ഒരു വി.ഐ.പിക്ക് ഗാർഡ് ഓഫ് ഓണർ നൽകാൻ പോലും രാജ്യത്തെ നമ്പർ വൺ എന്ന് അഭിമാനിക്കുന്ന കേരളാ പോലീസിന് അറിയില്ലേ. പുതിയ ഡി.ജി.പിക്ക് നൽകിയ ഗാർഡ് ഓഫ് ഓണറിൽ ഗുരുതര പിഴവ്. അറ്റൻഷനായി നിന്ന പൊലീസുകാർക്ക് വീണ്ടും അറ്റൻഷനാവാൻ കമാൻഡ്. ചിലർ അറ്റൻഷനിൽ, ചിലർ തോക്കുയർത്തി. പരേഡ് പാളിയെങ്കിലും ഡിജിപി സല്യൂട്ടടിച്ചു. പോലീസിന് നല്ല പരിശീലനത്തിന്റെ അഭാവം

New Update

publive-image

Advertisment

തിരുവനന്തപുരം: രാജ്യത്തെ നമ്പർ വൺ എന്ന് അഭിമാനിക്കുന്ന കേരളാ പോലീസിന് ഒരു വി.ഐ.പിക്ക് ഗാർഡ് ഓഫ് ഓണർ നൽകാൻ പോലും അറിയില്ലേ. ഇല്ലെന്നാണ് ഇപ്പോഴത്തെ സംഭവങ്ങൾ തെളിയിക്കുന്നത്. പുതിയ ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബ് ചുമതലയേൽക്കാനെത്തിയപ്പോൾ നൽകിയ ഗാർഡ് ഓഫ് ഓണറിലാണ് അതീവഗുരുതര പിഴവുണ്ടായത്.

അറ്റൻഷനായി നിന്ന പൊലീസുകാർക്ക് വീണ്ടും അറ്റൻഷനാവാൻ കമാൻഡ് ലഭിച്ചതോടെ പരേഡ് അപ്പാടെ പാളി. ഡി.ജി.പിമാരായ എസ്.ആനന്ദകൃഷ്ണനും ബി.സന്ധ്യയും നൽകിയ വിരമിക്കൽ പരേഡിലും സമാനമായ പിഴവുണ്ടായിരുന്നു. തുടർച്ചയായ പരിശീലനത്തിന്റെ അഭാവമാണ് പോലീസിന് പരേഡ് നൽകാൻ പോലും അറിയാത്ത സ്ഥിതിയിൽ എത്തിച്ചതെന്നാണ് മുതിർന്ന ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്.

പൊലീസ് മേധാവിയായി ചുമതലയേറ്റെടുക്കാനെത്തിയപ്പോൾ ഷെയ്ക്ക് ദർവേഷ് സാഹിബിന് പൊലീസ് സേന നൽകിയ ഗാർഡ് ഓഫ് ഓണറിലാണ് പിഴവുണ്ടായത്. കമാൻഡ് നൽകിയ ഉദ്യോഗസ്ഥന് വന്ന പിഴവാണ് സല്യൂട്ട് തെറ്റാനിടയാക്കിയത്. പരേഡിൽ പിഴവുണ്ടായെങ്കിലും സല്യൂട്ട് സ്വീകരിച്ച പൊലീസ് മേധാവി സല്യൂട്ട് മടക്കി.

വെള്ളായാഴ്ച വൈകിട്ട് പൊലീസ് ആസ്ഥാനത്തു നടന്ന ഗാർഡ് ഓഫ് ഓണർ ചടങ്ങിന്റെ ആദ്യ ഘട്ടം മുൻകൂട്ടി നിശ്ചയിച്ചതു പോലെയായിരുന്നു. പിന്നീട് ഗാർഡ് ഓഫ് ഓണർ പരിശോധിച്ച് മടങ്ങിയെത്തി സേനാംഗങ്ങൾക്ക് അഭിമുഖമായി നിന്ന പൊലീസ് മേധാവിക്ക് സല്യൂട്ട് നൽകുന്നതിനുളള കമാൻഡാണ് തെറ്റിപ്പോയത്.

