സോളാറില്‍ തുടങ്ങി സ്വര്‍ണക്കടത്തിലെത്തിയ പതിനാലാം കേരള നിയമസഭ ! ഏറ്റവും കൂടുതല്‍ സെഷനുകളുണ്ടായിരുന്ന നിയമസഭ. അവിശ്വാസവും സ്പീക്കര്‍ക്കെതിരായ പ്രമേയവും സഭയുടെ ചരിത്രത്തിലിടം പിടിച്ചു. വിവാദങ്ങളിലൂടെ രാജിവച്ച ഇപി ജയരാജനും, ശശീന്ദ്രനും തോമസ് ചാണ്ടിയും ! ഒറ്റയ്ക്കായ രാജഗോപാലിന് കൂട്ടുവന്നു പിറ്റേന്നു കൂടുമാറിയ പിസി ജോര്‍ജ്. ജൂബിലി നിറവില്‍ കെഎം മാണിയും ഉമ്മന്‍ചാണ്ടിയും. നിയമനിര്‍മ്മാണത്തിനുമപ്പുറം നിയമസഭയില്‍ നടന്നതെന്തൊക്കെ…

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Friday, January 22, 2021

തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ അവസാന സമ്മേളനത്തിന്റെ അവസാനദിനവും പൂര്‍ത്തിയാക്കി അംഗങ്ങള്‍ ആശംസകള്‍ നേര്‍ന്ന് പിരിഞ്ഞു. ഇത്തവണ 230 ദിവസത്തോളമാണ് സഭ ചേര്‍ന്നത്. അഞ്ചു വര്‍ഷത്തെ കേരള രാഷ്ട്രീയം അവിടെ നിറഞ്ഞാടിയിരുന്നു.

ആരോപണ പ്രത്യാരോപണങ്ങള്‍ നിറഞ്ഞ ഒരു നിയമസഭയാണ് ഇന്നു അവസാനിച്ചത്. ആദ്യമായി സഭയിലെത്തിയവരും, വര്‍ഷങ്ങളായി സഭയിലെ സ്ഥിരം മുഖങ്ങളുമൊക്കെ കത്തിക്കയറിയും ആവേശ പ്രസംഗം നടത്തിയുമൊക്കെ സഭയിലെ താരങ്ങളായി. ചരിത്രത്തിലാദ്യമായി ഒരു മന്ത്രി അവകാശ ലംഘനത്തിന് സഭാ എത്തിക്‌സ് കമ്മറ്റിക്ക് മുന്നില്‍ എത്തിയതും ഈ സഭയുടെ ചരിത്രം.

നാടകീയവും വിചിത്രവുമായ സംഭവങ്ങള്‍

മന്ത്രിസഭ നിശ്ചയിച്ച സഭാസമ്മേളനം തലേന്നു ഗവര്‍ണര്‍ റദ്ദാക്കുന്നതു ഇത്തവണയാണ് കേരളം കണ്ടത്. കര്‍ഷക സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള സമ്മേളനമാണ് കേന്ദ്ര നയത്തിനെതിരായ നീക്കമായതിനാല്‍ ഗവര്‍ണര്‍ അനുമതി നല്‍കാതെ വന്നത്. തുടര്‍ന്ന് കേക്ക് കൊടുത്ത് ഗവര്‍ണറെ പാട്ടിലാക്കിയും ചരിത്രത്തില്‍ ഇടംപിടിച്ചു.

മന്ത്രി തോമസ് ഐസക്കിനെതിരായ അവകാശ ലംഘന നോട്ടീസ് എത്തിക്‌സ കമ്മറ്റിക്ക് മുന്നില്‍ എത്തി വിശദീകരിക്കേണ്ടി വന്നു മന്ത്രിക്ക്. സഭയുടെ ചരിത്രത്തിലാദ്യമായാണ് ഒരു മന്ത്രി എത്തിക്‌സ കമ്മറ്റിക്ക് മുന്നില്‍ ഹാജരാകുന്നത്. നിയമസഭയില്‍ സമര്‍പ്പിക്കേണ്ട സിഎജി റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം പുറത്തു വിട്ടതിന്റെ പേരിലായിരുന്നു ധനമന്ത്രി എത്തിക്‌സ് കമ്മറ്റിക്ക് മുന്നില്‍ എത്തിയത്

സഭാ സമ്മേളനം, കൂടുതല്‍ സെഷനുകള്‍

കോവിഡ് അവസാന ഒരു വര്‍ഷം സഭ തടസ്സപ്പെടുത്തിയിട്ടും 22 സെഷനുകള്‍ ഇക്കാലയളവില്‍ ഉണ്ടായി. കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ 16 എണ്ണം മാത്രമായിരുന്നു സെഷനുകള്‍ നടന്നത്. അതേസമയം ഏഴുതവണ ഒരു ദിവസത്തേക്കാണ് സഭ സമ്മേളിച്ചത്. സോളര്‍ കേസ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് മേശപ്പുറത്തു വയ്ക്കാന്‍ മാത്രം ഒരു ദിവസത്തേക്കു സഭ വിളിച്ചുചേര്‍ത്തു പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുതിര്‍ന്നു എന്നതും ശ്രദ്ധേയം.

