കര്‍പ്പൂര വരിക്ക,താളി മാങ്ങ,കസ്തൂരി മാങ്ങ; കേരളത്തില്‍ ഇനിയുമുണ്ട് ഏറെ മാവുകള്‍ !

സത്യം ഡെസ്ക്
Monday, August 24, 2020

കര്‍പ്പൂര വരിക്ക

സാമാന്യം നാരുള്ളതും ഉറപ്പുള്ള ദശയുള്ളതുമായ മാമ്പഴം. കടും ഓറഞ്ച് നിറമാണ് ഇവയുടെ ദശയ്ക്ക്. ജീവകം എ കൂടുതല്‍ അടങ്ങിയ ഇനം കര്‍പ്പൂരത്തിന്‍റെ മണവും നല്ല മധുരവുമാണ്. ഇലയ്ക്കും കര്‍പ്പൂരത്തിന്‍റെ മണമുണ്ട്. ജ്യൂസിനു യോജിച്ച ഇനം.

താളി മാങ്ങ

വര്‍ഷത്തില്‍ മൂന്നു തവണ കായ്ക്കുന്നു. വര്‍ഷം മുഴുവന്‍ ഒരു കുല മാങ്ങയെങ്കിലും കായ്ക്കും. ചെറിയ ഉരുണ്ട മാങ്ങകളുടെ ദശ മൃദുലവും കടും ഓറഞ്ച് നിറമുള്ളതുമാണ്.

കിളിച്ചുണ്ടന്‍

ആകര്‍ഷണീയമായ ചുവപ്പു കലര്‍ന്ന ഓറഞ്ച് നിറമാണ്. വര്‍ഷത്തില്‍ രണ്ടു മൂന്നു തവണ കായ്ക്കും. ഇവയില്‍ ചെറിയ കിളിച്ചുണ്ടനും വലിയ കിളിച്ചുണ്ടനും ഉണ്ട്. വലിയ കിളിച്ചുണ്ടന്‍ അഥവാ തമ്പോരുവിന് 250 ഗ്രാം വരെ തൂക്കമുണ്ട്. നല്ല മധുരവും സാമാന്യം നാരുള്ളതുമാണ്. ഉദരരോഗങ്ങള്‍ക്കെതിരെ ഫലപ്രദം. ശരീരത്തിലെ രക്തയോട്ടം കൂട്ടുന്നു. പഴത്തിനും അച്ചാറിനും യോജിച്ച ഇനം.

കസ്തൂരി മാങ്ങ

പഴുത്താലും ഇരുണ്ട പച്ചനിറം നിലനില്‍ക്കുന്നു. കട്ടിയുള്ള തൊലിയും കടും ഓറഞ്ചു നിറത്തിലുള്ള ദശയുമുള്ള ഉരുണ്ട മാങ്ങ. വംശനാശ ഭീഷണി നേരിടുന്ന ഇനം.

നെടുങ്ങോലന്‍ (കര്‍പ്പൂരം, പോളച്ചിറ മാങ്ങ)

നല്ല വീതിയുള്ള മാംസളമായ മാങ്ങകളുടെ തൊലിപ്പുറത്ത് ചെറിയ പുള്ളികള്‍ കാണാം. നാരു തീരെ കുറവും പഴുത്താല്‍ പുളി ലേശവുമില്ലാത്ത വളരെ സ്വാദുള്ള ഇനം. ജീവകം څഎچ യാല്‍ സമ്പുഷ്ടം. ഉറപ്പുള്ള മാംസളമായ ദശയോടുകൂടിയ ഈ ഇനത്തിന് നല്ല വാണിജ്യ പ്രാധാന്യമുണ്ട്. അരക്കിലോയാണ് തൂക്കം.

കോട്ടുക്കോണം വരിക്ക (ചെങ്ക വരിക്ക)

തിരുവനന്തപുരം ജില്ലയുടെ തനതായ നാടന്‍ മാവിനം. ആകര്‍ഷണീയമായ ചുവപ്പ് കലര്‍ന്ന ഓറഞ്ച് നിറമുള്ള തൊലിയും കുടം ഓറഞ്ചു നിറം ദശയുമുള്ള ഇവയുടെ പഴങ്ങള്‍ രുചികരമാണ്. ഈ ഇനം മാവുകള്‍ക്ക് രോഗപ്രതിരോധ ശക്തി കൂടുതലായിരിക്കും.

