തിരുവനന്തപുരം: ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡ പങ്കെടുത്ത വിശാൽ ജനസഭ പരിപാടിയിൽ വേദിയിൽ ഇരിപ്പിടം നൽകാത്തതിൽ ബിജെപി സംസ്ഥാന നേതൃത്വത്തോടുള്ള അതൃപ്തി പരസ്യമാക്കി നടൻ കൃഷ്ണകുമാർ.
ബിജെപി ദേശീയ കൗൺസിൽ അംഗമായ കൃഷ്ണകുമാറിനെ സംസ്ഥാന ഘടകം വേണ്ട വിധത്തിൽ പരിഗണിക്കുന്നില്ലെന്നും വിമർശനമുണ്ട്. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ അടക്കമുള്ള പല നേതാക്കളേയും ഫോണിൽ വിളിച്ചാൽ പോലും കിട്ടാറില്ലെന്നും കൃഷ്ണകുമാർ പറയുന്നു.
പരിപാടിക്കെത്തി സദസിലിരുന്ന കൃഷ്ണ കുമാർ, പരിപാടി തീരും മുൻപു തന്നെ മടങ്ങിപ്പോയിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം ബിജെപി സംസ്ഥാന നേതൃത്വത്തോടുള്ള അതൃപ്തി പരസ്യമാക്കി രംഗത്തെത്തിയത്. അതേസമയം, തർക്കങ്ങളുണ്ടെങ്കിലും ബിജെപി വിടുന്നതിനെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
‘‘നമ്മുടെ സമയം നമ്മെ അർഹതപ്പെട്ട സ്ഥലത്ത് എത്തിച്ചിരിക്കും. ഇന്ന് ഇവിടെ ഇരിക്കാനാണു യോഗം. ഞാൻ വളരെ സന്തോഷത്തോടെ ഇവിടെ ഇരിക്കുന്നു. വേദിയിൽ ഇടം കിട്ടാത്ത കാര്യം പലരും പറഞ്ഞപ്പോഴാണു ഞാൻ തന്നെ ഓർക്കുന്നത്. ഇടയ്ക്കു രണ്ടു പേർ വേദിയിൽനിന്ന് ഇറങ്ങിവന്ന് എന്നോടു വേദിയിൽ വന്ന് ഇരിക്കാൻ ആവശ്യപ്പെട്ടു. ഞാൻ ഈ ഇരിപ്പിടത്തിൽ തൃപ്തനാണെന്നും അടുത്തിരിക്കുന്നവരുമായി കൂട്ടായെന്നും പറഞ്ഞ് ക്ഷണം നിരസിച്ചു’’ – കൃഷ്ണകുമാർ പറഞ്ഞു.