തിരുവനന്തപുരം: പച്ചക്കറിയുടെ തീവില കേട്ട് അന്തം വിട്ടിരിക്കുകയാണ് കേരളത്തിലെ സാധാരണക്കാരായ ജനങ്ങൾ. ചരിത്രത്തിലെ ഏറ്റവും വലിയ വിലക്കയറ്റമാണ് പച്ചക്കറിക്ക് ഇപ്പോഴുള്ളതെന്ന് വ്യാപാരികൾ പറയുന്നു. സാമ്പാറിനും ബജ്ജിക്കുമുള്ള തൊണ്ടൻ മുളകിന് കിലോയ്‌ക്ക് 400 രൂപയെന്ന ചരിത്രത്തിലെ ഏറ്റവും വലിയ വിലയാണിപ്പോൾ.
ഇഞ്ചിക്ക് വില ഇരട്ട സെഞ്ച്വറി കഴിഞ്ഞ് കുതിക്കുകയാണ്. തക്കാളിക്ക് ഓരോ ദിവസവും വില കുതിച്ചുയരുകയാണ്. ഒരുമാസത്തിനിടെ രണ്ടിരട്ടി വിലയാണ് കൂടിയത്. കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും വിപണിയിലെ തീവില കണ്ടില്ലെന്ന് നടിക്കാതെ കൈയുംകെട്ടി നിൽക്കുകയാണ് സർക്കാർ.
വില കുതിച്ചുയർന്നതോടെ സാധാരണക്കാരുടെ വയറ്റത്തടിക്കുകയാണ് പച്ചക്കറി വിപണി. ക്യാരറ്റ് തുടങ്ങിയ അവശ്യ പച്ചക്കറികൾക്ക് വില കുതിക്കുകയാണ്. 120 രൂപയാണ് കാരറ്റ് വില. ഒന്നര വർഷത്തിന് ശേഷമാണ് തക്കാളി വില നൂറ് കടക്കുന്നത്.
പച്ച മുളകിന് 120 രൂപ , ബീൻസിന് 120 ,വെളുത്തുള്ളി 160 എന്നിങ്ങനെയാണ് സെഞ്ച്വറി കടന്ന ഇനങ്ങൾ. മുൻപ് 50 രൂപയ്‌ക്ക് രണ്ടുദിവസത്തേക്കാവശ്യമുള്ള ഒരു കിറ്റ് പച്ചക്കറി ലഭിക്കുമായിരുന്നെകിൽ ഇപ്പോൾ നൂറു രൂപയ്‌ക്ക് പോലും കിറ്റ് നൽകാൻ കച്ചവടക്കാർ തയ്യാറല്ല.
ഓരോ ദിവസവും വ്യത്യസ്ത ഇനകളുടെ വില വൻതോതിൽ കുതിക്കുന്നതിനാലാണ് നൂറു രൂപയ്‌ക്ക് പോലും കിറ്റ് നൽകാൻ കഴിയാത്തതെന്ന് വ്യപാരികൾ പറയുന്നു.
താരതമ്യേന വിലകുറവുള്ളത് കാബേജിനും സവാളയ്ക്കുമാണ്.
പച്ചക്കറി വില കുതിച്ചുയരുമ്പോഴും കാര്യമായി ഇടപെടാൻ ഹോർട്ടികോർപ്പിന് കഴിയുന്നില്ല. പൊതുവിപണി വില കൂടുതലുള്ള ഇനങ്ങൾക്ക് ഹോർട്ടികോർപ്പിലും വലിയ വ്യത്യസമില്ല. വേനൽമഴ കിട്ടാതായതോടെ തമിഴ്‌നാട്, കർണ്ണാടക സംസ്ഥാനങ്ങളിലും കേരളത്തിലും കൃഷി വ്യാപകമായി നശിച്ചതാണ് നിലവിലെ വിലവർദ്ധനയ്ക്ക് കാരണമായത്.
ഉത്പാദനം കുറഞ്ഞതോടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് തമിഴ്‌നാട്ടിൽ നിന്നും സാധനങ്ങൾ കൂടുതലായി എത്തിച്ചുതുടങ്ങിയതും ക്ഷാമത്തിന് കാരണമാണ്. സ്‌കൂൾ തുറന്നതോടെ പച്ചക്കറിക്ക് ആവശ്യക്കാർ കൂടിയതും വിലവർദ്ധനവിന് കാരണമായിട്ടുണ്ട് .
മഴക്കാലമായതോടെ തമിഴ്‌നാട്ടിൽ വീണ്ടും കൃഷി നാശം ഉണ്ടായി. അതിനാൽ വരും മാസങ്ങളിൽ ഉത്പാദനം കുറയുകയും വിലക്കയറ്റം രൂക്ഷമാകാനുമാണ് സാദ്ധ്യത . ഒന്നര മാസം കൂടി കഴിഞ്ഞാൽ കല്യാണ സീസൺ ആരംഭിക്കുന്നതോടെ പച്ചക്കറി ഉൽപ്പങ്ങൾക്ക് വില നിയന്ത്രണാതീതമാകുമെന്നാണ് വിലയിരുത്തൽ.
കോഴിയിറച്ചിക്ക് വില വില കൂടുതലാണെങ്കിലും ഒരാഴ്ച മുമ്പുള്ളതിനേക്കാൾ ചെറിയ കുറവ് ഉണ്ടായത് ആശ്വാസമാണ്.
ലൈവ് കോഴി കിലോക്ക് 170 രൂപ വരെയായിരുന്നു വില . അതിപ്പോൾ 150 വരെയായി കുറഞ്ഞിട്ടുണ്ട്. തമിഴ്‍നാട്ടിൽ നിന്നും കൂടുതലായി ലോഡ് എത്തിത്തുടങ്ങിയതോടെയാണ് വിലയിൽ കുറവുണ്ടായത്. ട്രോളിംഗ് നിരോധനം കാരണം മീനിനും തീവിലയാണ്. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന മീനിൽ വലിയ പങ്കും പഴകിയതും വിഷം ചേർന്നതുമാണ്. തമിഴ്നാട്, ആന്ധ്ര, കർണാടക, ഗോവ, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നെല്ലാം മീനെത്തുന്നുണ്ട്.