കേരളത്തെ കാത്തിരിക്കുന്നത് ചുട്ടുപൊള്ളുന്ന വേനൽ കാലം, അടുത്ത രണ്ടു മാസം മലയാളി വിയർക്കും

ന്യൂസ് ബ്യൂറോ, കോട്ടയം
Friday, January 24, 2020

കോട്ടയം : കേരളത്തിൽ ചൂട് കൂടുന്നതിനു പിന്നിൽ വടക്കേ ഇന്ത്യയിൽനിന്ന് കേരളത്തിലേക്ക് എത്തുന്ന കാറ്റിന്റെ ദിശ മാറിയതും ഏറ്റക്കുറച്ചിൽ ഉണ്ടായതുമാണെന്ന് കാലാവസ്ഥാ വിദഗ്ധർ. ലോകത്ത് ഏറ്റവും വേഗത്തിൽ ചൂടുപിടിക്കുന്ന അറബിക്കടൽ ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഭാഗമായി പതിവിലും ചൂടായതും കേരളത്തിലെ അന്തരീക്ഷ താപനില വർധിപ്പിച്ചു.

എന്നാൽ വടക്കേ ഇന്ത്യയിൽ ദിവസങ്ങൾക്കുള്ളിൽ പശ്ചിമവാതം സജീവമാകുന്നതോടെ കേരളത്തിലെ ചൂട് ചെറിയ ഇടവേളയിൽ കുറയുമെന്ന് കാലാവസ്ഥ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇത് താൽക്കാലികം മാത്രമാണ്.

ഫെബ്രുവരി–മാർച്ച് മാസങ്ങളിൽ പതിവിലും കൂടുതൽ ചൂടിനു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. കേരളത്തിലെ അന്തരീക്ഷം തണുപ്പിക്കുന്നതിൽ വടക്കേ ഇന്ത്യയിൽനിന്നുള്ള കാറ്റിനു വലിയ പ്രാധാന്യമുണ്ട്. ജനുവരി മാസത്തിൽ അവിടെനിന്ന് ലഭിക്കുന്ന തണുത്ത കാറ്റാണ് കേരളത്തിന്റെ ചൂട് കുറയ്ക്കുന്നത്. ഇത്തവണ ഈ കാറ്റിന്റെ ഗതി മാറിയതോടെ കേരളത്തിൽ ചൂട് കൂടി.

ആർട്ടിക് മേഖലയിൽ ഉണ്ടായ പ്രതിഭാസമാണ് കഴിഞ്ഞ വർഷം കേരളത്തിൽ തണുപ്പ് കൂട്ടിയത്. അവിടെനിന്നുള്ള തണുത്ത കാറ്റ് കിട്ടിയതിനാൽ അന്തരീക്ഷം തണുത്തു. ഈ വർഷം ആ പ്രതിഭാസം ഉണ്ടാകാത്തതും ചൂട് കൂട്ടി. പ്രവചനങ്ങൾ സാധ്യമല്ലാത്ത രീതിയിലാണ് ഇപ്പോൾ കാലാവസ്ഥ പെരുമാറുന്നതെന്ന് വിദഗ്ധർ പറയുന്നു.

നഗരവൽക്കരണവും വന നശീകരണവുമെല്ലാം കേരളത്തിന്റെ കാലാവസ്ഥയെ മാറ്റുന്നു. രണ്ടു ദിവസം മുൻപ് കൊച്ചി നേവൽ ബേസിൽ 32 ഡിഗ്രിയായിരുന്നു താപനിലയെങ്കിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ചൂട് 37 ഡിഗ്രിയായിരുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ കോട്ടയം, കൊച്ചി, ആലപ്പുഴ, കണ്ണൂർ ജില്ലകളിൽ ചൂട് കൂടിയപ്പോൾ പൊതുവേ ചൂട് കൂടുതലുള്ള പാലക്കാട് കുറവായിരുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം അനുസരിച്ച് ശരാശരിക്ക് മുകളിൽ ചൂട് ഫെബ്രുവരി–ഏപ്രില്‍ മാസങ്ങളിൽ കേരളത്തിൽ അനുഭവപ്പെടും.

×