‘ഡോളര്‍, സ്വര്‍ണക്കടത്ത് അന്വേഷണങ്ങള്‍ വഴിതിരിച്ച് വിടുന്നു’; കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Friday, March 26, 2021

തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ തടസപ്പെടുത്താന്‍ ശ്രമിക്കുന്നു, ഡോളര്‍, സ്വര്‍ണക്കടത്ത് കേസ് അന്വേഷണങ്ങള്‍ വഴിതിരിച്ച് വിടുന്നു എന്നീ വിലയിരുത്തലിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി.

റിട്ട. ജഡ്ജി കെ വി മോഹനെ കമീഷനാക്കാനാണ് മന്ത്രിസഭാ യോഗത്തിലെ തീരുമാനം. തെരഞ്ഞെടുപ്പ് കമീഷന്റെ അനുമതി ലഭിച്ച ശേഷമായിരിക്കും ഇക്കാര്യം സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കുക.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ പുതിയ നടപടി. ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഇന്നലെ ഹൈക്കോടതി തള്ളിയിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നല്‍കാന്‍ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനുമേല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമ്മര്‍ദ്ദം ചെലുത്തിയെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിനെതിരെയാണ് ഇഡി ഹൈക്കോടതിയെ സമീപിച്ചത്.

×