തിരുവനന്തപുരം: കേരളത്തിലെ സർവകലാശാലകളിൽ സ്ഥിരം വൈസ്ചാൻസലർമാർ ഇല്ലാതായതോടെ, രാഷ്ട്രീയക്കാരുടെ ഭരണമാണ്. സർവകലാശാലയിലെ മുതിർന്ന പ്രൊഫസർക്കാണ് വി.സിമാരുടെ ചുമതല. ഈ ഇൻ- ചാർജ് വി.സിമാരുടെ നിയമനത്തിന് ശുപാർശ ചെയ്തത് സർക്കാരാണ്.
ഈ വിധേയത്വം മുതലെടുത്ത് ഇൻ- ചാർജ്ജ് വി.സിമാരെക്കൊണ്ട് എസ്.എഫ്.ഐ നേതാക്കളും പാർട്ടി നേതാക്കളും നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്യിപ്പിക്കുകയാണ്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ബികോം വിജയിക്കാത്ത എസ്.എഫ്.ഐ നേതാവ് നിഖിൽ തോമസിന് എംകോമിന് പ്രവേശനം ലഭിച്ചത്.
കായംകുളം എം.എസ്.എം കോളേജിലെ വിദ്യാർത്ഥിയായിരുന്ന നിഖിൽ ബികോം പരീക്ഷയ്ക്ക് പരാജയപ്പെട്ടതാണ്. കോളേജിലെ അദ്ധ്യാപകർക്കെല്ലാം എസം.എഫ്.ഐ നേതാവായ നിഖിലിനെ അറിയാം. അയാൾ പരീക്ഷ വിജയിച്ചിട്ടില്ലെന്നും അറിയാം. പക്ഷേ ഇതൊന്നും കണ്ടില്ലെന്ന് നടിച്ച് അയാൾ കൊണ്ടുവന്ന സ്വകാര്യ സർവകലാശാലയുടെ ബിരുദ സർട്ടിഫിക്കറ്റിന്റെ ബലത്തിൽ എംകോമിന് പ്രവേശനം നൽകിയത് പാർട്ടിയിലെ ഒരു ഉന്നത നേതാവിന്റെ സ്വാധീനത്തിലാണ്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴ ജില്ലയിൽ നിന്ന് മത്സരിക്കാൻ പാർട്ടി കണ്ടെത്തിയ നേതാക്കളിൽ ഇദ്ദേഹവും ഉണ്ടായിരുന്നു. തലനാരിഴയ്ക്ക് സ്ഥാനാർത്ഥിത്വം കിട്ടിയില്ല. പിന്നീട് രണ്ടാം പിണറായി സർക്കാർ അധികാരമേറ്റപ്പോൾ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ഈ നേതാവ് വരുമെന്ന് വാർത്തകളുണ്ടായി. പക്ഷേ മന്ത്രി ബിന്ദു ഈ നേതാവിനെ പ്രൈവറ്റ് സെക്രട്ടറിയാക്കിയില്ല.
കേരള സർവകലാശാലയുടെ സിൻഡിക്കേറ്റംഗമായ ഈ നേതാവാണ് എസ്.എഫ്.ഐ നേതാവിന് എംകോം പ്രവേശനം തരപ്പെടുത്തിയത്. പാർട്ടി നേതാവിന്റെ സമ്മർദ്ദത്താലാണ് പ്രവേശനം നൽകിയതെന്ന് കോളജ് വ്യക്തമാക്കിയിട്ടുണ്ട്.
കേരള സർവകലാശാലയിൽ സ്ഥിരം വൈസ്ചാൻസലറെ നിയമിക്കാനുള്ള ഗവർണറുടെ നീക്കങ്ങൾക്ക് തടയിടുന്നതും സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റിന്റെ പ്രതിനിധിയെ നൽകുന്നത് തടഞ്ഞതും ഈ നേതാവാണ്. എന്തായാലും ഉന്നതവിദ്യാഭ്യാസത്തിന്റെ ഹബായി മാറും എന്ന് സർക്കാർ എപ്പോഴും അവകാശപ്പെടുന്ന കേരളത്തിൽ ഉന്നത വിദ്യാഭ്യാസ മേഖല കുത്തഴിഞ്ഞുപോയ കാഴ്ചയാണ് ഇപ്പോൾ കാണുന്നത്.
ഇത്രയേറെ വിവാദമുണ്ടായിട്ടും കോളേജിന്റെയും സർവകലാശാലയുടെയും റിപ്പോർട്ട് കിട്ടിയ ശേഷം പ്രതികരിക്കാമെന്ന തൊടുന്യായം പറഞ്ഞ് ഒഴിയുകയാണ് മന്ത്രി ബിന്ദു.
നിഖിലിന്റേത് വ്യാജ സർട്ടിഫിക്കറ്റല്ലെന്നും എസ്.എഫ്.ഐ എല്ലാം പരിശോധിച്ച് ഉറപ്പാക്കിയെന്നും നിഖിൽ പരീക്ഷയെഴുതി പാസായതാണെന്നും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ ഇന്നലെ രാവിലെ പറഞ്ഞിരുന്നു.
എന്നാൽ കേരളയിൽ 75% ഹാജരുള്ളയാൾ എങ്ങനെ കലിംഗയിൽ കോഴ്സ് പഠിച്ച് വിജയിച്ചെന്നും വ്യാജസർട്ടിഫിക്കറ്റാണോയെന്ന് പരിശോധിക്കുമെന്നും വി.സി ഡോ.മോഹനൻ കുന്നുമ്മൽ തുറന്നടിച്ചതോടെ എസ്.എഫ്.ഐ വാദം പൊളിഞ്ഞു. പിന്നാലെ എസ്.എഫ്.ഐ മലക്കംമറിഞ്ഞു.
കയ്യിൽ കിട്ടിയ രേഖകൾ പരിശോധിച്ചാണ് നിഖിലിന്റേത് വ്യാജസർട്ടിഫിക്കറ്റല്ല എന്നു പറഞ്ഞതെന്നും, നിഖിൽ വ്യാജ സർട്ടിഫിക്കറ്റ് മാഫിയയുടെ കയ്യിൽപെട്ടോ എന്നു വിശദമായ അന്വേഷണം വേണമെന്നും ആർഷോ തിരുത്തി. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് എസ്എഫ്ഐ ഡിജിപിക്കു പരാതി നൽകുമെന്നും ആർഷോ വ്യക്തമാക്കി.
തട്ടിപ്പാണെന്ന് സ്ഥിരീകരിച്ച വി.സി ഡോ.മോഹനൻ കുന്നുമ്മലിനെതിരേ രാഷ്ട്രീയ ആരോപണവും എസ്.എഫ്.ഐ ഉന്നയിച്ചു. വിസിയുടെ രാഷ്ട്രീയ പശ്ചാത്തലത്തിൽ ആർക്കും സംശയമില്ലെന്നും വിസി ആദ്യമായിട്ടല്ല രാഷ്ട്രീയം കളിക്കുന്നതെന്നും ആർഷോ ആരോപിച്ചു.
കലിംഗ സർവകലാശാലയുടെ പേരിൽ ഹാജരാക്കിയ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് അവിടത്തെ രജിസ്ട്രാർ സന്ദീപ്ഗാന്ധി വ്യക്തമാക്കി. നിഖിൽ കലിംഗയിൽ പഠിച്ചിട്ടില്ലെന്നും രേഖകളിൽ പേരില്ലെന്നും നിയമനടപടിയെടുക്കുമെന്നും രജിസ്ട്രാർ വ്യക്തമാക്കി. കേരള സർവകലാശാല കലിംഗ വാഴ്സിറ്റിയോട് വിവരങ്ങൾ തേടിയിട്ടുണ്ട്.
കലിംഗയിലെ രജിസ്ട്രാറുടെ ഔദ്യോഗിക മറുപടി ലഭിച്ചാലുടൻ നിഖിലിന്റെ എംകോം രജിസ്ട്രേഷൻ റദ്ദാക്കും. വ്യാജരേഖയ്ക്ക് ക്രിമിനൽ കേസുകൊടുക്കാനും കൂട്ടുനിന്ന എം.എസ്.എം കോളേജ് പ്രിൻസിപ്പലിനും അദ്ധ്യാപകർക്കുമെതിരേ നടപടിയെടുക്കാനും കേരള വാഴ്സിറ്റി തീരുമാനിച്ചു. അടുത്തയാഴ്ച ചേരുന്ന സിൻഡിക്കേറ്റ് യോഗം നടപടികൾ തീരുമാനിക്കും.
നിഖിലിനെ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്. നിഖിൽ തോമസ് എസ്എഫ്ഐ സംസ്ഥാന നേതൃത്വത്തെ നേരിട്ടെത്തി കണ്ടാണ് തന്റെ കൈവശമുള്ള ബികോം സർട്ടിഫിക്കറ്റ് ഹാജരാക്കിയത്. ആർഷോ അടക്കമുള്ള നേതാക്കളാണ് നിഖിൽ തോമസ് ഹാജരാക്കിയ സർട്ടിഫിക്കറ്റുകൾ പരിശോധിച്ചത്. ഇതിന് എസ്.എഫ്.ഐയ്ക്ക് എന്ത് അധികാരമാണുള്ളതെന്നാണ് ചോദ്യമുയരുന്നത്.