അവിശ്വാസവും സ്പീക്കര്‍ക്കെതിരായ പ്രമേയവും

നിയമസഭാ സമ്മേളനത്തിലെ തന്നെ ഏറ്റവും പ്രധാന സംഭവങ്ങായിരുന്നു അവിശ്വാസ പ്രമേയവും സ്പീക്കര്‍ക്കെതിരായ പ്രമേയവും. 2005നു ശേഷമുള്ള ആദ്യത്തെ അവിശ്വാസ പ്രമേയമാണ് ഓഗസ്റ്റ് 24നു സഭയില്‍ കൊടുങ്കാറ്റ് ഉയര്‍ത്തിയത്. സമ്മേളനമവസാനിക്കുന്നതിന്റെ തൊട്ടുതലേന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരെ ഉയര്‍ന്നത് കേരള നിയമസഭാ ചരിത്രത്തില്‍ തന്നെ സ്പീക്കര്‍ക്കെതിരെ വന്ന മൂന്നാമത്തെ പ്രമേയവുമായിരുന്നു.

വിക്കറ്റ് നമ്പര്‍ 1, 2, 3

വിവാദങ്ങളുടെ പേരില്‍ മന്ത്രിമാരായ ഇ.പി. ജയരാജനും എ.കെ. ശശീന്ദ്രനും രാജി വയ്ക്കുകയും പിന്നീട് തിരിച്ചുവരികയും ചെയ്തപ്പോള്‍ കെ. കൃഷ്ണന്‍കുട്ടിക്കു വഴിയൊരുക്കാന്‍ സ്ഥാനം ഒഴിയുകയായിരുന്നു മാത്യു ടി.തോമസ്. ആക്ഷേപങ്ങള്‍ തോമസ് ചാണ്ടിയുടെ മന്ത്രിക്കസേരയും തെറിപ്പിച്ചതും ഈ സഭയുടെ ചരിത്രം.

രസക്കാഴ്ചകള്‍

സഭാ നാഥനായ മുഖ്യമന്ത്രിക്കും അധ്യക്ഷനായ സ്പീക്കര്‍ക്കും എതിരെ പ്രതിപക്ഷം എല്ലാ സെഷനുകളിലും പ്രതിഷേധിച്ചതു ഈ കാലത്തിന്‍രെ മാത്രം പ്രത്യേകതയായിരുന്നു. ബിജെപിക്കായി അക്കൗണ്ട് തുറന്ന ഒ രാജഗോപാലിനു കൂട്ടാകാന്‍ ഇടയ്‌ക്കൊന്നു പി സി ജോര്‍ജെത്തി; പിന്നീട് എന്‍ഡിഎയെ ശപിച്ച് വന്നതുപോലെ ജോര്‍ജ് മടങ്ങിയതും സഭ കണ്ടു.

ബില്ലുകള്‍, പ്രമേയങ്ങള്‍

എണ്‍പതോളം നിയമ നിര്‍മാണങ്ങള്‍ക്കു സഭ വേദിയായി. കര്‍ഷക ക്ഷേമനിധി ബില്‍, വ്യവസായ ഏക ജാലക ബില്‍, നെല്‍വയല്‍ തണ്ണീര്‍ത്തട ഭേദഗതി ബില്‍, മലയാള ഭാഷാ ബില്‍, ക്രിസ്ത്യന്‍ സെമിത്തേരി ബില്‍ തുടങ്ങിയവ ചര്‍ച്ചാ വിഷയങ്ങളായി. ചട്ടം 130 പ്രകാരമുള്ള നാല് പ്രമേയങ്ങള്‍ ചര്‍ച്ച ചെയ്ത് അംഗീകരിച്ചു. പൗരത്വ നിയമത്തിനും കര്‍ഷക നിയമങ്ങള്‍ക്കും എതിരെ കേരള നിയമസഭയുടെയും ഇരു മുന്നണികളുടെയും കേന്ദ്രവിരുദ്ധ നീക്കങ്ങള്‍ക്ക് സഭ വേദിയായി.

വിടവാങ്ങിയ പ്രമുഖര്‍

ഏഴു നിയമസഭാംഗങ്ങളാണ് വിടവാങ്ങിയത്. കെ.എം. മാണി, പി.ബി. അബ്ദുല്‍ റസാഖ്, സി.എഫ്. തോമസ്, കെ.കെ. രാമചന്ദ്രന്‍നായര്‍, എന്‍. വിജയന്‍പിള്ള, തോമസ് ചാണ്ടി, കെ.വി. വിജയദാസ് എന്നീ അംഗങ്ങളാണ് വിടപറഞ്ഞത്. ചവറ, കുട്ടനാട്, ചങ്ങനാശേരി, കോങ്ങാട് മണ്ഡലങ്ങള്‍ പ്രതിനിധികളില്ലാതെ ഒഴിഞ്ഞുകിടക്കുന്നു.

കെ.എം. മാണിയും പിന്നീട് ഉമ്മന്‍ചാണ്ടിയും നിയമസഭാ സുവര്‍ണ ജൂബിലി നിറവിലെത്തിയതും ഇക്കാലയളവിലാണ്. നിയമസഭയുടെ രൂപവും ഭാവവും ഇതിനിടയില്‍ മാറിയിരുന്നു. എംഎല്‍എമാര്‍ക്കെല്ലാം മുന്നില്‍ ലാപ് ടോപ്പും വന്നു. പ്രത്യേകതകള്‍ നിറഞ്ഞ പതിനാലാം നിയമസഭ പിരിഞ്ഞു. ഇനി പതിനഞ്ചാം സഭയില്‍ ആരെല്ലാം കാണും. കാത്തിരുന്നു കാണാം.

 

×