നേട്ടങ്ങൾ എന്ന പേരിൽ വ്യാപകമായി പരസ്യം നൽകുന്നത് ശക്തമായി എതിർക്കപ്പെടേണ്ടതുതന്നെയാണ്. പ്രത്യേകിച്ചും സാമ്പത്തികമായി വളരെയധികം ഞെരു ക്കമുള്ള ഈ കോവിഡ് കാലത്ത്. പ്രതിപക്ഷത്തിൻ്റെ ഭാഗത്തുനിന്നും കാര്യമായ പ്രതിഷേധം ഇതുമായി ബന്ധപ്പെട്ടുണ്ടായില്ല എന്നതും ശ്രദ്ധേയമാണ്. കാരണം നാളെ അവരും അധികാരത്തിലെത്തിയാൽ ഇതുതന്നെയാകും ചെയ്യുക.

×