തിരുവനന്തപുരം: പുതിയ പോലീസ് മേധാവി ഷേഖ് ദർവേഷ് സാഹിബ് 33വർഷത്തെ സർവീസിൽ ക്ലീൻ ഉദ്യോഗസ്ഥൻ എന്ന് പേരുകേട്ടയാളാണ്. ഈ പ്രതിച്ഛായ കാരണമാണ് അദ്ദേഹത്തെ സർക്കാർ ഡി.ജി.പിയാക്കിയത്.
എന്നാൽ തന്റെ മുൻഗാമികളായ മറുനാടൻ ഉദ്യോഗസ്ഥരെപ്പോലെ ദർവേഷ് സർക്കാരിന് വഴങ്ങില്ലെന്ന സൂചനയാണ് അദ്ദേഹം നൽകുന്നത്. ഭരണകക്ഷിയിലെ നേതാക്കളുടെ പരാതിയിൽ പ്രതിപക്ഷത്തെ നേതാക്കൾക്കെതിരേ തുടരെത്തുടരെ കേസെടുക്കുന്നത് മാദ്ധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ഡിജിപി നയം വ്യക്തമാക്കിയത്.
പരാതികൾ അന്വേഷിക്കുന്നതിലും കേസെടുക്കുന്നതിലും പൊലീസിന് ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലെന്ന് ഡിജിപി ഷേഖ് ദർവേഷ് സാഹിബ് തുറന്നടിച്ചു. അടുത്തിടെ എടുത്ത 3 കേസ് നടപടികളുടെ വിവരങ്ങളും അദ്ദേഹം വെളിപ്പെടുത്തി.
കൈതോലപ്പായയിൽ സി.പി.എമ്മിന്റെ ഉന്നത നേതാവ് പണം കടത്തിയെന്ന ബെന്നി ബെഹനാൻ എം.പിയുടെ പരാതിയിലും കെ.സുധാകരൻ എം.പിയെ പോക്സോ കേസിൽ കുടുക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ശ്രമിച്ചെന്ന കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണന്റെ പരാതിയിലും പ്രാഥമിക അന്വേഷണം തുടങ്ങിയതായി ഡിജിപി വെളിപ്പെടുത്തി.
പുരാവസ്തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കൽ പ്രതിയായ പോക്സോ കേസിൽ തന്നെ കുടുക്കാൻ ഡിവൈ.എസ്.പി റസ്തം ഗൂഢാലോചന നടത്തിയെന്ന കെ.സുധാകരന്റെ പരാതിയിലും അന്വേഷണം തുടങ്ങി. മോൻസണിനെ ഭീഷണിപ്പെടുത്തി ഡിവൈ.എസ്.പി തന്റെ പേരു പറയിക്കാൻ ശ്രമിച്ചെന്നാണ് സുധാകരന്റെ പരാതി.
കൈതോലപ്പായയിൽ പണം കടത്തിയെന്ന വെളിപ്പെടുത്തലിനെ കുറിച്ച് അന്വേഷിക്കണമെന്ന ബെന്നി ബഹനാൻ എം.പിയുടെ പരാതിയിൽ ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്ററുമായിരുന്ന ജി. ശക്തിധരൻ ചൊവ്വാഴ്ച കന്റോൺമെന്റ് പൊലീസിൽ ഹാജരായി മൊഴി നൽകാൻ പൊലീസ് ആവശ്യപ്പെട്ടു. പ്രാഥമിക അന്വേഷണത്തിന് തിരുവനന്തപുരം ഡെപ്യൂട്ടി കമ്മിഷണർ വി.അജിത്തിനാണ് ചുമതല. പ്രാഥമിക അന്വേഷണത്തിന് ശേഷമായിരിക്കും കേസെടുക്കണോയെന്ന് തീരുമാനിക്കുക.
സി.പി.എം ഉന്നത നേതാവ് രണ്ടു കോടിയിലേറെ രൂപ കൈതോലപ്പായയിൽ കെട്ടി കാറിൽ കടത്തിയെന്നും വ്യവസായിയിൽ നിന്ന് 10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നും മാദ്ധ്യമപ്രവർത്തകനും ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്ററുമായിരുന്ന ജി. ശക്തിധരൻ ഫേസ്ബുക്കിൽ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് ബെന്നി ബഹ്നാൻ പൊലീസ് മേധാവിക്ക് പരാതി നൽകിയത്.
