തിരുവനന്തപുരം: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസ് പ്രതി നിഖിൽ തോമസിന് ആജീവനാന്ത വിലക്ക്. കേരള സർവ്വകലാശാല സിൻഡിക്കേറ്റ് ആണ് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയത്. നിഖിലിന് ഇനി കേരള സർവകലാശാലയിൽ പഠിക്കാനോ പരീക്ഷ എഴുതാനോ കഴിയില്ല.
കായംകുളം എംഎസ്എം കോളജ് അധികാരികളെ വിളിച്ചു വരുത്തി വിശദീകരണം തേടാൻ പ്രത്യേക സമിതിയെ നിയോഗിച്ചു. രജിസ്ട്രാറൂം പരീക്ഷ കൺട്രോളറും അടങ്ങുന്ന സമിതിയെയാണ് ഹിയറിങ് നടത്താനായി നിയോഗിച്ചിട്ടുള്ളത്. സർട്ടിഫിക്കറ്റ് പരിശോധനക്ക് പ്രത്യേക സെൽ രൂപീകരിക്കും.
ചത്തീസ്ഗഢിലെ കലിംഗ സർവകലാശാലയുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കി നിഖിൽ എംഎസ്എം കോളജിൽ എംകോം പ്രവേശനം നേടിയെന്നാണ് കേസ്. വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നിഖിലിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണ്ടെടുത്തിരുന്നു. ബികോം ഫസ്റ്റ് ക്ലാസില്‍ പാസായെന്ന വ്യാജ മാര്‍ക്ക് ലിസ്റ്റും കണ്ടെത്തിയിട്ടുണ്ട്.