വെള്ളരി മാങ്ങ

അച്ചാറിടാന്‍ പറ്റിയ ഇനം. ഇടത്തരം വലിപ്പമുള്ള മാങ്ങകള്‍ കുലകളായി കാണുന്നു.

മൂവാണ്ടന്‍

മൂവാണ്ടന്‍ രണ്ടു തരമുണ്ട്, കറുത്ത മൂവാണ്ടനും വെളുത്ത മൂവാണ്ടനും. കറുത്ത മൂവാണ്ടന്‍ പഴുക്കുമ്പോള്‍ തൊലിക്ക് ഇരുണ്ട പച്ചനിറമാണ്. നാരിന്‍റെ അളവ് കൂടുതലാണ്. വെളുത്ത മൂവാണ്ടന്‍ നീണ്ട ഞെട്ടോടുകൂടിയ ഉരുണ്ട മാമ്പഴമാണ്. പഴുക്കുമ്പോള്‍ മഞ്ഞ നിറം. വാണിജ്യ പ്രാധാന്യമുള്ള ഇനം.

കൊളമ്പി മാങ്ങ

സ്വാദേറിയ മൃദുവായ ദശയുള്ള ഇനമാണ്. തൊലിക്ക് കട്ടി കുറവാണ്. നല്ല നീളമുള്ള മാമ്പഴം.

പേരയ്ക്കാ മാങ്ങ

പ്രിയോര്‍ എന്നും അറിയപ്പെടുന്നു. പച്ച മാങ്ങയ്ക്കും ഇലയ്ക്കും പേരയ്ക്കയുടെ മണമുണ്ട്. നല്ല മധുരവും ജീവകം څഎچ യാല്‍ സമൃദ്ധവുമാണ്. നാര് വളരെ കുറവാണ്.

വാഴപ്പഴിത്തി

ഇടത്തരം വലിപ്പമുള്ള 20 ഓളം മാങ്ങകള്‍ ഓരോ കുലയിലും ഉണ്ടാകാറുണ്ട്. പഴങ്ങള്‍ക്ക് പൊതുവെ സ്വാദു കുറവാണ്. ഉയര്‍ന്ന രോഗപ്രതിരോധ ശക്തിയുള്ള ഈ ഇനം പഴുക്കുമ്പോള്‍ വാഴക്കുലയിലേതുപോലെ ഒരു മാങ്ങ മാത്രം ആദ്യം നിറം മാറുന്നു.

കപ്പ മാങ്ങ

വലിയ മാങ്ങയുണ്ടാകുന്ന ഇനം 500 ഗ്രാം മുതല്‍ 750 ഗ്രാം വരെ തൂക്കമുണ്ട്. നല്ല മണമുള്ള ഇവയ്ക്ക് നാര് താരതമ്യേന കുറവാണ്.

മുതലമൂക്കന്‍

നീണ്ട ചുണ്ടോടുകൂടിയ ശരാശരി 900 ഗ്രാം തൂക്കവും സാധാരണയില്‍ കവിഞ്ഞ വലിപ്പവുമുള്ള മാംസളമായ മാങ്ങയാണിത്. നാരും പുളിയും കുറവുള്ളതും നല്ല സ്വാദുള്ളതുമായ മാമ്പഴത്തിന്‍റെ തൊലിപ്പുറം പരുപരുത്തതാണ്. തൊലിപ്പുറത്ത് ചാരനിറമുള്ള ആവരണമുണ്ട്.

പഞ്ചസാര വരിക്ക

ഏകദേശം 12.5 സെ.മീറ്റര്‍ നീളവും 325 ഗ്രാം ഭാരവുമുള്ള മാങ്ങയ്ക്ക് നല്ല മധുരമാണ്. പച്ച മാങ്ങയ്ക്ക് നല്ല മധുരമാണ്. പച്ച് മാങ്ങയ്ക്ക് പുളി നന്നേ കുറവായിരിക്കും.

