ബികോമിന് പഠിച്ചു തോറ്റ എസ്.എഫ്.ഐ നേതാവ് വ്യാജ സർട്ടിഫിക്കറ്റുമായി അതേ കോളേജിൽ എംകോമിന് ചേർന്നത് രാജ്യവ്യാപകമായി ഉന്നയിക്കാൻ ഗവർണർ. വൈസ്ചാൻസലറെ രാജ്ഭവനിൽ വിളിച്ചുവരുത്തി വിവരങ്ങൾ തേടി. നിയമവിരുദ്ധ പ്രവർത്തനത്തിനുമുള്ള പാസ്പോർട്ടാണ് എസ്എഫ്ഐ മെമ്പർഷിപ്പെന്നും സംസ്ഥാന സർക്കാർ വരും തലമുറയുടെ ഭാവി വച്ച് കളിക്കുന്നെന്നും രൂക്ഷവിമർശനം. ഉന്നതവിദ്യാഭ്യാസത്തിൽ വീണ്ടും സർക്കാർ- ഗവർണർ പോര്

New Update

publive-image

Advertisment

തിരുവനന്തപുരം: കായംകുളം എം.എസ്.എം കോളേജിൽ ബികോമിന് പരാജയപ്പെട്ട എസ്.എഫ്.ഐ നേതാവ് നിഖിൽ കലിംഗ വാഴ്സിറ്റിയുടെ വ്യാജസർട്ടിഫിക്കറ്റുമായി എംകോം പ്രവേശനം നേടിയത് രാജ്യവ്യാപകമായ ചർച്ചയാക്കാനാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി വൈസ്ചാൻസലർ ഡോ.മോഹനൻ കുന്നുമ്മലിനെ രാജ്ഭവനിലേക്ക് ഗവർണർ വിളിച്ചുവരുത്തി.

ചൊവ്വാഴ്ച രാവിലെ വി.സി ഡോ.മോഹനൻ കുന്നുമ്മലുമായി ഗവർണർ ഫോണിൽ സംസാരിച്ചിരുന്നു. അതിനു പിന്നാലെയാണ് വി.സിയെ വിളിപ്പിച്ചത്. സന്ധ്യയോടെ വി.സി നേരിട്ടെത്തി വിവരങ്ങൾ ഗവർണറെ ധരിപ്പിച്ചു. ഈ സംഭവം ഉയർത്തിക്കാട്ടി കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ അപചയം രാജ്യത്താകെ ചർച്ചയാക്കാനാണ് ഗവർണറുടെ തീരുമാനം.

വിദ്യാർത്ഥി സംഘടനയിൽ അംഗമായാൽ എന്ത് നിയമവിരുദ്ധ പ്രവർത്തനങ്ങളും നടത്താമെന്ന സ്ഥിതിയാണ് കേരളത്തിലുള്ളതെന്നും എന്ത് നിയമവിരുദ്ധ പ്രവർത്തനത്തിനുമുള്ള പാസ്പോർട്ട്‌ ആണ് എസ്എഫ്ഐ മെമ്പർഷിപ്പെന്നും ഗവർണർ തുറന്നടിച്ചിരുന്നു.

എന്തു തെറ്റു ചെയ്താലും സംഘടനകൾ സംരക്ഷിക്കുമെന്ന ചിന്തയാണ്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ തകർച്ച വളരെ ഗൗരവമുള്ളതാണ്. വരും തലമുറയുടെ ഭാവി വച്ചാണ് കളിക്കുന്നത്. ക്രമസമാധാനം തകർന്നാൽ നമ്മളും വിദ്യാഭ്യാസ മേഖല തകർന്നാൽ ഭാവി തലമുറയാണ് സഹിക്കേണ്ടത്- ഗവർണർ തുറന്നടിച്ചു.

publive-image

അതിനിടെ, തട്ടിപ്പ് നടത്തിയ എസ്.എഫ്.ഐ നേതാവ് നിഖിൽ തോമസിനെതിരേ ക്രിമിനൽ കേസെടുക്കണമെന്ന് കേരള സർവകലാശാലാ രജിസ്ട്രാർ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. ഇപ്പോൾ സസ്പെൻഷനിലുള്ള നിഖിലിന്റെ എംകോം രജിസ്ട്രേഷൻ റദ്ദാക്കും.

