ആലപ്പുഴ: ആറു വയസുകാരി നക്ഷത്രയെ വെട്ടിക്കൊന്ന പിതാവ് ശ്രീമഹേഷ് വിദ്യയെ വിവാഹം ചെയ്യുന്നതു മുതൽ ദുരൂഹതകൾ നിറഞ്ഞുനിന്നിരുന്നു.
താൻ ഗൾഫിൽ നഴ്സെന്ന് പറഞ്ഞായിരുന്നു 2013ൽ മഹേഷ് വിദ്യയെ വിവാഹം കഴിച്ചത്. 101 പവൻ സ്വർണവും സ്ത്രീധനമായി പണവും നലൽകിയാണ് ആ അച്ഛൻ തന്റെ മകളെ ശ്രീമഹേഷിന്റെ കൈകളിൽ ഏൽപ്പിച്ചത്.
എന്നാൽ വിവാഹ ശേഷം മഹേഷ് ആളാകെ മാറി. ഗൾഫിൽ പോയ ശ്രീമഹേഷ് ഒരു വർഷത്തിനുള്ളിൽ മടങ്ങിയെത്തി. പിന്നീട് സ്ഥിരമദ്യപാനിയായി. മദ്യലഹരിയിൽ വിദ്യയെ മർദ്ദിച്ചിരുന്നു. നക്ഷത്രയുടെ ജനനശേഷവും മഹേഷിന്റെ മദ്യപാനത്തിനും മർദ്ദനത്തിനും കുറവുണ്ടായിരുന്നില്ല.
മർദ്ദനമേറ്റ വിദ്യ പലപ്പോഴും ചികിത്സ തേടിയിരുന്നെങ്കിലും നാണക്കേട് ഭയന്ന് പരാതിപ്പെട്ടില്ലെന്നും മാതാപിതാക്കൾ പറഞ്ഞു. 2019 ലാണ് വിദ്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. ജൂൺ നാലിന് രാത്രിയിലാണ് വിദ്യയെ ശ്രീമഹേഷിന്റെ മാവേലിക്കര പുന്നമൂട്ടിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
വിദ്യയുടെ മുഖത്ത് അടിയേറ്റ പാടുകളുണ്ടായിരുന്നെന്നും ബന്ധുക്കൾ ആരോപിച്ചു. വിദ്യയുടെ മരണത്തിൽ പുനഃരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നൽകാനാണ് ഇവരുടെ തീരുമാനം.
ലക്ഷ്മണൻ ഗൾഫിലായിരുന്നപ്പോഴാണ് വിദ്യയെ കാണാനില്ലെന്നു പറഞ്ഞ് പത്തിയൂരിലെ വീട്ടിലേക്ക് ശ്രീമഹേഷിന്റെ ബന്ധു വിളിച്ചത്. തുടർന്ന് വിദ്യയുടെ അമ്മ രാജശ്രീ ബന്ധുവായ നിഥിനൊപ്പം ശ്രീമഹേഷിന്റെ വീട്ടിലെത്തിയപ്പോൾ അമ്മ സുനന്ദയെ മുറിയിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു.
തുടർന്നുള്ള തെരച്ചിലിലാണ് അടുക്കളയോടു ചേർന്ന് വിദ്യ തൂങ്ങിനിൽക്കുന്നത് കണ്ടത്. കെട്ടഴിച്ച് ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കുന്നതിനിടെ ശ്രീമഹേഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും നാട്ടുകാർ പിന്തിരിപ്പിച്ചു. വിദ്യയുടെ മരണത്തെ തുടർന്നാണ് ലക്ഷ്മണൻ പ്രവാസ ജീവിതം അവസാനിപ്പിച്ചത്.
അമ്മയുടെ മരണശേഷം അന്ന് രണ്ടുവയസുണ്ടായിരുന്ന നക്ഷത്ര ആറുമാസത്തിലേറെ വിദ്യയുടെ വീട്ടിലായിരുന്നു. മകളെ കാണാൻ ശ്രീമഹേഷ് ഇടയ്‌ക്കിടെ വന്നിരുന്നു. വല്ലപ്പോഴും കൂട്ടിക്കൊണ്ടുപോകുകയും ചെയ്തിരുന്നു. പിന്നീട് മകളെ താൻ വളർത്താമെന്ന് ശാഠ്യം പിടിച്ചു.
അതിനിടെ വിദ്യയുടെ സ്വർണം മാതാപിതാക്കൾ വിറ്റ് നക്ഷത്രയുടെ പേരിൽ സ്ഥിരനിക്ഷേപം നടത്തി. തനിക്ക് കടമുണ്ടെന്നും വീട് ജപ്തിയിലാണെന്നും പറഞ്ഞ് ഈ പണം വാങ്ങാൻ ശ്രീമഹേഷ് ശ്രമിച്ചെങ്കിലും വിദ്യയുടെ കുടുംബം വഴങ്ങിയില്ല.
വിദ്യയോടുള്ള പക മകളിലും അയാൾ കണ്ടിരുന്നു. അതാണ് കൊലപാതകത്തിൽ കലാശിച്ചത്. ആറ് വയസുകാരിയായ കുഞ്ഞിനെ കൊല്ലാൻ മടികാണിക്കാത്ത മഹേഷ് തന്നെയാവാം വിദ്യയേയും കൊലപ്പെടുത്തിയതെന്നാണ് കുടുംബത്തിന്റേയും സംശയം.
വിദ്യയുടെ മരണവും അന്വേഷിച്ചു വരിയാണ് പൊലീസ്. രണ്ട് കൊലപാതകങ്ങളും നടത്തിയത് ശ്രീമഹേഷ് ആണെന്ന് കണ്ടെത്തിയാൽ കടുത്ത ശിക്ഷതന്നെ ലഭിച്ചേക്കാം. വരുംദിവസങ്ങളിൽ വിദ്യയുടേയും നക്ഷത്രയുടേയും മരണത്തിന്റെ ചുരുളഴിയും. ഇതിനായി പഴുതടച്ച അന്വേഷണമാണ് പൊലീസ് നടത്തുന്നതും.