നാട്ടുമാവ്

നാട്ടുമാവുകള്‍ വിവിധ ആകൃതിയിലും രുചിയിലും മണത്തിലുമുള്ള ചെറിയ മാങ്ങകള്‍ വിളയിക്കുന്നു. ഈ മാവുകള്‍ക്ക് നല്ല ഉയരമുണ്ടായിരിക്കും. രോഗ-കീടബാധ താരതമ്യേന കൂടുതലാണ്. കുലകളായി കാണുന്ന മാങ്ങകള്‍ അച്ചാറിനും കറികള്‍ക്കും യോജിച്ചവയാണ്. മാമ്പുളിശ്ശേരിയുണ്ടാക്കുവാന്‍ അഭികാമ്യം. പഴുത്താല്‍ പിഴിഞ്ഞ് ചോറില്‍ കൂട്ടിക്കഴിക്കാം.

കല്‍ക്കണ്ട വെള്ളരി

ഉപ്പിലിടാനും അച്ചാറിനും കറികള്‍ക്കും മികച്ചയിനം. ഉറപ്പുള്ള ദശ. ഉരുണ്ട മാങ്ങ നല്ല പാകമായി പഴുത്താല്‍ കല്‍ക്കണ്ടം പോലെ മധുരമുണ്ടാകും.

പുളിച്ചി മാങ്ങ

പച്ചയ്ക്കും പഴുത്താലും പുളി മുന്നിട്ടുനില്‍ക്കുന്ന രുചിയുള്ള പുളിച്ചിമാങ്ങകളില്‍ വളരെയധികം വൈവിദ്ധ്യമുണ്ട്. കുലകളായി കാണുന്ന ചെറിയ മാങ്ങകള്‍ മുതല്‍ നല്ല വിലിപ്പമുള്ള മാങ്ങകള്‍ വരെ സുലഭമാണ്. അച്ചാറിനും പഞ്ചസാര ചേര്‍ത്ത് ജ്യൂസടിക്കാനും മികച്ചത്. നാരിന്‍റെ അളവ് കൂടുതലായിരിക്കും. ജീവകം څസിچ യാല്‍ സമൃദ്ധമാണ്. ആകര്‍ഷണീയമായ സുഗന്ധം. പച്ച മാങ്ങ കറികളില്‍ പുളിക്കു പകരം ഉപയോഗിക്കാം.

കോലി മാങ്ങ

പഴുക്കുമ്പോള്‍ നിറയെ ചാറുള്ള കോലുപോലെ നീണ്ട മാങ്ങ. ചെറിയ പുളിയും നല്ല മധുരവും മണവുമുണ്ട്. മാമ്പഴത്തിനു മുകളില്‍ ചെറിയ ദ്വാരമിട്ട് ചപ്പിക്കുടിക്കാം.

നാടന്‍ മാവുകള്‍ക്ക് ആഴത്തില്‍ വളരുന്ന തായ്വേരുള്ളതിനാല്‍ കൊടുങ്കാറ്റുപോലുള്ള പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചു വളരാനുള്ള കഴിവുണ്ട്. കേരളത്തിലെ കാലാവസ്ഥയില്‍ നന്നായി വളരാനും കായ്ക്കാനും ഇവയ്ക്കുകഴിയും. സങ്കരയിനങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതിനായി പ്രത്യേക ഗുണങ്ങളുള്ള നാടന്‍ മാവിനങ്ങള്‍ ഉപയോഗിക്കാവുന്നതാണ്.

മാറിക്കൊണ്ടിരിക്കുന്ന സാമൂഹ്യ-സാമ്പത്തിക പരിസ്ഥിതിയും ഭൂവിനിയോഗവും മൂലം മാവ് കൃഷി നമ്മുടെ നാട്ടില്‍ കുറഞ്ഞുവരികയാണ്. നഗരവല്‍ക്കരണവും വ്യവ്യസായവല്‍ക്കരണവും നാടന്‍ മാവുകളുടെ വന്‍തോതിലുള്ള നാശത്തിന് വഴിതെളിക്കുന്നു.

അനുയോജ്യമായ മൂലകാണ്ഡങ്ങ(റൂട്ട് സ്റ്റോക്ക്) ളിലേക്ക് ഗ്രാഫ്റ്റ് ചെയ്തെടുക്കുന്നതുവഴി അമൂല്യമായ ഈ ഇനങ്ങളെ നമുക്ക് നിലനിര്‍ത്താനാകും. നമ്മുടെ പല നാടന്‍ മാവിനങ്ങളും ഇന്ന് ഓര്‍മ്മ മാത്രമായി മാറിയിരിക്കുന്നു.

×