മോൻസൺ മാവുങ്കൽ പ്രതിയായ പോക്സോ കേസിൽ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന് ബന്ധമുണ്ടെന്ന തരത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നടത്തിയ പരാമർശമാണ് ടി.യു രാധാകൃഷ്ണന്റെ പരാതിക്ക് അടിസ്ഥാനം. 3പരാതികളിലും പ്രാഥമിക അന്വേഷണം തുടങ്ങിയതായി ഡി.ജി.പി ദർവേഷ് സാഹിബ് വ്യക്തമാക്കി.
മോൻസൺ മാവുങ്കലിനെ പോസ്‌കോ കോടതി ശിക്ഷിച്ച ജൂൺ 17നാണ് തനിക്കെതിരായ ഗൂഢാലോചന നടന്നതെന്നാണ് കെ.സുധാകരൻ ഡിജിപിക്ക് നൽകിയ പരാതി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി റസ്റ്റം അദ്ദേഹത്തിന്റെ വാഹനത്തിലാണ് മോൺസൺ മാവുങ്കലിനെ കൊണ്ടുപോയത്.
മാധ്യമപ്രവർത്തകരുടെ സാന്നിധ്യം ഉള്ളതിനാലാണ് തന്റെ വണ്ടിയിൽ കൊണ്ടുപോകുന്നത് എന്നാണ് റസ്റ്റം ജയിൽ എസ്‌കോർട്ട് പോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. യാത്രാമധ്യേ ഡിവൈഎസ്പി അദ്ദേഹത്തിന്റെ ഓഫീസിൽ മോൺസണ് കഴിക്കാനുള്ള ഭക്ഷണം ഒരുക്കിയിട്ടുണ്ടെന്ന് അറിയിച്ചു.
എന്നാൽ വണ്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ അതു നിരസിക്കുകയും ഹോട്ടലിൽനിന്നും കഴിക്കാനുള്ള പണം ജയിലിൽനിന്ന് നൽകിയതായി ഡിവൈഎസ്പിയെ അറിയിക്കുകയും ചെയ്തു. എന്നാൽ ഡിവൈഎസ്പി മാധ്യമപ്രവർത്തകരുടെ കാര്യം ഓർമ്മിപ്പിച്ച് വീണ്ടും നിർബന്ധിച്ചതായും മോൺസൺ പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.
അതു നടക്കാതെ വന്നപ്പോൾ കളമേശേരി ക്രൈംബ്രാഞ്ച് ഓഫീസിന് സമീപത്തുള്ള പെട്രോൾ പമ്പിലെ ഒഴിഞ്ഞ സ്ഥലത്ത് വണ്ടി നിറുത്തി പുറത്തിറങ്ങിയ ഡിവൈഎസ്പി ആരോടോ ഫോണിൽ സംസാരിച്ച ശേഷം തിരികെ വന്ന് തനിക്കെതിരെ രണ്ട് മൊഴികൾ എഴുതിനൽകണമെന്ന് ഭീക്ഷണിപ്പെടുത്തി.
മോൺസൺ പെൺകുട്ടിയെ പീഡിപ്പിച്ച സമയത്ത് താൻ അവിടെ ഉണ്ടായിരുന്നതായും അനൂപ് 25 ലക്ഷം രൂപ മോൺസണ് നൽകിയത് താൻ പറഞ്ഞിട്ടാണെന്നും മൊഴി നൽകണമെന്നും ആവശ്യപ്പെട്ടു. അതിന് വിസമ്മതിച്ച മോൺസണെയും അയാളുടെ കുടുംബത്തേയും അധിക്ഷേപിക്കുകയും മറ്റൊരു കേസുണ്ടാക്കി കസ്റ്റഡിയിൽ വാങ്ങി പ്രതികാരം തീർക്കുമെന്ന് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനെല്ലാം എക്‌സ്‌കോർട്ട് വന്ന പോലീസ് ഉദ്യോഗസ്ഥർ സാക്ഷികളാണ്- സുധാകരന്റെ പരാതിയിൽ പറയുന്നു.