സല്യൂട്ടിന് പകരം അറ്റൻഷൻ പൊസിഷനിൽ നിന്ന അംഗങ്ങളോട് കമാൻഡ് നൽകിയ ഉദ്യോഗസ്ഥൻ വീണ്ടും അറ്റൻഷനിൽ നിൽക്കാൻ ആവശ്യപ്പെട്ടതോടെ പരേഡിൽ പങ്കേടുത്ത ഉദ്യോഗസ്ഥർക്ക് സംശയമായി. പോലീസുകാരിൽ ചിലർ അറ്റൻഷനിൽ തന്നെ തുടർന്നപ്പോൾ മറ്റുചിലർ സല്യൂട്ട് നൽകുന്നതിന്റെ ഭാഗമായി തോക്ക് ഉയർത്തുകയും ചെയ്തു.

എന്നാൽ ഇതു വകവയ്ക്കാതെ പോലീസ് മേധാവി തിരികെ സല്യൂട്ട് നൽകിയ ശേഷം ചുമതലയേറ്റെടുക്കാനായി ഓഫീസേക്ക് പോയി. പരേഡിൽ പിഴവുണ്ടായതിന് ഉത്തരവാദികളായവർക്കെതിരെ നടപടി വേണമെന്ന് പോലീസ് ഉദ്യോഗസ്ഥരുടെ സാമൂഹ്യ മാധ്യമ ഗ്രൂപ്പുകളിൽ ആവശ്യമുയരുന്നുണ്ട്.

മെയ് മാസത്തിൽ ഡി.ജി.പിമാരായ ആനന്ദകൃഷ്ണൻ, ഡോ ബി. സന്ധ്യ എന്നിവർക്ക് നൽകിയ യാത്രയയപ്പിലും സമാനമായ വീഴ്ചകൾ ഉണ്ടായിരുന്നു. യാത്രഅയപ്പ് പരേഡിൽ വീഴ്ച വരുത്തിയ 35 വനിതാ ബറ്റാലിയൻ അംഗങ്ങളെ ഒരാഴ്ചത്തെ പരിശീലനത്തിന് അയയ്ക്കാൻ ഡിജിപി നിർദ്ദേശിച്ചെങ്കിലും അത് നടപ്പായില്ലെന്നാണ് അറിയുന്നത്.

പരേഡിനിടെ വിവിധ പ്ലാറ്റൂണുകൾ വെടിയുതിർക്കുന്ന ചടങ്ങിൽ വനിതാ ഉദ്യോഗസ്ഥരുടെ തോക്കിൽ നിന്ന് വെടി പൊട്ടാതിരുന്നതാണ് പ്രശ്നമായത്. ആദ്യത്തെ പരേഡ് എസ്.ആനന്ദകൃഷ്ണനുള്ളതായിരുന്നു. ചടങ്ങു നടക്കുന്നതിനിടെ വെടിയുതിർക്കേണ്ട അവസരമെത്തിയപ്പോൾ വനിതാ ബറ്റാലിയനിൽ നിന്നുള്ള അഞ്ച് ഉദ്യോഗസ്ഥരുടെ തോക്കിൽ നിന്ന് വെടി പൊട്ടിയില്ല.

പിന്നീട് ബി.സന്ധ്യക്ക് യാത്രയയപ്പ് നൽകിയപ്പോഴുള്ള പരേഡിലും മുപ്പതംഗ വനിതാ പ്ലാറ്റൂണിന്റെ വെടിയുതിർക്കലിൽ പ്രശ്നമുണ്ടായി. ചിലരുടെ തോക്കുകളിൽ നിന്ന് വെടി പൊട്ടിയില്ല. മറ്റുള്ളവരുടേത് ഒരുമിച്ചായിരുന്നില്ല.

Advertisment