തിരുവനന്തപുരം: കായംകുളം എം.എസ്.എം കോളേജിൽ ബികോം തോറ്റ എസ്.എഫ്.ഐ മുൻ നേതാവ് നിഖിൽ തോമസ് കലിംഗ യൂണിവേഴ്സിറ്റിയുടെ വ്യാജസർട്ടിഫിക്കറ്റുമായി എംകോം പ്രവേശനം നേടിയതിനെത്തുടർന്ന് വിദ്യാർത്ഥികളെ ഒന്നാകെ ശിക്ഷിച്ച് കേരള യൂണിവേഴ്സിറ്റി.
ഇക്കൊല്ലം ബിരുദാനന്തര ബിരുദ കോഴ്സുകളിൽ അന്യസംസ്ഥാന സർവകലാശാലകളിൽ നിന്ന് ബിരുദം നേടിയവർക്ക് നേരിട്ട് പ്രവേശനം നൽകില്ല. സർട്ടിഫിക്കറ്റുകൾ യഥാർത്ഥമാണെന്ന് ഉറപ്പാക്കും വരെ താത്കാലിക പ്രവേശനമേ അനുവദിക്കൂ. ഇതിന് 4മാസമെടുക്കും.
സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് 2000രൂപ ഫീസ് വിദ്യാർത്ഥികൾ അടയ്ക്കണം. സർട്ടിഫിക്കറ്റ് അതത് യൂണിവേഴ്സിറ്റികളിൽ അയച്ച് പരിശോധിക്കും. ഇതിന് 4മാസം സമയം വേണ്ടിവരും. സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ശേഷമേ സ്ഥിരം പ്രവേശനം നൽകൂ. അതുവരെ കുട്ടികളുടെ പ്രവേശനം ഉറപ്പാവില്ല. കോളേജുകൾ അന്യസംസ്ഥാന സർവകലാശാലകളുടെ സർട്ടിഫിക്കറ്റുകൾ യൂണിവേഴ്സിറ്റിക്ക് കൈമാറണമെന്ന് നിർദ്ദേശിക്കും.
അന്യസംസ്ഥാന യൂണിവേഴ്സിറ്റികളിൽ ഓൺലൈനിൽ സർട്ടിഫിക്കറ്റുകൾ അയച്ചുകൊടുത്ത് ശരിയാണോയെന്ന് ഉറപ്പാക്കേണ്ടതിന് പകരം സർട്ടിഫിക്കറ്റുകൾ നേരിട്ടയച്ച് സ്ഥിരീകരിക്കുന്നതാണ് കാലതാമസം സൃഷ്ടിക്കുന്നത്. അന്യസംസ്ഥാനങ്ങളിൽ ബിരുദ പഠനം നടത്തിയ നൂറുകണക്കിന് കുട്ടികളാണ് കേരള യൂണിവേഴ്സിറ്റിയിൽ പി.ജി പഠനത്തിന് ചേരുന്നത്. ഇവർക്കെല്ലാം താത്കാലിക പ്രവേശനം നൽകുന്നത് ഏറെ ആശയക്കുഴപ്പത്തിന് ഇടയാക്കും.
സംസ്ഥാനത്തെ യൂണിവേഴ്സിറ്റികളിൽ നിന്ന് ബിരുദം നേടിയവരുടെ സർട്ടിഫിക്കറ്രുകൾ രണ്ടാംഘട്ടമായി പരിശോധിക്കും. സർട്ടിഫിക്കറ്റുകളുടെ പരിശോധനയ്ക്ക് സർവകലാശാലയിൽ മൂന്നംഗ വേരിഫിക്കേഷൻ സെൽ രൂപീകരിക്കും. മറ്റ് യൂണിവേഴ്സിറ്റികളുമായി ബന്ധപ്പെട്ട് ഈ സെല്ലിന് ഓൺലൈനിൽ വേരിഫിക്കേഷൻ വേഗത്തിൽ നടത്താവുന്നതേയുള്ളൂവെന്ന് വിദ്യാഭ്യാസ രംഗത്തെ വിദഗ്ദ്ധർ പറയുന്നു.
കഴിഞ്ഞ വർഷം 12സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് സർവകലാശാല കണ്ടെത്തിയിട്ടുണ്ട്. ഇവർക്കെതിരേ പോലീസിൽ പരാതി നൽകി. ഇവർക്കെല്ലാമെതിരേ കേസെടുപ്പിച്ചിട്ടുമുണ്ട്. ചിലർ അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ട്. അന്യസംസ്ഥാനങ്ങളിലെ സ്വകാര്യ യൂണിവേഴ്സിറ്റികളുടെ പേരിലുള്ളതാണ് വ്യാജസർട്ടിഫിക്കറ്റുകളിലേറെയും.
മുൻ വർഷങ്ങളിലും വ്യാജസർട്ടിഫിക്കറ്രുകൾ പിടികൂടിയിട്ടുണ്ട്. ബിരുദ പ്രവേശനത്തിന് നൽകുന്ന പ്ലസ്ടു സർട്ടിഫിക്കറ്റുകളിൽ കാര്യമായ കൃത്രിമം ഉണ്ടാവാറില്ല. സി.ബി.എസ്.ഇ സർട്ടിഫിക്കറ്റ് വിവരങ്ങൾ ഡിജിലോക്കറിലുള്ളതിനാൽ തട്ടിപ്പ് പ്രയാസമാണ്.
മിക്ക യൂണിവേഴ്സിറ്റികളുടെയും സർട്ടിഫിക്കറ്റുകളിൽ സുരക്ഷയ്ക്കായി ഹോളോഗ്രാം പതിപ്പിക്കാറുണ്ട്. എന്നാൽ ഹോളോഗ്രാം വ്യാജമായുണ്ടാക്കി അവ പതിപ്പിച്ചാണ് വ്യാജ സർട്ടിഫിക്കറ്റുകളുണ്ടാക്കുന്നത്. കേരള യൂണിവേഴ്സിറ്റിയിൽ പിടികൂടിയ മിക്ക സർട്ടിഫിക്കറ്റുകളിലും വ്യാജഹോളോഗ്രാം പതിപ്പിച്ചിരുന്നു.
അതിനാൽ സർട്ടിഫിക്കറ്റുകളിൽ ഹോളോഗ്രാം പതിപ്പിക്കുന്നതുകൊണ്ടു മാത്രം തട്ടിപ്പ് തടയാനാവില്ല. അതുകൊണ്ട് സർട്ടിഫിക്കറ്റുകളുടെ വിവരങ്ങൾ കേന്ദ്രസർക്കാരിന്റെ ഡിജിലോക്കറിൽ അപ്‍ലോഡ് ചെയ്യാനാണ് കേരള യൂണിവേഴ്സിറ്റിയുടെ നീക്കം.