കള്ളക്കളിക്ക് കൂട്ടുനിന്ന എം.എസ്.എം കോളേജിലെ അദ്ധ്യാപകർക്കെതിരേ കടുത്ത നടപടിയെടുക്കും. വ്യാജ സർട്ടിഫിക്കറ്റിൽ പ്രവേശനം നേടിയത് സർവകലാശാലയുടെ അന്തസ് ഇടിച്ചെന്നും അപമാനമുണ്ടാക്കിയെന്നും രജിസ്ട്രാറുടെ പരാതിയിലുണ്ട്. വ്യാജസർട്ടിഫിക്കറ്റ് ഹാജരാക്കിയത് ക്രിമിനൽ കുറ്റമായതിനാൽ ഉചിതമായ നടപടിയെടുക്കണമെന്നാണ് രജിസ്ട്രാർ ഡോ.അനിൽകുമാർ ഡിജിപിയോട് ആവശ്യപ്പെട്ടത്.

നിഖിൽ ഹാജരാക്കിയത് വ്യാജ രേഖകളാണോയെന്ന് കലിംഗ വാഴ്സിറ്റിയോട് കേരള സർവകലാശാല വിശദീകരണം തേടി. കേരള സർവകലാശാലയിൽ ഹാജരാക്കിയ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, ടിസി, പ്രൊവിഷനൽ സർട്ടിഫിക്കറ്റ് എന്നിവയെല്ലാം കലിംഗയിലേക്ക് അയച്ചു. ഇവയെല്ലാം ഹാജരാക്കിയാണ് കേരളയിൽ നിന്ന് നിഖിൽ എലിജിബിലിറ്റി സർട്ടിഫിക്കറ്റ് നേടിയത്.

publive-image

കലിംഗ സർവകലാശാലയുടെ ബികോം കോഴ്സിനു കേരള സർവകലാശാലയുടെ അംഗീകാരം തേടിയെത്തിയ ആദ്യ അപേക്ഷകൻ നിഖിലായിരുന്നു. എലിജിബിലിറ്റി സർട്ടിഫിക്കറ്റിനായി കലിംഗയിൽനിന്നുള്ള സ്കീം, സിലബസ് എന്നിവയുടെ ഓരോ പേജും സർവകലാശാലയ്ക്കു കീഴിലെ ഒരു കോളജിന്റെ പേരിലുള്ള ടിസിയും ഹാജരാക്കിയിരുന്നു. ഇവയെല്ലാം കലിംഗ വാഴ്സിറ്റി രജിസ്ട്രാർക്ക് ഇ-മെയിലിൽ നൽകി. ഇതേ കാലയളവിൽ കേരള യൂണിവേഴ്സിറ്റിയിലെ കോളേജിൽ പഠിച്ചതിന്റെ തെളിവുകളും കൈമാറി.

നിഖിലിന്റെ ബികോം, എംകോം കോഴ്സുകളുടെ മുഴുവൻ അക്കാഡമിക് വിവരങ്ങളും 24മണിക്കൂറിനകം നൽകാൻ എം.എസ്.എം കോളേജിനോട് വാഴ്സിറ്റി നിർദ്ദേശിച്ചു. 12 ചോദ്യങ്ങൾക്കാണ് കോളേജ് മറുപടി നൽകേണ്ടത്. നിഖിലിന് പ്രവേശനം നേടാൻ ഒത്തുകളിച്ച അദ്ധ്യാപകർക്കെതിരേ നടപടിയെടുക്കാനാണ് തീരുമാനം.

രേഖകളുമായി പ്രിൻസിപ്പൽ ഇന്ന് നേരിട്ട് ഹാജരാവാൻ നോട്ടീസ് നൽകി. ഉന്നത വിദ്യാഭ്യാസരംഗം ഇഷ്ടക്കാർക്ക് ജോലി നേടാനും,വ്യാജ ബിരുദങ്ങൾ സംഘടിപ്പിക്കാനുമുള്ള സ്ഥലമായി അധപ്പതിക്കുന്നത് കേരളത്തെ അമ്പത് കൊല്ലത്തേക്ക് പിന്നോട്ടടിക്കുമെന്ന് കെ പി സി ടി എ സംസ്ഥാന പ്രസിഡന്റ്‌ ആർ അരുൺകുമാർ പറഞ്ഞു.

നിഖിലിന് പ്രവേശനം നൽകിയപ്പോൾ രേഖകൾ പരിശോധിക്കുന്നതിൽ വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയാൽ കോളേജിനെതിരേ കർശന നടപടിയുണ്ടാവുമെന്ന് സിൻഡിക്കേറ്റംഗം എ.അജികുമാർ അറിയിച്ചു.

Advertisment