/sathyam/media/post_attachments/47RUj82YMX8bSxFVKpgF.jpg)
തിരുവനന്തപുരം: വ്യാജ രേഖ ചമച്ച് എം കോമിന് അഡ്മിഷന്‍ നേടിയ സംഭവത്തില്‍ എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസിന് എതിരെ കായംകുളം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വ്യാജരേഖ ചമയ്ക്കല്‍, വഞ്ചനാക്കുറ്റം എന്നിവ ചുമത്തി.
അന്വേഷണത്തിന്റെ ഭാഗമായി കായംകുളം പൊലീസ് റായ്പൂരിലെ കലിംഗ സര്‍വകലാശാലയിലെത്തി. സര്‍വകലാശാല രജിസ്ട്രാര്‍, വിസി എന്നിവരെ കണ്ട അന്വേഷണ സംഘം, ഇവരില്‍ നിന്ന് വിവരങ്ങള്‍ തേടി.
സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്നും നിഖിൽ തോമസ് എന്നൊരു വിദ്യാർഥി കലിംഗയിൽ പഠിച്ചിട്ടില്ലെന്നും സർവകലാശാല വ്യക്തമാക്കി.
സംഭവത്തില്‍ എംഎസ്എം കോളജ് പ്രിന്‍സിപ്പലും മാനേജരും പൊലീസില്‍ രേഖാമൂലം പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രിന്‍സിപ്പലിന്റെയും മാനേജരുടെയും മൊഴിയെടുത്തു.
ഇന്നലെ രാത്രിതന്നെ അന്വേഷണ സംഘം കലിംഗയിലേക്ക് പുറപ്പെട്ടിരുന്നു. കോളജ് അധികൃതര്‍ നല്‍കിയ പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കലിംഗയിലേക്കു പോയത്.
അതേസമയം, നിഖില്‍ എം തോമസിനെ പുറത്താക്കിയതായി എസ്എഫ്‌ഐ അറിയിച്ചു. സംഘടനയെ പൂര്‍ണമായി തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് നിഖില്‍ തോമസ് വിശദീകരണം നല്‍കിയതെന്നും ഒരിക്കലും ഒരു എസ്എഫ്ഐ പ്രവര്‍ത്തകന്‍ ചെയ്യാന്‍ പാടില്ലാത്ത പ്രവര്‍ത്തനമാണ് നിഖില്‍ തോമസ് ചെയ്തതെന്നും എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, സെക്രട്ടറി പിഎം ആര്‍ഷോ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു